Showing posts with label Ramayan. Show all posts
Showing posts with label Ramayan. Show all posts

Saturday, February 6, 2016

കിംക്ഷണന്മാർക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ.. (12.4.2015)

കിംക്ഷണന്മാർക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ..
'കിം ക്ഷണം എന്ന് കരുതുന്നവർ' അതായത് സമയത്തിന് വില കൽപ്പിക്കാത്തവർ; സമയം വേണ്ടതുപോലെ പ്രയോജനപ്പെടുത്താത്തവർ. അവർക്കെങ്ങിനെയാണ് വിദ്യയുണ്ടാവുക?
കിങ്കണന്മാരായുളേളാർക്കർത്ഥമുണ്ടായ്‌വരാ..
'കിം കണം' ഒരു കഷണത്തിനുപോലും 'വില' കൊടുക്കാത്തവർക്ക് അർത്ഥം (പണം) ഉണ്ടാവുകയില്ല.
'കിം ഋണം' നാം ജനിക്കുമ്പോൾ തന്നെ മൂന്നു തരം കടവും കൊണ്ടാണ് വരുന്നത്. (ദേവഋണം, പിതൃ ഋണം, ഋഷി ഋണം). വിവാഹം കഴിക്കുന്നതോടെ 'കടമ'യും വന്നുകൂടുന്നു. ഇതിനൊന്നും വിലകൊടുക്കാത്തവർക്ക് എങ്ങിനെ നിത്യസൌഖ്യം ഉണ്ടാവാൻ?
'കിം ദേവൻ' ഈശ്വരകാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവർ, അവർക്ക് എങ്ങിനെ മോക്ഷം കിട്ടും? വീണ്ടും വീണ്ടും ജനനമരണ ചക്രങ്ങളിൽ കിടന്നുഴറിക്കൊണ്ടിരിക്കുന്നു. (from Adhyatma Ramayanam)

പതിവ്രതയാം ധർമ്മപത്നി (12.4.2015)

"നാഥ! പതിവ്രതയാം ധർമ്മപത്നി ഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ!"
അങ്ങയിൽ പൂർണ്ണമായി ആത്മസമർപ്പണം നടത്തിയിരിക്കുന്ന എനിക്ക്, ഈ പ്രപഞ്ചത്തിനു മുഴുവനും ആധാരമായിരിക്കുന്ന അങ്ങല്ലാതെ  മറ്റൊരു ആധാരമോ ആശ്രയമോ ഇല്ല. 

"പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ"
അങ്ങയുടെ പാദപങ്കജങ്ങളെ സേവിക്കുവാനുള്ള, ശുശ്രൂഷിക്കുവാനുള്ള പുണ്യം ലഭിച്ചിരിക്കുന്ന എനിക്ക്  പതിവ്രതാധർമ്മം നിഷേധിക്കരുതേ.... ("അങ്ങക്ക് എന്തൊക്കെ സേവ ചെയ്തു തരണം അതിലാണ് എന്റെ സന്തോഷം" ഉണ്ടാവുന്നത്, എന്റെ സന്തോഷത്തിനായി അങ്ങേക്ക് ഒന്നും തന്നെ തേടേണ്ടതായി ഉണ്ടാവില്ല എന്നർത്ഥം കൂടി വരുന്നു.)

"നിന്നുടെ സന്നിധൌ സന്തതം വാണീടു-
മെന്നെ മറ്റാർക്കാനും പീഡിച്ചു കൂടുമോ?"
അങ്ങയുടെ സമീപത്ത് സദാ വാഴുന്ന എന്നെ അങ്ങയുടെ സംരക്ഷണകവചത്തിനുള്ളിൽ സുരക്ഷിതയായിരിക്കുന്ന എന്നെ ആർക്കാണ് പീഡിപ്പിക്കുവാൻ ആവുക? (ഭഗവാനിൽ ഉള്ള തന്റെ പരിപൂർണ്ണ ശ്രദ്ധാവിശ്വാസം ഉള്ളത് സൂചിപ്പിക്കുന്നു).

"വല്ലതും മൂലഫലജലാഹാരങ്ങൾ
വല്ലഭോച്ഷ്ടമെനിക്കമൃതോപമം"
ഭക്ഷണമാണെങ്കിൽ, അങ്ങ് എന്ത് കഴിക്കുന്നുവോ കാട്ടുകിഴങ്ങുകളോ, കായ്കനികളോ, ജലമോ എന്തു തന്നെയായാലും ശരി അങ്ങ് കഴിച്ചതിന്റെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതെനിക്ക് അമൃതം പോലെയായിരിക്കും.

"ഭർത്താവു തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂർത്തുമൂർത്തുള്ളകല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭർത്താവേ!"
ഭർത്താവിന്റെ കൂടെ നടക്കുമ്പോൾ കാട്ടിലെ എത്ര കൂർത്തുമൂർത്തുള്ളകല്ലും മുള്ളും പുഷ്പസമാനമാണ്. ഖോരമായ കാട്ടിലൂടെ എത്ര വർഷങ്ങൾ നടന്നാലും ഒട്ടും ഭയവുമെനിയ്ക്കില്ല,  യാതൊരു ബുദ്ധിമുട്ടും ഞാൻ കാരണം അങ്ങേക്ക് ഉണ്ടാവുകയില്ല, എന്നെ ഇവിടെ വിട്ടിട്ടു  പോകല്ലേ ദേവാ.
(ഞാൻ കാരണം ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല, ദുഷ്ടന്മാരായ രാക്ഷസരോ മൃഗങ്ങളോ ഉപദ്രവിക്കും എന്ന ഭയം എനിക്കില്ല, സംരക്ഷകനായ അങ്ങയിൽ പൂർണ്ണ വിശ്വാസമുള്ളതിനാൽ; പ്രത്യേകമായ ഇഷ്ട ഭക്ഷണങ്ങൾ തേടേണ്ടതായി വരികയില്ല; എന്റെ സന്തോഷത്തിനായി അങ്ങേക്ക് ഒന്നും തന്നെ പ്രവർത്തിക്കേണ്ടതായി വരില്ല, കാരണം അങ്ങയെ സേവിക്കുക അങ്ങയുടെ സുഖം സന്തോഷം എന്നതിൽ കവിഞ്ഞ് എനിക്ക് മറ്റൊന്നും തന്നെ സന്തോഷദായകമായിട്ട്  ഉണ്ടാവില്ല).

വിശ്വേശ്വരവിവാഹോത്സവാരംഭം (9.1.2016)

വിശ്വാമിത്രമഹർഷിയുടെ ആഗമനവിവരം അറിഞ്ഞയുടനെ ജനകമഹാരാജാവ് പരിവാരങ്ങളുമായി നിറഞ്ഞ മനസ്സോടെ ഭക്ത്യാദരവോടുകൂടി പൂജാദ്രവ്യങ്ങളുമായി വന്ന് പൂജിച്ചു. നരനാരയണന്മാരുടെ അവതാരമൂർത്തികളാണോ മുന്നിൽ നിൽക്കുന്നത്, സൂര്യചന്ദ്രന്മാരെന്നപോലെ പ്രഭ ചൊരിയുന്ന ഈ കുമാരന്മാർ ആരാണ് എന്ന് ജനകമഹാരാജാവ് വിശ്വാമിത്രമഹർഷിയോട് ചോദിച്ചു. പരമഭക്തനായ ഈ യോഗിക്ക്, ഭഗവാനെ തിരിച്ചറിയുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നറിയാമെങ്കിലും വിശ്വാമിത്ര മുനി വിചാരിച്ചുകാണും, ധനുർയജ്ഞത്തിനായി മിഥിലാരാജ്യത്തേക്ക് കൊണ്ടുപോകുന്ന രാമലക്ഷ്മണന്മാരുടെ യഥാർത്ഥ സ്വരൂപം ഇപ്പോൾ തന്നെ അറിയിച്ചാൽ ശരിയാവില്ല എന്ന്. അതുകൊണ്ട് പറഞ്ഞു, "മഹാരാജാവേ, എന്റെ വാക്കുകൾ വിശ്വസിച്ചാലും..." ദേവന്മാരെ അ സുരന്മാരോട് യുദ്ധം ചെയ്യുന്നതിൽ സഹായിക്കുവാൻ പോലും കഴിവുള്ളതായിട്ടുള്ള വീരനായ ദശരഥമഹാരാജാവിന്റെ പുത്രന്മാരാണ് ഇവർ രണ്ടുപേരും. ശ്രീരാമൻ ജ്യേഷ്‌ഠനും അനുജൻ ലക്ഷ്‌മണൻ മൂന്നാമത്തെ പുത്രനും. ലോകക്ഷേമത്തിനായിക്കൊണ്ട് പിതൃക്കൾക്ക് വേണ്ടി ഞാൻ നടത്തിക്കൊണ്ടിരുന്ന യാഗം സംരക്ഷിക്കുവാനായി ഞാൻതന്നെ ചെന്നു കൂട്ടിക്കൊണ്ടുപോന്നതാണ്. കണ്ടാൽ കുട്ടികളാണെങ്കിലും ഇവർ നിസ്സാരക്കാരല്ല കേട്ടോ, കാടുമുഴുവനും വിറപ്പിച്ചിരുന്ന താടക എന്ന രാക്ഷസിയെപ്പേടിച്ച് ആ വഴിയേതന്നെ ആരും നടന്നിരുന്നില്ല, ആ ഭയങ്കരിയായ രാക്ഷസിയെ ഒരേയൊരു ബാണം കൊണ്ടുതന്നെ എയ്‌തു കൊന്നു. അതോടെ ഞങ്ങളുടെ ഭയവും മാറി, യാഗം സുഗമമായി അനുഷ്ഠിയ്ക്കുവാനും സാധിച്ചു. അതുമാത്രമല്ല, ഗൗതമമഹർഷിയുടെ പത്നി അഹല്യ, മുനിശാപത്താൽ അചേതനമായ കല്ലുപോലെ വിജനമായ ആശ്രമപരിസരത്ത് ഉണ്ടായിരുന്നു. അതിലേ നടന്നുവന്ന ശ്രീരാമന്റെ പാദങ്ങളിലെ പൊടിവീണതിനാൽ പരിശുദ്ധയായി വീണ്ടും ഗൗതമ മഹർഷിയുടെ അടുത്തേക്ക് സേവനാതൽപ്പരയായി തിരിച്ചുപോകുവാൻ സാധിച്ചു. (മുനിമാരുടെ ശാപം അനുഗ്രഹം തന്നെയാണ്. ആ മഹാത്മാക്കൾ കോപത്തെ മറികടന്നവരാണെങ്കിലും എന്തിനു കോപം വന്നു ശപിക്കുന്നുവെന്നാണെങ്കിൽ അത് അവരുടെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്. കോപം അഭിനയിച്ചുകൊണ്ട് ശപിച്ചാലും ഉടനെ ഹൃദയം ആർദ്രമായി ശാപമോക്ഷവും അരുളും. കാരണം അവർക്കറിയാം ഋഷിമുനിമാരുടെ ശാപത്താൽ നരകത്തിൽ പോകും പക്ഷെ ഭഗവാന്റെ കൈകളാൽ വധിക്കപ്പെട്ടാൽ പോലും അവർക്ക് മോക്ഷമാണ് ലഭിക്കുന്നത് എന്ന്. അതിനാൽ എത്ര വലിയ തെറ്റുചെയ്യുന്നവരേയും അവർ ഭഗവാന്റെ അടുത്ത് എത്തിക്കും. 'താടകയ്ക്കു ഭഗവാന്റെ അടുത്ത് വിദ്വേഷത്തോടെ അടുക്കേണ്ടി വന്നു' എങ്കിലും ഭഗവാന്റെ കാരുണ്യത്തോടെ രാമബാണത്താൽ മോക്ഷം കിട്ടി. ജലപാനം പോലുമില്ലാതെ, യാതൊരു ജീവിയുടേയും സഹവാസം പോലും ഇല്ലാതെ, ഏകാന്തഭക്തിയോടെ സദാ രാമനാമ ജപത്തിൽ നിമഗ്നയായിരുന്ന അഹല്യയുടെ പുണ്യസഞ്ചയത്താൽ ഭഗവാൻ അഹല്യയുടെ അടുത്തേക്ക് വരേണ്ടിവന്നു. സ്വന്തം പതിയായ ഗൗതമമുനിയുടെ ശാപം അനുഗ്രഹമായിക്കരുതി അഹല്യ. സാഹചര്യങ്ങളെ പഴിച്ചില്ല, സ്വയം പഴിച്ചില്ല, കിട്ടിയ സന്ദർഭം വേണ്ടപോലെ ഉപയോഗിച്ചു. ഭഗവാൻ തന്ന നാവും മനസ്സും ഇന്ദ്രിയങ്ങളും ഉള്ളിലേക്കാക്കിക്കൊണ്ട് ഭഗവൽ നാമജപം തുടർന്നു . ഭക്തപരാധീനനായ ഭഗവാന് പിന്നെ വരാതിരിക്കുവാൻ ആകുമോ?)
സാക്ഷാൽ ശ്രീ പരമേശ്വരന്റെ ചാപം സാധാരണ ഒരു വില്ല് അല്ല. ഭഗവാന്റെ ആയുധങ്ങൾ എല്ലാം ചൈതന്യവത്താണ്. സാധാരണക്കാരായ നമ്മുടെ വീട്ടിലുള്ള അചേതന ആയുധങ്ങളെപ്പോലെ നിസ്സാരമയിട്ടുള്ളതല്ല.
മാഹേശ്വരമായ ചാപം കാണുവാൻ ഉള്ളിൽ വളരെ ആഗ്രഹമുണ്ട് അതുകൊണ്ട് അത് കാണിച്ചു തരണമെന്ന് വിശ്വാമിത്രമഹർഷി ജനകമഹാരാജാവിനോട് പറഞ്ഞു. സാക്ഷാൽ ഭഗവാൻ തന്നെ അവതരിച്ചിരിയ്ക്കുന്നതാണ് ശ്രീരാമദേവനായി എന്ന് വിശ്വാമിത്രമഹർഷി അറിയിച്ചില്ലയെങ്കിലും "എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ" എന്ന് കൂട്ടിച്ചേർത്തു. ഭഗവൽ സങ്കല്പംകൊണ്ട് ഭഗവാന്റെ സ്വരൂപം മഹാരാജാവിനു മനസ്സിലായതില്ല എങ്കിലും യഥാവിധി പൂജിച്ചശേഷം സൽക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്കണ്ടിട്ട് "ചിത്തത്തിൽ വളരെയധികം പ്രീതിയുണ്ടായി" ജനകമഹാരാജാവിന്. (പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തത് അഹം ഭക്ത്യുപഹൃദം അശ്നാമി പ്രയതാത്മന: ) എന്ന് ശ്രീമദ്‌ ഭഗവദ് ഗീത അദ്ധ്യായം 9 ശ്ലോകം 26-ൽ പറയുന്നുണ്ടല്ലോ. ചെയ്യേണ്ടത് ചെയ്തുകഴിയുമ്പോൾ ചിത്തം തെളിയും, കൃതാർത്ഥത തോന്നും, മന:പ്രസാദമുണ്ടാകും. ഭഗവാനാണ് എന്നറിയാതെയാണ് ഭക്തിപൂർവ്വം പൂജിച്ചതെങ്കിലും ഭഗവാൻ മനസ്സാ സ്വീകരിച്ചിരിക്കുന്നു.
അതിനുശേഷം ജനകമഹാരാജാവ് മുഖ്യമന്ത്രിയോട് ഉടനെ കൊട്ടാരത്തിൽ ചെന്ന് പാരമേശ്വരചാപം രാജസഭയിലേക്ക് ആനയിക്കുവാൻ ഉത്തരവിട്ടു. എന്നിട്ട് ജനകമഹാരാജാവ് വിശ്വാമിത്രമുനിയോട് പറഞ്ഞു "രാജകുമാരനായ ഈ ബാലകൻ രഘുവംശത്തിലെ ശ്രേഷ്ഠൻ, താമരക്കണ്ണൻ, സുന്ദരൻ, ദശരഥപുത്രൻ, ഈ ചാപം കുലച്ചുവലിച്ചു മുറിച്ചീടുമെങ്കിൽ തീർച്ചയായും എന്റെ മകൾക്ക് വല്ലഭാനാകുന്നതായിരിക്കും. അനേകം കിങ്കരന്മാർ ഹുങ്കാരത്തോടുകൂടി എടുത്തു കൊണ്ടുവന്നു ത്രൈയംബകം. . പട്ടുവസ്ത്രം കൊണ്ടും അനേകം മണികൾകൊണ്ടും അലങ്കരിച്ച മൃത്യുശാസനചാപം. ശ്രീ പരമേശ്വരൻ സദാരാമജപത്തിൽ മുഴുകിക്കഴിയുന്ന ഭഗവാനാണ്. ആ രാമഭക്തന്റെ പള്ളിവിൽ കണ്ടു ശ്രീ രാമചന്ദ്രഭഗവാൻ ബഹുമാനപുരസ്സരം വന്ദിച്ചു. സാക്ഷാൽ പരബ്രഹ്മം ഭൂമിയിൽ അവതാരം ചെയ്തതാണെങ്കിലും മാനുഷരൂപത്തിൽ ഇരിക്കുമ്പോൾ മനുഷ്യനെപ്പോലെ പ്രവർത്തിയ്ക്കുമല്ലോ. "വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ? ചൊല്ലൂ.." എന്നു് ഗുരുവിന്റെ അനുവാദത്തിനായി ഭഗവാൻ ശ്രീ രാമചന്ദ്രൻ ഒന്ന് തൃക്കണ്‍ പാർത്തു. "മടിക്കേണ്ട, എല്ലാമാകുന്നതു ചെയ്താലും ഇതുകൊണ്ട് മംഗളം ഭവിക്കുമല്ലോ" എന്ന് ഗുരു അനുഗ്രഹിക്കുന്നതുകേട്ട് രഘുവംശതിലകൻ പതുക്കെപ്പോയിച്ചെന്നുനിന്നു ഭവചാപത്തെ വീക്ഷിച്ചു. ജ്വലിച്ച തേജസ്സോടെ വേഗം എടുത്തു കുലച്ചു വലിച്ചുമുറിച്ചുടനെ ഈരേഴു ലോകങ്ങളുംമുഴങ്ങി. ('ഭവ'മെന്നാൽ സംസാരം എന്നും അർത്ഥം വരുന്നുണ്ട്; ശിവനെന്നും അർത്ഥം 'ഭവ' ശബ്ദത്തിനുണ്ട്.) ദേവവൃന്ദം ആകാശത്തിൽ നിന്ന് പാട്ടും ആനന്ദനൃത്തവും കൂട്ടവാദ്യങ്ങളും മംഗലസ്തുതികളും പുഷ്പവൃഷ്ടികളും നടത്തി, ദേവന്മാരൊക്കെ പരമാനന്ദം പൂണ്ട് ദേവദേവനെ പൂജിക്കുകയും അപ്സരസ്ത്രീകളെല്ലാം ഉത്സാഹത്തോടെ വിശ്വേശ്വരനുടെ വിവാഹോത്സവം ആരംഭിക്കുന്നതിന്റെ ആഘോഷം കണ്ടു കൗതുകം പൂണ്ടു ജനങ്ങളെല്ലാം. ജഗത്‌സ്വാമിയാകിയ ഭഗവാനെ ജഗത്‌സ്വാമിയാകിയ ഭഗവാനെ സദസ്സിന്റെ മുൻപിൽ വച്ച് ഗാഢമായി ആശ്ലേഷവും ചെയ്തു. ഇടിവെട്ടും വണ്ണം മൃത്യുശാസനചാപം മുറിഞ്ഞ ശബ്ദം കേട്ട് അവിടെ കൂടിയിരുന്ന രാജാക്കന്മാർ നടുങ്ങിപ്പോയി, പാമ്പുകൾ മാളത്തിൽപ്പോയി ഒളിയ്ക്കുംപോലെ. മഴക്കാറുകണ്ട മയിൽപ്പേടപോലെ സന്തോഷംകൊണ്ട് സീതാദേവിയുടെ മനസ്സ് നൃത്തം വച്ചു. വിശ്വേശ്വരനുടെ വിവാഹോത്സവം ആരംഭിക്കുകയായി. വിശ്വത്തിന്റെ മുഴുവനും മിത്രമായ വിശ്വാമിത്ര മഹർഷിയുടെ മനം കുളിർക്കുകയും ചെയ്തു.

Wednesday, January 14, 2015

Ramayanam -6

വാരിജോത്ഭവനാദിയാകിയ ദേവന്മാരും (9.6.14)


ഹരി ഓം.
6.

"വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും
മമ വാരിജമകളായ ദേവിയും തുണയ്ക്കേണം."

താമരയിൽ നിന്ന് ഉത്ഭവിച്ചവൻ ബ്രഹ്മാവ്‌. ബ്രഹ്മാവ്‌  തുടങ്ങിയ ദേവന്മാരും നാരദമുനിയും മറ്റു മഹാമുനികളും, കാമദേവനെ നിഗ്രഹിച്ച ശ്രീ മഹാദേവനും പാർവ്വതീ ദേവിയും, ബ്രഹ്മപുത്രിയായ ദേവിയും അനുഗ്രഹിക്കണേ. 

"കാരണഭൂതന്മാരാംബ്രാഹ്മണരുടെ
ചരണാരുണാംബുജലീനപാംസുസഞ്ചയം
മമചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ."

സദ്ഗുരുക്കന്മാരുടെ പാദപങ്കജങ്ങളിലെ ധൂളികൾ മതി മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്ന അജ്ഞാനമാകുന്ന മനോമാലിന്യങ്ങൾ എല്ലാം കഴുകിക്കളഞ്ഞു വൃത്തിയാക്കുവാൻ. പൊടിപിടിച്ചു കിടക്കുന്ന കണ്ണാടി എത്ര വിലപിടിപ്പുള്ളതാണെങ്കിലും അതിൽ നമ്മുടെ പ്രതിബിംബം വ്യക്തമായി പ്രതിഫലിക്കുകയില്ല. അതിനാൽ കൃപാസാഗരമാകുന്ന ഗുരുനാഥപരമ്പരയുടെ കൃപയാൽ മനോമാലിന്യമെല്ലാം കളഞ്ഞ് ചിത്തശുദ്ധി വരുവാൻ അനുഗ്രഹിക്കണേ, അതിനായി ആവോളം വന്ദിക്കുന്നേൻ. 

Ramayanam -5

രാമനാമത്തെസ്സദാകാലവും ജപിച്ചീടും കാമനാശനൻ ഉമാവല്ലഭൻ മഹേശ്വരൻ (8.6.14)


ഹരി ഓം.
5.

"നാന്മറനേരായ രാമായണം ചമയ്ക്കയാൽ നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകി കവിശ്രേഷ്ഠനാകിയ മഹാമുനി-താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ.
രാമനാമത്തെസ്സദാകാലവും ജപിച്ചീടും കാമനാശനൻ ഉമാവല്ലഭൻ മഹേശ്വരൻ
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ."

'മറ' എന്നാൽ 'വേദം'. വേദം എന്നാൽ അറിവ്. 'നാന്മറ' എന്നാലോ നാല് വേദങ്ങൾ.  
അറിവിനെ നാലായി വ്യസിച്ചു എന്നേയുള്ളൂ വേദം അല്ലെങ്കിൽ അറിവ് ഒന്നുതന്നെ, 
അതിനാൽ കൃഷ്ണദ്വൈപായനമുനി' വ്യാസൻ' എന്ന പേരിൽ അറിയപ്പെടുവാൻ ആരംഭിച്ചു. 

'നാന്മറ നേരായ രാമായണം' വേദങ്ങളിൽ പറയുന്ന 'സത്യ'ത്തെ കഥാരൂപത്തിൽ കാണിക്കുന്ന രാമായണം വേദങ്ങൾക്ക് തുല്യം തന്നെ. 
'നാന്മുഖൻ' ബ്രഹ്മാവാണ്. ആദി കാവ്യമായ രാമായണം രചിച്ച കവിശ്രേഷ്ഠനും മഹാമുനിയുമായ വാല്മീകി മഹർഷിയും അനുഗ്രഹിക്കണം, 
അതിനായിക്കൊണ്ട് ഞാനിതാ വന്ദിക്കുന്നേൻ. 

സാക്ഷാൽ ശ്രീ മഹാദേവൻ എപ്പോഴും രാമനാമമല്ലേ ജപിച്ചുകൊണ്ടിരിക്കുന്നത്, അങ്ങയുടെ നിരന്തരമായ താരകമന്ത്രമായ 'രാമനാമജപം' എന്റെ മനസ്സിനെ എപ്പോഴും ശ്രദ്ധ മുറിയാതെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ഉറപ്പുള്ളതിനാൽ, അങ്ങയെ നമസ്ക്കരിക്കുന്നു. മോക്ഷത്തിനു തടസ്സമായിരിക്കുന്ന ആഗ്രഹങ്ങളെ ജനിപ്പിക്കുന്ന കാമദേവനെ നിഗ്രഹിച്ച ഉമാവല്ലഭനായ മഹേശ്വരൻ സർവ്വേശ്വരനായ ശ്രീ പരമേശ്വരൻ, എന്റെ മനസ്സിൽ വന്ന് സദാ വാണീടുവാൻ ഞാൻ അങ്ങയെ വന്ദിക്കുന്നേൻ. 

Ramayanam-4

വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ!


ഹരി ഓം.
4

"വൃഷ്ണിവംശത്തിൽവന്നു കൃഷ്ണനായ്പിറന്നോരു വിഷ്ണുവിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ വിഷ്ണുതാൻതന്നെ വന്നു പിറന്ന തപോധനൻ!
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ!"

വൃഷ്ണി വംശത്തിൽ ശ്രീ കൃഷ്ണനായി വന്നു പിറന്ന സാക്ഷാൽ വിഷ്ണുഭഗവാൻ നാരായണൻ, വിശേഷിച്ച് അനുഗ്രഹിക്കണേ. ശ്രീ കൃഷ്ണനായി -  (ഒരു വ്യക്തിഭാവത്തോടെയല്ല), സാക്ഷാൽ  ശ്രീ കൃഷ്ണപരമാത്മാവായിത്തന്നെ മനസ്സിൽ സ്മരിച്ചു പ്രാർത്ഥിക്കുകയാണ്. വിഷ്ണുഭഗവാനിൽ നിന്നുണ്ടായ താമരയിൽ ജനിച്ച ബ്രഹ്മാവിന്റെ പുത്രൻ  വസിഷ്ടൻ വസിഷ്ടന്റെ മകൻ ശക്തി ശക്തിയുടെ മകൻ പരാശരൻ  പരാശരമഹർഷിയുടെ മകൻ വ്യാസമഹർഷി.... (അച്ഛൻ 'കാരണം' മകൻ 'കാര്യം'; അച്ഛൻ തന്നെ മകനും! 'സ്വർണ്ണം തന്നെ സ്വർണ്ണാഭരണത്തിന്റെ കാരണം') സാക്ഷാൽ  വിഷ്ണുഭഗവാൻ    തന്നെ വ്യാസ മഹർഷിയായി വന്ന ... തപസ്സു തന്നെ ധനമായിട്ടുള്ള തപസ്വി.  "സ്വർണ്ണം തന്നെ സ്വർണ്ണാഭരണത്തിന്റെ കാരണം" എന്ന പോലെ "ഭഗവാൻ വിഷ്ണു തന്നെ വ്യാസഭഗവാനായി വന്നിരിക്കുന്നു!"  പരാശരമുനിയുടെയും സത്യവതിയുടെയും പുത്രനായി 'കൃഷ്ണൻ' എന്ന പേരിൽ  'ദ്വീപിൽ' ജനിച്ചതു കൊണ്ട് 'കൃഷ്ണദ്വൈപായനൻ' എന്ന പേര് ഉണ്ടായി. വേദങ്ങളെ വ്യസിച്ചതിനാൽ വേദവ്യാസൻ എന്ന പേരിൽ അറിയപ്പെട്ടു. 

പുരാണ ഇതിഹാസങ്ങളുടെ രചയിതാവായ വേദവ്യാസ ഭഗവാനേ! അങ്ങയെ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. (എന്തെങ്കിലും എഴുതിയത് കൊണ്ട് മാത്രം ആരും നമസ്ക്കാരാർഹരായി മാറുന്നില്ലല്ലോ. പക്ഷെ വിഷ്ണു ഭഗവാന്റെ മായാശക്തിയെ നന്നായി അറിയാവുന്ന തപോധനൻ ആയ അങ്ങ് എഴുതിയതെല്ലാം പ്രമാണം തന്നെ എന്ന ഉറച്ച ബോദ്ധ്യം ഉള്ളതിനാൽ അങ്ങ് നമസ്ക്കാര-യോഗ്യനാണ്). 

ഇവിടെ "പരമ്പര"-യെ സൂചിപ്പിചിരിക്കുന്നതും ശ്രദ്ധേയമാണ്. എന്തൊക്കെ രൂപ ഭാവങ്ങൾ മാറിയാലും സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ എല്ലാം സ്വർണ്ണം തന്നെ എന്ന് പറയുന്ന പോലെ, ഭഗവാൻ വിഷ്ണുവിൽ നിന്ന് വന്ന വ്യാസമഹർഷിയും ആ ദിവ്യത്വം ഉൾക്കൊള്ളുന്നു. ഗുരു പരമ്പരയിലും നമുക്ക്  പരമഗുരുവിന്റെ സാന്നിദ്ധ്യം പലപ്പോഴും അനുഭവപ്പെടും.  

Ramayanam-3

വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ!


ഹരി ഓം.
3
വാണീടുകനാരതമെന്നുടെ നാവുതന്മേൽവാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെയ്കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ!
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നേണം കാലേ കാലേപാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!

വാണിമാതാവേ! സരസ്വതീ ദേവീ ! ഇടമുറിയാതെ എന്റെ നാവിൽ വാണീടേണമേ! മടിച്ചിടാതെ, നാണിച്ചു നിൽക്കാതെ എന്റെ നാവിന്മേൽ എപ്പോഴും നൃത്തം ചെയ്യണേ ദേവീ .. ദിക്കുകൾ വസ്ത്രങ്ങളാക്കി, വസ്ത്രങ്ങൾക്ക് വേണ്ടിപോലും അലയാതെ, ഒന്നും തന്നെ വേണമെന്ന ആഗ്രഹമില്ലാതെ; ആനന്ദനടനം ആടുന്ന ശ്രീ പരമേശ്വരനെപ്പോലെ സദാ എന്റെ നാവിൽ വിളയാടണേ! ബ്രഹ്മാവിന്റെ മുഖപത്മത്തിൽനിന്നുവന്ന വേദസാഗരത്തിൽ വസിക്കുന്നവളേ! ബാലേ! ആ വേദസാഗരത്തിലെ തിരമാലകളെപ്പോലെ ഒന്നിനു മേൽ ഒന്നായിട്ട്  ഭാരതീ പദാവലികളായി എന്റെ മനസ്സിൽ സമയാസമയങ്ങളിൽ തോന്നിക്കേണമേ സർവ്വ മംഗളപ്രദായിനീ! സരസ്വതീ ദേവീ!

ഈ വരികളുടെ അർത്ഥം വരുന്ന ഒരു പഴയ കീർത്തനമാണ് മനസ്സിലേക്ക് ഓടി എത്തുന്നത്‌ :

"നമശ്ശിവായ ആദിയായോരക്ഷരങ്ങൾകൊണ്ടു ഞാൻ 
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനു 
മനസ്സിൽ വന്നുദിപ്പദിന്നനുഗ്രഹിക്ക വാണിയും 
നമ:ശിവായ പാർവ്വതീശ പാപനാശനാ ഹരേ!!"

Ramayanam-2

"ശ്രീരാമനാമംപാടിവന്ന പൈങ്കിളിപ്പെണ്ണേ!"


ഹരി ഓം ..
2.
"ശ്രീരാമനാമംപാടിവന്ന പൈങ്കിളിപ്പെണ്ണേ!ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.
കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻകാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ".

ശ്രീരാമനാമം പാടിക്കൊണ്ട് പറന്നുവന്ന 'പൈങ്കിളി' എഴുത്തച്ഛന്റെ മനസ്സ് തന്നെയല്ലേ ? തൈലധാരപോലെ മനസ്സിലെ ഭഗവദ് ചിന്തകൾ! പൈങ്കിളിയെക്കൊണ്ട് പറയിക്കുന്നതായി പറയുമ്പോൾ 'ഞാൻ പറയുന്നു' എന്ന അഹങ്കാരം അവിടെ ഉണ്ടാവുന്നില്ല. 

മറ്റൊരു കാര്യം കൂടിയുണ്ട് ഈ "തത്ത"യെ തന്നെ നിയോഗിക്കുവാൻ പ്രത്യേകത. ഏറ്റവും മൂത്തുപഴുത്ത മധുരമുള്ള ഫലം മാത്രമേ മരത്തിൽ നിന്ന് തത്ത കൊത്തൂ. 'ശാരികപ്പൈതൽ' ഉം 'ശുകൻ' ഉം അർത്ഥം തത്ത തന്നെ. ശ്രീമദ്‌ ഭാഗവതവും ഒരു തത്ത കൊത്തിയ പഴുത്ത ഫലത്തിന്റെ രസം തന്നെയാണല്ലോ. ചവക്കേണ്ട ബുദ്ധിമുട്ടുപോലും ഇല്ലെന്നാണ് 'പിബത ഭാഗവതം രസം ആലയം ...' എന്ന് ശ്രീമദ്‌ ഭാഗവതാമൃതത്തെക്കുറിച്ച് വ്യാസഭഗവാന്റെ പുത്രനായ ശ്രീ ശുകബ്രഹ്മർഷി എന്ന തത്ത കൊത്തിതന്നതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്.

വിഘ്നങ്ങളൊക്കെ നമ്മുടെ മനസ്സു തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നത്. അതിനാൽ ശ്രീരാമചരിതം മടിക്കാതെ പറയൂ എന്ന് എഴുത്തച്ഛൻ മനസ്സിന് അനുമതി കൊടുത്ത് പറയുകയാവാം. തടസ്സങ്ങൾ ഉണ്ടാവാതിരിക്കാൻ മനസ്സ് ആദ്യം വന്ദിക്കേണ്ടവരെയൊക്ക വന്ദിച്ചു സർവ്വജ്ഞനായ ഭഗവാനെ സ്മരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി. എന്തു തുടങ്ങുമ്പോഴും ഭഗവദ് സ്മരണയും ഗുരുസ്മരണയും വേണമെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയാണ്.

ഗണങ്ങളുടെ പതിയായ ഗണപതി ഭഗവാനേ! പരമശിവനും പാർവ്വതീദേവിയുടേയും പുത്രനായ ദേവാ! ഗജമുഖ! എന്റെ പൂർവ്വകർമ്മഫലവശാൽ, പ്രാരബ്ധവശാൽ, വിഘ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതിന് ഉത്തരവാദി ഞാൻ തന്നെയെങ്കിലും, കാരുണ്യ മൂർത്തിയായ വിഘ്നേശ്വരാ! സർവ്വ തടസ്സങ്ങളും നിവാരണം ചെയ്തീടുവാൻ ആവുന്നത്രയും വന്ദിക്കുന്നു.

Ramayanam-1

ഹരി ഓം ..
സാനന്ദരൂപം സകലപ്രബോധം
ആനന്ദഗാനാമൃത പാരിജാതം
മനുഷ്യപത്മേഷു ജഗല്‍ സ്വരൂപം
പ്രണമ്യ തുഞ്ചത്തെഴുമാചാര്യപാദം....__/\__
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ! 
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ!
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.

"ശ്രീരാമാ" - എന്ന പ്രാർത്ഥനയോടെ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആരംഭം കുറിക്കുന്നു. ഏതൊരു കാര്യവും തുടങ്ങുമ്പോൾ ഈശ്വരസ്മരണയോടെ തുടങ്ങണം എന്ന് നമുക്ക് ഓർമ്മിപ്പിച്ചു തരുകയും കൂടിയാണ്.

"രാമ രാമ രാമ! ശ്രീ രാമചന്ദ്ര! ജയ!' - താപത്രയങ്ങൾ നീക്കി, അജ്ഞാനാന്ധകാരത്തിൽ പെട്ടുഴലുന്നവർക്ക് പൂർണ്ണചന്ദ്രനെപ്പോലെ പ്രകാശം പകരുന്ന ശ്രീരാമചന്ദ്ര പ്രഭു .. അങ്ങ് ജയിക്കട്ടെ...ഭഗവാന് ജയവും തോൽവിയും ഉണ്ടോ ?..'അങ്ങ് ഞങ്ങളുടെയുള്ളിൽ ഉണരട്ടെ' എന്നാണ്. സർവ്വാന്തർയാമിയായ ഭഗവാനെ നമ്മുടെ ഉള്ളിലും ഉണ്ടെന്ന ബോധ്യം വരുന്നത് വരെ നാം ശരീരബോധത്തിൽ ആണല്ലോ. 'ശ്രീരാമഭദ്ര! ജയ!' ഭദ്രം എന്നാൽ മംഗളം; മംഗളത്തെതരുന്ന ഭഗവാനേ..ലോകത്തിനെ മുഴുവനും ആനന്ദിപ്പിക്കുന്ന ശ്രീരാമദേവാ. നമ്മുടെയൊക്കെ ഉള്ളിലുള്ള കാമ-ക്രോധ-മദ-മാത്സര്യ-ആദികളായ ഷട് വൈരികളെ വേരോടെ പിഴുതെറിയുവാൻ അവരുടെ നായകനായ, രാജാവായ 'ആഗ്രഹത്തെ' (സ്വാർത്ഥതാൽപ്പര്യമാകുന്ന രാവണനെ) ഇല്ലായ്മ ചെയ്യുക അത്ര എളുപ്പമല്ല. ഒന്നാമത് ആ 'ലങ്ക' (മനസ്സ്) യിലേക്ക് ചെന്നെത്തുക എന്ന കടമ്പ തന്നെ. വിസ്താരമേറിയ സഗാരത്തിന്റെ മറുകരെ എത്തിയാൽ തന്നെ കണ്ണഞ്ചിക്കുന്ന സ്വർണ്ണവർണ്ണമായ കോട്ടകൾ, കൊട്ടാരങ്ങൾ, അതിൽ കിടങ്ങുകൾ പലതരം ഇതൊക്കെ കണ്ടു ഭ്രമിച്ചു പോയാൽ കടക്കുവാനും സാധിക്കില്ല. മനസ്സിലേക്ക് കടന്നാലും അകത്തുള്ള രാക്ഷസകുലത്തെ കണ്ടു പിടിക്കുവാനും നമുക്ക് ഭഗവാന്റെ സഹായമില്ലാതെ സാധിക്കുമോ ? ഭഗവാൻ ആ ലങ്കയാകുന്ന മനസ്സിലെ രാക്ഷസരാജാവാകുന്ന 'കാമൻ'-നെ വധിക്കുന്നതിലൂടെ മോക്ഷം പ്രദാനം ചെയ്തു. (കാമ ഏഷ ക്രോധ ഏഷ ..എന്ന് ഭഗവദ് ഗീതയിൽ ഭഗവാൻ പറഞ്ഞിട്ടില്ലേ ? ഈ ആഗ്രഹം തന്നെ മുഖ്യൻ). ഈ ഷട് വൈരികൾ വിളയാടിക്കൊണ്ടിരുന്നതുകൊണ്ടാണ് ചിത്തം 'അച്യുതന് വിളയാടുവാൻ പറ്റാത്തതാക്കി' തീർത്തത്. (ഹരിനാമകീർത്തനം). ഭഗവാൻ രാവണനെ വധിച്ച്‌ ചിത്തശുദ്ധി വരുത്തിയിട്ട് നമ്മുടെ ഹൃദയത്തിൽ സദാ വസിക്കുന്നതായി നമുക്ക് അനുഭവം ഉണ്ടാക്കി തരുമെന്ന പൂർണ്ണ ശ്രദ്ധാവിശ്വാസങ്ങളോട് കൂടി തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ശ്രീരാമദേവനെ നമിക്കുന്നു നമ: അസ്തു തേ ഭഗവൻ. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ.

(തുടരും)

Ratnakara, the Valmeeki (22.6.2014)

'ആകരം' എന്നാൽ 'രൂപം',' ഖനി' എന്നൊക്കെ അർത്ഥം. രത്നത്തിന്റെ ആകരമായിരുന്നു 'രത്നാകരൻ'. (ഉള്ളിലുള്ള രത്നഖനിയെക്കുറിച്ച് അജ്ഞാനികളായ നമ്മളും അറിയുന്നില്ലല്ലോ.!). ചെയ്തിരുന്നത് കാട്ടാളവൃത്തിയായിരുന്നെങ്കിലും ഒരിക്കൽ ഗുരുനാഥന്റെ കടാക്ഷമേറ്റാൽ,  താൻ ചെയ്തുവരുന്നത് തെറ്റാണെന്നു ബോദ്ധ്യപ്പെട്ടു പശ്ചാത്തപിച്ചാൽ ഗുരുനാഥന്റെ കാരുണ്യം കൊണ്ട് ഭഗവദ്നാമമന്ത്ര ജപത്തിനാൽ മന:ശുദ്ധി വന്നാൽ അതുവരെ തന്റെയുള്ളിൽ മറഞ്ഞിരുന്നിരുന്ന രത്നഖനിയെ, തന്റെ യഥാർത്ഥ സ്വരൂപമായ സച്ചിദാനന്ദക്കട്ടയെ, സാക്ഷാത്ക്കരിക്കുവാനാകു മെന്ന് രത്നാകരന്റെ കഥ നമുക്ക് കാണിച്ചു തരുന്നു. 'രാക്ഷസ' ചിന്തകൾ ഒഴുകിയിരുന്ന, കാട്ടാളവൃത്തി അനുഷ്ഠിച്ചിരുന്ന, രത്നാകരന് രാമമന്ത്രജപത്തിനാൽ 'സാക്ഷര' നാകുവാനും, മറ്റൊരു കാട്ടാളൻ  ചെയത പ്രവൃത്തിയിൽ മനസ്സിൽ അലിവു തോന്നാനും ശോകത്താൽ വാല്മീകി ശ്ലോകം രചിക്കുവാനും തുടർന്ന്  ഭഗവദനുഗ്രഹത്താൽ 'രാമദേവന്റെ അയനം' രചിക്കുവാനും പ്രാപ്തനായി. 

"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശാശ്വതീ സമാ:
യൽ ക്രൗഞ്ചമിഥുനാദേകമവധീ: കാമമോഹിതം"
(ഈ ശ്ലോകത്തിന് രണ്ട് അർത്ഥം ഉണ്ടത്രേ)

1. "ഹേ കാട്ടാളാ! ക്രൗഞ്ചപക്ഷികളിൽ കാമമോഹിതനായ ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ, അനശ്വരമായ ജീവിതം നിനക്ക് ലഭിക്കുന്നതല്ല; അഥവാ ജീവിക്കുവാൻ തന്നെ നീ അർഹനല്ല." (ഇത് ചൊല്ലിയത് വാൽമീകി മഹർഷിയാണ്; അതുകൊണ്ടു തന്നെ അമ്പ് എയ്തത് മറ്റൊരു കാട്ടാളൻ ആയിരുന്നു.)
2.  ലക്ഷ്മീ ദേവിയുടെ ഇരുപ്പിടമായവനേ, ശ്രീരാമചന്ദ്രാ! രാക്ഷസന്മാരിൽ അതികാമിയായ ഒരുവനെ (രാവണനെ) സംഹരിച്ച അവിടുത്തേക്ക്‌ ഒരിക്കലും നശിക്കാത്ത ശ്രേയസ്സ് സംജാതമായിക്കഴിഞ്ഞു." (ഇതാണ് രണ്ടാമത്തെ അർത്ഥം അതേ ശ്ലോകത്തിന്).

Sunday, December 28, 2014

Hanumanji motivating Angada

സീതാദേവിയെ ഒരുമാസത്തിനുള്ളിൽ പോയി കണ്ടുപിടിക്കുവാൻ ആകാതെ തിരിച്ചുവന്നാൽ സുഗ്രീവനാൽ വധം നിശ്ചയം.. അത് സുഗ്രീവാജ്ഞയായിരുന്നു. വളരെയധികം ദിവസങ്ങൾ കഴിഞ്ഞുപോയിട്ടും സീതാദേവിയെ കണ്ടുപിടിക്കുവാൻ കഴിയാഞ്ഞതിൽ ദു:ഖിച്ച് വാനരന്മാർ ഇരിക്കുമ്പോൾ ബാലിയുടെയും താരയുടെയും മകനായ അംഗദൻ വിഷാദത്തോടെ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു. ദുഃഖം വരുമ്പോൾ വാസ്തവത്തിലുള്ളതായിരിക്കില്ല മനസ്സിലാക്കുന്നത്, ഓരോന്ന് വിചാരിച്ചു കൂട്ടി വലുതാക്കി സ്വയം പഴിച്ചും മറ്റുള്ളവരെയും സാഹചര്യത്തെയും കുറ്റപ്പെടുത്തിയും വിഷമം കൂട്ടിക്കൊണ്ടിരിക്കും. തന്റെ അച്ഛനായ ബാലിയെ വധിച്ചത് ശ്രീരാമനായതിനാൽ അംഗദൻ പറയുകയാണിവിടെ, സീതാദേവിയെ കണ്ടുപിടിക്കാനാവാതെ തിരിച്ചു ചെന്നാൽ സുഗ്രീവൻ വധിക്കും, രാമകാര്യം സാധിക്കാതെ മടങ്ങുകിൽ രാമൻ തന്റെ ശത്രുവായ ബാലിയുടെ മകനെയും അതുപോലെ വധിക്കും, തന്റെ സഹോദരനായ ബാലിയുടെ ഭാര്യയെ നാണമില്ലാതെ ഭാര്യയായി വച്ചുകൊണ്ടിരിക്കുന്ന നാണം കേട്ട പാപിയായ രാജാവ് സുഗ്രീവൻ തന്റെ ആജ്ഞ പാലിക്കുവാൻ ഒട്ടും മടിക്കില്ല. അതുകൊണ്ട് ഒരു കാരണവശാലും ഞാനാപരിസരത്തേക്കുപോലും വരുന്നില്ല, നിങ്ങളെല്ലാവരും വേണമെങ്കിൽ പോയിക്കോളൂ - എന്ന് അർത്ഥമില്ലാതെ ഓരോന്ന്പുലമ്പുന്ന അംഗദനെ സമാധാനിപ്പിക്കുവാൻ മറ്റു വാനരന്മാർ പറഞ്ഞു. നീ ഇങ്ങനെ വിഷമിക്കരുത്. ഞങ്ങളും നിന്നെപ്പോലെ തന്നെ ദു:ഖിച്ചിരിക്കുകയാണ്, നിന്നെ രക്ഷിക്കുവാൻ ഞങ്ങളൊക്കെയില്ലേ? 

സ്വയംപ്രഭാഗതി തുടങ്ങുന്ന ഭാഗത്ത്‌ പറയുന്നുണ്ടല്ലോ അജ്ഞാനാന്ധകാരത്താൽ സംസാരാരണ്യത്തിൽ വന്നുപെട്ടപ്പോൾ അന്തരാദാഹവും വളർന്നു തളർന്നപ്പോൾ മുൻപിലൊരു ഗുഹ കാണുവാനായി, എന്ന്. ഗുഹയിലെ ശുദ്ധജലം മുൻപേ കണ്ടുപിടിച്ചു രുചിച്ചു പറന്നുപോയ ഹംസങ്ങളും (നിത്യമേത് അനിത്യമേത്; ആത്മ-അനാത്മ വിവേകമുള്ളവരാണ് ഹംസങ്ങൾ; അതുപോലെ തന്നെ പരമഹംസന്മാരും) അന്തർദാഹം വളർന്നവർക്ക് വഴികാട്ടികളായി. അവരുടെ ദർശനം ഉണ്ടായതും ചിത്തശുദ്ധിയുള്ള, സേവനാഭാവമുള്ള, ഭക്തനാം വായുപുത്രന് നല്ല ജലം (അറിവ്) അതിലുണ്ടെന്നു ബോദ്ധ്യമായി. ആചാര്യനെപ്പോലെ വാനരന്മാരോട് പറഞ്ഞു
'നല്ല ജലം ഇതിലുണ്ടെന്ന് നിർണ്ണയം,
എല്ലാവരും നാം ഇതിലിറങ്ങീടുക"
മുന്നിലായി ഹനുമാൻ നടന്നു, പിന്നിലായി മറ്റുള്ളവർ ആകുലത്തോടും ഖിന്നതയോടും കൂടി അന്യോന്യം കൈകൾ കോർത്ത്‌ പിടിച്ച് അനുഗമിച്ചു. സ്വർണ്ണമയമാർന്ന കണ്ണിന് ആനന്ദം പകരുന്ന ഒരു ദിവ്യ സ്ഥലത്ത് അവരെത്തി. വളരെ പക്വമായി പഴുത്തുനിറഞ്ഞ ഫലങ്ങളുമായി വൃക്ഷങ്ങൾ ഏതൊരു ആഗ്രഹവും സാധിച്ചുകൊടുക്കുന്ന ദേവലോകത്തിലുള്ള കല്പ്പവൃക്ഷം പോലെ, ചില്ലകലാണെങ്കിലോ വിനയത്തോടുകൂടി താഴ്ത്തിനില്ക്കുന്നത് കണ്ടു. ധാരാളം അമൃതതുല്യമായ മധുനിറഞ്ഞസ്ഥലങ്ങളും ഭക്ഷ്യാന്നങ്ങൾ നിറഞ്ഞ വസിക്കുവാൻ യോഗ്യമായ സ്ഥലം അവിടെ കണ്ടു, ദേവലോകം പോലെ ദിവ്യമായിരിക്കുന്നു, അവിടെ യോഗം ധരിച്ചു ജടാവൽക്കലം പൂണ്ടു ധ്യാനാവസ്ഥയിൽ നിശ്ചലയായിരിക്കുന്ന ഒരു യോഗിനി ജ്ഞാനാഗ്നിയാൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സ്വയംപ്രഭാദേവിയേയും കണ്ടു. വിശപ്പും ദാഹവും ഉള്ളയിടത്തോളം കാലം നമുക്ക് അതിനെ നിവർത്തിക്കുവാനുള്ള ആരായാൻ ആയിരിക്കും ഏക ശ്രദ്ധ എന്നറിയാവുന്ന സ്വയംപ്രഭാദേവി, വാനരരോട് വിശപ്പും ദാഹവും തീർത്തുവരുവാൻ നിർദ്ദേശിച്ചു. (പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ച്‌ അമൃതപാനം ചെയ്തു "തൃപ്തരായ്-
ബുദ്ധിതെളിഞ്ഞു വരുവിൻ.." ).

 ഇതുകേട്ട് വാനരന്മാർ മൂത്തുപഴുത്തമാധുര്യമൂറുന്ന പഴങ്ങളും കിഴങ്ങുകളും കഴിച്ച്
'ചിത്തംതെളിഞ്ഞ്' ദേവീ സമീപം പുക്കു
ബദ്ധാഞ്ജലിപൂണ്ട് നിന്നോരനന്തരം
ചാരുസ്മിതപൂർവ്വമഞ്ജസാ യോഗിനി
"മാരുതിയോടു" പറഞ്ഞു തുടങ്ങിനാൾ ..
നമ്മൾ എവിടെപോയാലും അവിടെ നിന്ന് എന്തറിയുവാൻ കഴിയുമോ അതറിയുവാനല്ല ശ്രദ്ധായുണ്ടാവുക, മറിച്ച് നമുക്ക് നമ്മുടെ വാസനകൾക്കൊത്ത് വേണമെന്ന് തോന്നുന്നതേ നാം അന്വേഷിക്കൂ... വിശപ്പും ദാഹവും മാറിയാൽ തൃപ്തിയായെങ്കിൽ കൂടുതൽ അന്വേഷണം വേണമെന്ന് തോന്നില്ല; വായു, ജലം, ഭക്ഷണം, വാസസ്ഥലം, സുരക്ഷിതത്വം, സ്നേഹം ഇതൊക്കെ ഉണ്ടെങ്കിലും മറ്റെന്തോകൂടി അറിയണം എന്ന് തോന്നുമ്പോൾ മാത്രമാണ് നമ്മുടെ ആധ്യാത്മികമായ അന്വേഷണം തുടങ്ങുന്നത്. എല്ലാവരും തൃപ്തരായി ചിത്തശുദ്ധി വന്നവരായി തൊഴുകൈയോടെ വന്നു നിന്നെങ്കിലും ദേവി പറയുന്നത് മാരുതിയോടാണ്...!! മറ്റുള്ളവാനരർക്ക് വേണ്ടത് ഭക്ഷണവും ജലവും മാത്രമായിരുന്നു, അത്കിട്ടിയതിൽ അവർ തൃപ്തിയടഞ്ഞു!!
ആ ഗുഹയിൽ വീണ്ടും പോയി വസിച്ചാൽ അവിടെ നമ്മളെ ശല്യം ചെയ്യുവാൻ ആരും തന്നെ വരില്ല എന്നാണ് അംഗദനെ സമാധാനിപ്പിക്കുവാൻ വാനരന്മാർ കണ്ടുപിടിച്ച മാർഗ്ഗം. മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ ഒരു ഒളിച്ചോട്ടമല്ല വേണ്ടത് മറിച്ച് മൃത്യുവിനെ ജയിക്കുകയാണ് വേണ്ടത്. നമ്മുടെ ദുഃഖം കണ്ടു സഹതപിച്ച് അടുത്ത് എത്തുന്നവരും ദു:ഖിതർ തന്നെയെങ്കിൽ അവർക്ക് അതിൽ നിന്ന് നമ്മളെയെങ്ങനെ കരകയറ്റുവാനാകും? ദു:ഖിക്കുന്നവരുടെ കാഴ്ചപ്പാടുതന്നെ ശരിയാവണം എന്നില്ലല്ലോ.. പ്രശ്നത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് മുങ്ങുന്നവനെ രക്ഷിക്കുവാനാകുമോ? അവർക്കുതോന്നി പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ധാരാളം ഭക്ഷണവും സുഖമായി ജോലിചെയ്യാതെ വിശ്രമജീവിതം കഴിക്കാവുന്ന ദേവലോകതുല്യമായ ഒരു സ്ഥലം നമ്മൾ കണ്ടില്ലേ, അവിടെപ്പോയി സുഖമായി വസിക്കാം, ആരും നമ്മളെ ഉപദ്രവിക്കുവാൻ അവിടെ വരുകയുമില്ല. ഒരു മൃഗംപോലും അവിടെയില്ല. പിന്നെ ഇപ്പോൾ ഭയപ്പടേണ്ടതായ സുഗ്രീവനും ശ്രീരാമനും നമ്മളെ എങ്ങിനെകണ്ടുപിടിക്കുവാനാണ്. സമയം ഒട്ടും കളയാതെ നമുക്ക് വേഗം അവിടേക്കുപോകാം എന്ന്. ഇതുകേട്ടപ്പോൾ ഹനുമാൻ സ്നേഹപൂർവ്വം തലോടിക്കൊണ്ട് അംഗദന്റെ അടുത്ത് ചെന്നു പറഞ്ഞു തുടങ്ങി. 

നീ കിഷ്ക്കിന്ദയിലെ സമർത്ഥനായ യുവരാജാവാണ്. ഒരു യുവരാജാവിന് യോജിച്ചവിധത്തിലാണോ നീ ചിന്തിക്കുന്നത് അംഗദകുമാരാ? പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണോ വേണ്ടത്? എന്ത് ദുർവ്വിചാരമാണിത്? പ്രശ്നങ്ങൾ ജീവിതത്തിൽ വരുമ്പോൾ അതിനെ എങ്ങിനെ നേരിടണം എങ്ങിനെ പരിഹരിക്കണം എന്നല്ലേ ചിന്തിക്കേണ്ടത്? നീയെന്താണ് കരുതുന്നത്, ശ്രീരാമൻ നിന്നെ തന്റെ ശത്രുവിന്റെ പുത്രനായിട്ടല്ല കാണുന്നത് എന്ന് അറിഞ്ഞാലും, ശ്രീരാമദേവന്റെ മനസ്സിൽ ലക്ഷ്മണനേക്കാൾ കൂടുതൽ വാത്സല്യം നിന്നോടാണ്, അത് ശരിയായി ആരും ഇതുവരെ മനസ്സിലാക്കിയിട്ടില്ല, പക്ഷെ എനിക്കറിയാം ആ മനസ്സിൽ നടക്കുന്നത്. ഭഗവാന്റെ പ്രേമത്തിന് ഒരു കുറവും വരികയില്ല, സ്വർണ്ണത്തിനുണ്ടോ നിറക്കുറവുണ്ടാകുന്നു? അതുകൊണ്ട് ശ്രീരാമദേവനെ നീ യാതൊരു കാരണവശാലും ഭയപ്പെടേണ്ട. വാനരരാജാവായ സുഗ്രീവൻ ആണെങ്കിലോ ഭാഗവതോത്തമൻ ആണ്....ഗീതയിൽ പറയുന്നപോലെ അദ്വേഷ്ടാ സർവ്വ ഭൂതാനാം, മൈത്ര കരുണ ഏവ ച ... അംഗദാ നിന്റെ മുത്തച്ഛൻ ദേവന്മാരുടെ ദേവനായ ദേവേന്ദ്രനാണ്, അദ്ദേഹത്തിന്റെ മകനായ ബാലിയോ മഹാധൈര്യവും വീര്യവും ശക്തിയുമുള്ള ബാലിയും, ആ അച്ഛന്റെ മകനായി പിറന്ന നിനക്ക് ഒരിക്കലും വ്യാകുലം വേണ്ട. സുഗ്രീവനെയും ശ്രീരാമദേവനേയും ഭയക്കേണ്ടതില്ലെങ്കിൽ പിന്നെ നീ എന്തിന് ഒളിക്കണം? കൂടാതെ ഈ ഞാനും നിന്റെ കൂടെത്തന്നെയുണ്ട്. നിനക്ക് ഹിതം വരുന്നതേ ഞാനും ചെയ്യൂ. ഗുഹയിൽ പോയി ഒളിക്കുവാൻ കർമ്മങ്ങളിൽ നിന്ന് ഒഴിയുവാൻ അജ്ഞാനികൾ പറയുന്നത് കേട്ട് നീ ഭ്രാമിക്കല്ലേ, ഹാനി വരാതിരിക്കുവാൻ ഗുഹയിൽ പോയി ഒളിച്ചാൽ മതി എന്ന് പറഞ്ഞില്ലേ വാനരന്മാർ, പക്ഷെ നിനക്കു തോന്നുന്നുണ്ടോ രാമബാണത്തിനു ലക്‌ഷ്യം കണ്ടെത്താതെയിരിക്കുമെന്ന്? രാമന്റെ ബാണത്തിന് ഭേദിക്കുവാൻ പറ്റാത്തതായി എന്തുണ്ട്? ഈ മൂന്നു ലോകങ്ങളിൽ എവിടെയാണെങ്കിലും ഏതു ഗുഹയിൽ പോയൊളിച്ചാലും ശരി ലക്ഷ്യത്തിൽ എത്തുകതന്നെ ചെയ്യും.

Thursday, July 24, 2014

"Ahalya" (15.6.2014)

ഗൗതമമുനിപത്നി 
അഹല്യാമനോഹരി 
ഗൗതമശാപത്താൽ 
ശിലയായോരുകാലം.

പഴിച്ചില്ല കാലത്തെ 
പഴിച്ചില്ല മുനിയെയും 
പഴിച്ചില്ല വിജനമാം കാടും 
പഴിച്ചില്ല മഞ്ഞും, ചൂടും 
പഴിച്ചില്ല മഴയുമീക്കാറ്റും.

കൈവന്ന ശാപവും 
കൈതവമാക്കീല്ലയൊട്ടും. 
കൈവന്നയവസരം 
കൈവല്യമാക്കിയോൾ
ശ്രീരാമപാദദീക്ഷ തന്നാൽ.

ഏകാകിയായിട്ടും
ഏകാഗ്രയായിട്ടു 
ഏകാന്തഭക്തിയാൽ 
ഏകവ്രതത്തോടെ  
എന്നെന്നുമെപ്പൊഴും 
എത്രയോനാമംജപിച്ചു.

പരമാർത്ഥം അർത്ഥിച്ച 
പരമഭക്തയെ നമിച്ചുടൻ  
പരമാത്മാ രാമൻതൻ 
പങ്കജപാദരാജസ്സാൽ 
പതിതയാമഹല്യ തൻ 
പങ്കം കളഞ്ഞുടൻ 
പവിത്രയാക്കീടിനാൻ 
പാവനനാമത്തിൻ 
പാരം വൈഭവമല്ലൊ!

താരകമന്ത്രത്താൽ 
നാമജപത്തിനാൽ
രാമദേവൻ തിരുവടി-
തൻദർശന ഭാഗ്യവും 
സ്പർശന പുണ്യവും
പ്രേമപുരസ്സരമേകി 
ഭക്തയെ മുക്തയുമാക്കി
അചലയോ മോചിതയായി.

Wednesday, July 23, 2014

Ramayanam - Utama-Madhyama-Adhama putran (16.7.2014)

"ഞാൻ വിചാരിച്ചു അച്ഛൻ പറഞ്ഞ വാക്കിനു വ്യവസ്ഥയുണ്ടായിരിക്കുമെന്ന്. ഒന്നാമനായ രാജാവിന്റെ പ്രവൃത്തികണ്ടല്ലേ നാളെ പ്രജകളും ചെയ്യുന്നത്? ഇന്നിപ്പോൾ  അച്ഛൻ പറയുന്നില്ലെങ്കിലും കൈകേയി അമ്മയെക്കൊണ്ട് പറയിപ്പിക്കുന്നു - കാട്ടിൽ പോകാൻ! അതോ, എന്റെ പുതിയ ജീൻസും ഐ പാഡും ഒന്നും കൈയിൽ എടുക്കാൻ പാടില്ലത്രേ... മൊബൈൽ പോലുമില്ലാതെ ഹോ എന്തൊരു ബോറായിരിക്കും! ...ഏതോ മരത്തിന്റെ പരുപരുത്ത ഒരു തോലും ഉടുത്ത് ...ഭക്ഷണമാണെങ്കിലോ ....മാക് ഡോനാൾഡ്സ് ഉണ്ടോ? ആ കാട്ടിൽ പിസ്സായുണ്ടോ? പോട്ടെ ചോക്കലേറ്റ്സ്, അല്ലെങ്കിൽ ഐസ്ക്രീം?അതെല്ലാം പോട്ടെ  ഏതെങ്കിലും ഫാസ്റ്റ് ഫുഡ്‌ കിട്ടുമോ ...ഒന്നുമില്ല... ഏതോ ചവർപ്പുള്ള കിഴങ്ങുവർഗ്ഗങ്ങളും കുറേ കയ്പ്പുള്ള കായ് കനികളും...മുനിമാരുടെ ഭക്ഷണവുമായി .....എങ്ങിനെ കഴിക്കാനാ?... കുറച്ചൊന്നുമല്ല ....പതിനാലുവർഷങ്ങൾ ആ കൊടുംകാട്ടിൽ കഴിയണം പോലും!!... എങ്ങനെ തോന്നി അച്ഛനിങ്ങനെ കൈകേയിയമ്മ  ആവശ്യപ്പെടുന്നതുകേട്ട്മിണ്ടാതിരിക്കാൻ?" .......................................ഇങ്ങനെയൊന്നും പറഞ്ഞില്ലാട്ടോ ഭഗവാൻ ശ്രീരാമചന്ദ്രൻ.. എന്താണുണ്ടായത് രാമായണത്തിലൂടെ നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം...  
ദശരഥനും കൌസല്യയും സുപുത്രൻ ഉണ്ടാകുവാൻ ഭഗവാനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി സാക്ഷാൽ ഭഗവാൻ നാരായണമൂർത്തി തന്നെ നമുക്ക് ധർമ്മമാർഗ്ഗം ജീവിച്ചു കാണിച്ചു തരുവാനായി കൌസല്യയുടെ പുത്രനായി പിറന്നതാണ് ശ്രീരാമ ദേവൻ. ഈ ലോകങ്ങളെല്ലാം ഭഗവാനിൽ നിലനിൽക്കുമ്പോൾ എങ്ങിനെയാണ് ഭഗവാനേ അങ്ങ് എന്റെ വയറ്റിനുള്ളിൽ കിടക്കുവാൻ ഇടയായത്... എന്ന് ഭക്തിപൂർവ്വം കൗസല്യാദേവി ചോദിച്ചപ്പോൾ, ഉണ്ണിയായ് പിറന്ന രാമദേവൻ പറഞ്ഞു, ഞാൻ തന്നെ പുത്രനായ്‌ പിറക്കണം എന്ന തീവ്രമായ ആഗ്രഹത്താൽ പൂർവ്വ ജന്മം കശ്യപപ്രജാപതിയായിരുന്ന ദശരഥനും കഴിഞ്ഞ ജന്മത്തിൽ അദിതീദേവിയായിരുന്ന കൗസല്യാമ്മയും എന്നെ പൂജിച്ചു സേവിച്ചതിനാലാണ്. കൂടാതെ ബ്രഹ്മാവും ദേവന്മാരും യാഗങ്ങൾ മുടക്കുന്ന രാക്ഷസരിൽ നിന്ന് രക്ഷിക്കണമെന്നും പ്രാർത്ഥിച്ചിരുന്നു. അവർക്ക് ഞാൻ അന്ന് വാക്കു കൊടുക്കുകയും ചെയ്തു രാമനായ് അയോദ്ധ്യയിൽ ജനിച്ചു കൊള്ളാമെന്നും അന്ന് വാനരന്മാരായി എന്നെ സഹായിക്കുവാൻ ദേവന്മാരും ഇവിടെ ജനിക്കുമെന്നും.  
പണ്ട് കൈകെയിയമ്മക്കു കൊടുത്ത വരം  പാലിക്കുവാനും വയ്യാതായിരിക്കുന്നു എന്നാൽ സത്യലംഘനം വരുന്നതും പാപമാണ്. എന്താ ഇപ്പൊ ചെയ്യാ എന്ന ദു:ഖത്തിൽ അച്ഛൻ ഒരു തീരുമാനത്തിൽ എത്താനാവാതെയിരിക്കുന്നു. പറഞ്ഞില്ലെങ്കിലും അച്ഛന്റെ മനസ്സിൽ നടക്കുന്ന വടംവലി ഒരു സുപുത്രൻ അറിയാതിരിക്കുമോ? 'പറയാതറിയാനറിയാമോ?' അറിയുക മാത്രമല്ല അച്ഛന്റെ മനസ്സിലുള്ളത് കണ്ടറിഞ്ഞ് അതനുസരിച്ച് ജീവിക്കണം, അച്ഛനോ അമ്മക്കോ മറ്റാർക്കും തന്നെ വിഷമമുണ്ടാക്കുന്ന രീതിയിൽ ആവരുത് നമ്മുടെ നോട്ടവും വർത്തമാനവും ചിന്തകളും പ്രവൃത്തികളും എല്ലാം.ഒരു ഉത്തമപുത്രന്റെ ലക്ഷണം തന്നെ ഇതാണ് എന്ന് ശ്രീരാമദേവൻ നമുക്ക് രാമായണത്തിലൂടെ ജീവിച്ചു കാണിച്ചു തരുന്നു. 
അപ്പോൾ നിങ്ങൾ ഒരുപക്ഷെ ചോദിച്ചേക്കാം, "ഞാൻ  ഇതുവരെ ഒരു ഉത്തമപുത്രൻ ആയിരുന്നോ എന്നൊരു സംശയം. എന്നാൽ ഒരു  മദ്ധ്യമപുത്രൻ എങ്ങിനെയിരിക്കണം? എന്നാണ് രാമൻ രാമായണത്തിൽ പറയുന്നത്? ശ്രീ രാമൻ പറയുന്നു  "പറയുന്നത് 'മാത്രം' ചെയ്യുന്ന പുത്രൻ മദ്ധ്യമപുത്രനാണ്. സ്വന്തം ബുദ്ധിയുപയോഗിച്ച് പറഞ്ഞതിലും കൂടുതൽ ചെയ്യുവാൻ അവർക്ക് ശ്രദ്ധയുണ്ടായിരിക്കില്ല." പറഞ്ഞാലും ഇത് തന്റെ കർത്തവ്യമല്ല എന്ന ഭാവത്തിൽ, അനുസരണ ഇല്ലാത്ത പുത്രൻ അധമപുത്രനത്രെ. അങ്ങനെയൊരു പുത്രനെക്കൊണ്ട് അച്ഛനമ്മമാർക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ നാടിനോ ലോകത്തിനു തന്നെയും യാതൊരു ഗുണവും ഉണ്ടായിരിക്കില്ല.
ശ്രീരാമദേവന്റെ ജീവിതത്തിലൂടെ നമ്മൾ കുട്ടികൾ എങ്ങിനെയായിരിക്കണം എന്ന് കാണിച്ചു തരുന്നില്ലേ? അച്ഛനുമമ്മയും എന്താണോ മനസ്സിൽ വിചാരിച്ചത് അത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ നന്മാക്കായിട്ടാണ് എന്ന് ശ്രീരാമദേവൻ മനസ്സിലാക്കി. മഹാമുനികളുമായി സത്സംഗത്തിനും കാനനവാസം ഉപകരിച്ചു. 
അന്യർക്ക് ദോഷപ്രവൃത്തികൾ ചെയ്യുന്ന രാക്ഷസാദികൾ ഇന്നും നമ്മുടെ ഉള്ളിലും ഉള്ളതാണ്. അവരെ കണ്ടുപിടിച്ച് ഇല്ലായ്മ ചെയ്യുവാൻ സാക്ഷാൽ ഭഗവാൻ ശ്രീ നാരായണൻ നമ്മളെ അനുഗ്രഹിക്കട്ടെ..

Ramayanam Balakandam kadha parayatte koottukaare? (16.7.14)



പണ്ട് പണ്ട് അയോദ്ധ്യയിലെ മഹാരാജാവായിരുന്നു ദശരഥൻ. രാജാവിന് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. കൗസല്യ, കൈകേയി, സുമിത്ര.ധർമ്മനിഷ്ഠയോടെ രാജ്യം ഭരിക്കുന്നതിലും അധർമ്മികളോട് യുദ്ധംചെയ്യുന്നതിലും സമർത്ഥൻ ആയിരുന്നു അദ്ദേഹം. പ്രജകളെല്ലാം വളരെ ക്ഷേമത്തോടെ, സ്വസ്ഥതയോടെ സന്തോഷത്തോടെ കഴിഞ്ഞുവന്നു.

ഇപ്പോൾ രാജ്യം ഭരിക്കുന്ന രാജാവ് നാടുനീങ്ങിയാൽ (മരിച്ചുകഴിഞ്ഞാൽ) രാജാവില്ലാത്ത രാജ്യം അരാജകമാവും. ശത്രുക്കൾ വന്ന് ആക്രമിക്കുവാനും പ്രജകൾക്കെല്ലാത്തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ വന്നുകൂടും. അധർമ്മിയായ ഏതെങ്കിലും രാജാവ് വന്നു രാജ്യം ഏറ്റെടുത്താലും സ്ഥിതി കഷ്ടമാവും. അതുകൊണ്ട്, എല്ലാ ഐശ്വര്യങ്ങളും രാജ്യവും പത്നിമാരും ഒക്കെയുണ്ടായിരുന്നു വെങ്കിലും അടുത്ത രാജാവായി അഭിഷേകം ചെയ്യുവാൻ തനിക്കൊരു 'സുപുത്രൻ' ഇല്ലല്ലോ എന്ന് രാജാവിന് വിഷമം ഉണ്ടായിരുന്നു.

ഒരു ദിവസം രാജഗുരുവായ വസിഷ്ഠമഹാമുനിയുടെ ഉപദേശപ്രകാരം, ദശരഥമഹാരാജാവ് ഋശ്യശൃംഗനെന്ന മുനിയെ വരുത്തി പുത്രകാമേഷ്ടി യാഗം നടത്തി. അഗ്നിദേവൻ സന്തോഷിച്ച് ഹോമാഗ്നിയിൽ നിന്ന് സ്വർണ്ണപ്പാത്രത്തിൽ പായസവുമായി പൊങ്ങി വന്നു. രാജാവ് തന്റെ പത്നിമാരായ കൌസല്യക്കും കൈകെയിക്കും പകുതി പകുതിയാക്കി പായസം പകുത്തു നല്കി. വൈകി അവിടേക്ക് എത്തിയ സുമിത്രക്ക് കൌസല്യകയും കൈകെയിയും അവരുടെ പങ്കിന്റെ പകുതി പായസം വീതം നൽകി.

കുറച്ചു മാസങ്ങൾക്കുശേഷം കൌസല്യക്കു രാമനും കൈകെയിക്കു ഭരതനും സുമിത്രക്ക് ലക്ഷ്മണനും ശത്രുഘ്നനും പുത്രന്മാരായി ജനിച്ചു. അയോദ്ധ്യയിൽ എല്ലാവരും വളരെ സന്തോഷത്തോടെ ആഘോഷിച്ചു. കുട്ടികൾ കളിച്ചു ചിരിച്ചു വളർന്നുവന്നു.
ഒരു ദിവസം ബ്രഹ്മർഷി വിശ്വാമിത്രൻ കൊട്ടാരത്തിൽ വന്നു. തപോധനന്മാർ നടക്കുന്നയിടമെല്ലാം തീർത്ഥസ്ഥാനങ്ങൾ ആയി മാറും. ദശരഥമഹാരാജാവ് മഹാമുനിയെ സ്വീകരിച്ചിരുത്തി പാദപൂജ ചെയ്തു. വളരെ ശ്രേഷ്ഠന്മാരായിട്ടുള്ളവർ വീട്ടിൽ വന്നാൽ അവർക്ക് വേണ്ടതൊക്കെ നാം കൊടുക്കില്ലേ, അതുപോലെ രാജാവും വിനയപൂർവ്വം ചോദിച്ചു, 'അങ്ങേക്ക് എന്താണ് വേണ്ടത്?' - എന്ന്. എന്തുകൊടുത്താലും അത് അധികമാകില്ല എന്ന് ദശരഥന് തോന്നി. പക്ഷെ വിശ്വാമിത്ര മഹർഷിക്ക് സ്വന്തം ആവശ്യത്തിനായി ഒന്നും വേണമെന്നില്ലായിരുന്നു. വിശ്വാമിത്ര മുനി പറഞ്ഞു, മുനിമാർ ചെയ്യുന്ന യാഗങ്ങൾ മുടക്കുന്ന രാക്ഷസന്മാരെ വധിക്കുവാൻ രാമനെ തന്നാൽ മതി എന്ന്. തന്റെ പ്രിയപ്പെട്ട മകനെ കൊടും കാട്ടിലേക്ക് രാക്ഷസരുടെ മുൻപിലേക്ക് വിടുന്നതെങ്ങിനെ, കുട്ടിയല്ലേ, അവനെ കാണാതെ ഇവിടെ ഈ കൊട്ടാരത്തിൽ ഞാൻ എങ്ങിനെ സമാധാനമായിരിക്കും, എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളുവാൻ പറയുകയും ചെയ്തു രാജാവ് ആകെ വിഷമത്തിലായി. രാജഗുരു വസിഷ്ഠമഹാമുനി രാജാവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വിശ്വാമിത്ര മഹർഷിയോടൊപ്പം രാമനേയും ലക്ഷ്മണനേയും പറഞ്ഞയച്ചു. 
കാട്ടിൽ വച്ച് വിശപ്പും ദാഹവും അറിയാതെ ഇരിക്കുവാനായി ബലയും-അതിബലയും മന്ത്രങ്ങൾ വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർക്കു പഠിപ്പിച്ചുകൊടുത്തു. ധാരാളം കഥകളും അസ്ത്രശസ്ത്രപ്രയോഗങ്ങളും പഠിപ്പിച്ചു കൊടുത്തു.   താടക എന്ന രാക്ഷസിയെയും സുബാഹുവിനെയും  വധിച്ചു, മാരീചനെന്ന രാക്ഷസന്റെ നേരെ അമ്പയച്ചു, മാരീചൻ ഓട്ടവും തുടങ്ങി; എവിടെ തിരിഞ്ഞാലും രാമബാണം പുറകെയുണ്ട്‌ എന്നു കണ്ട് രക്ഷയൊന്നും കാണാതെ രാമനെത്തന്നെ അഭയം പ്രാപിച്ചു.  പിന്നീട് ഗൌതമമുനിയുടെ ശാപത്താൽ ശിലയായിരുന്ന അഹല്യക്ക്‌ ശാപമോക്ഷവും കൊടുത്തനുഗ്രഹിച്ചു.  
പിന്നെ മിഥിലാരാജ്യത്തുപോയി. ശൈവചാപമായ ത്രയംബകം വില്ല് കുലച്ച്, സീതാദേവിയെ സ്വയം വരിച്ചു. തിരിച്ചു പോകുംവഴി ദേഷ്യത്തോടെ പാഞ്ഞുവന്ന പരശുരാമനെ കണ്ടുമുട്ടി.   വൈഷ്ണവചാപവും കുലച്ച് പരശുരാമന്റെ ദേഷ്യവും അടക്കി, ബദരികാശ്രമത്തിലേക്ക് തപസ്സുചെയ്യുവാൻ പറഞ്ഞയച്ചു. തന്റെ മുൻപിൽ നില്ക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണെന്ന ബോദ്ധ്യംവന്ന പരശുരാമൻ ശ്രീരാമദേവനെ സ്തുതിച്ചു.
അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമലക്ഷമണഭരതശത്രുഘ്നന്മാർക്കും അവരുടെ ഭാര്യമാരായ സീതാദേവി, ഊർമിള, ശ്രുതകീർത്തി, മാണ്ഡവി ദേവിമാർക്കും  മറ്റെല്ലാവർക്കും സ്വാഗതം നല്കി അയോദ്ധ്യാവാസികളെല്ലാം. 

Shree paadam (14.6.13)



പാദധൂളിയേറ്റഹല്യക്കു-
മോക്ഷമേകി നീ പ്രഭോ 
പാദസ്പർശമേറ്റ കാളിയ-
ന്നഭയം കൊടുത്ത ശ്രീനിധേ.

പാദദീക്ഷയാൽ പ്രഭോ 
ബലിക്കുമോക്ഷമേകി നീ 
പാദസ്മരണയിന്നെനിക്കും 
ബലമായിടുന്നു സർവ്വദാ. 

Tuesday, June 24, 2014

"We, Seagulls and You Humans!"

"We, Sea-gulls and You Humans!"
(30th Jan. 2011) 

God Bestowed Webs for us, to swim all along the water,
You humans need man-made boats to go on water!
God Bestowed Wings for us, to soar high in the sky
You humans need man-made flying-machines to fly!
God Bestowed Legs for us, to take a stroll,
You humans need man-made four wheels to roll!

We get-up early, search for food
Whatever little we get, we eat.
You humans are never content
Going on searching, clothes, things ‘n’ lots of food,
Hunting doctors’ aide, to de-stress ‘n’ sleep,
And to digest over-load of cooked food, so heap!
We need no pills or gym; or housing loans or wealth,
For exercise we fly or swim; ‘n’ fast for health,
We are little birds of nature, ever content,
We can always perch on trees, ‘n’ fall asleep.

The Seagulls at Abra!


"The Seagulls at Abra!"

(30th Jan. 2011)

Walking along the Creek-side
Watching flying sea-birds-
Being one with the white birds
Kept soaring above! O my mind!

Sea-gulls, so pure and white
Ear-tops like-black a dot,
Looks like innocent dolls
Enjoying dance on the waves.

With pink so short, legs they swam,
Clear water showed their dancing webs,
At times dipped head down, now ‘n’ then,
Took a moment’s pause, then alert again.

Flying above, stretching their legs,
Straight they kept legs underneath their tail.
Below their wings, seems so cloud-like grey
Though white as snow, their cute  light body.
Lesser the ego, so, high up they could flew
To soaring heights, that man never knew!