Saturday, February 6, 2016

പതിവ്രതയാം ധർമ്മപത്നി (12.4.2015)

"നാഥ! പതിവ്രതയാം ധർമ്മപത്നി ഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ!"
അങ്ങയിൽ പൂർണ്ണമായി ആത്മസമർപ്പണം നടത്തിയിരിക്കുന്ന എനിക്ക്, ഈ പ്രപഞ്ചത്തിനു മുഴുവനും ആധാരമായിരിക്കുന്ന അങ്ങല്ലാതെ  മറ്റൊരു ആധാരമോ ആശ്രയമോ ഇല്ല. 

"പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ"
അങ്ങയുടെ പാദപങ്കജങ്ങളെ സേവിക്കുവാനുള്ള, ശുശ്രൂഷിക്കുവാനുള്ള പുണ്യം ലഭിച്ചിരിക്കുന്ന എനിക്ക്  പതിവ്രതാധർമ്മം നിഷേധിക്കരുതേ.... ("അങ്ങക്ക് എന്തൊക്കെ സേവ ചെയ്തു തരണം അതിലാണ് എന്റെ സന്തോഷം" ഉണ്ടാവുന്നത്, എന്റെ സന്തോഷത്തിനായി അങ്ങേക്ക് ഒന്നും തന്നെ തേടേണ്ടതായി ഉണ്ടാവില്ല എന്നർത്ഥം കൂടി വരുന്നു.)

"നിന്നുടെ സന്നിധൌ സന്തതം വാണീടു-
മെന്നെ മറ്റാർക്കാനും പീഡിച്ചു കൂടുമോ?"
അങ്ങയുടെ സമീപത്ത് സദാ വാഴുന്ന എന്നെ അങ്ങയുടെ സംരക്ഷണകവചത്തിനുള്ളിൽ സുരക്ഷിതയായിരിക്കുന്ന എന്നെ ആർക്കാണ് പീഡിപ്പിക്കുവാൻ ആവുക? (ഭഗവാനിൽ ഉള്ള തന്റെ പരിപൂർണ്ണ ശ്രദ്ധാവിശ്വാസം ഉള്ളത് സൂചിപ്പിക്കുന്നു).

"വല്ലതും മൂലഫലജലാഹാരങ്ങൾ
വല്ലഭോച്ഷ്ടമെനിക്കമൃതോപമം"
ഭക്ഷണമാണെങ്കിൽ, അങ്ങ് എന്ത് കഴിക്കുന്നുവോ കാട്ടുകിഴങ്ങുകളോ, കായ്കനികളോ, ജലമോ എന്തു തന്നെയായാലും ശരി അങ്ങ് കഴിച്ചതിന്റെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതെനിക്ക് അമൃതം പോലെയായിരിക്കും.

"ഭർത്താവു തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂർത്തുമൂർത്തുള്ളകല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭർത്താവേ!"
ഭർത്താവിന്റെ കൂടെ നടക്കുമ്പോൾ കാട്ടിലെ എത്ര കൂർത്തുമൂർത്തുള്ളകല്ലും മുള്ളും പുഷ്പസമാനമാണ്. ഖോരമായ കാട്ടിലൂടെ എത്ര വർഷങ്ങൾ നടന്നാലും ഒട്ടും ഭയവുമെനിയ്ക്കില്ല,  യാതൊരു ബുദ്ധിമുട്ടും ഞാൻ കാരണം അങ്ങേക്ക് ഉണ്ടാവുകയില്ല, എന്നെ ഇവിടെ വിട്ടിട്ടു  പോകല്ലേ ദേവാ.
(ഞാൻ കാരണം ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല, ദുഷ്ടന്മാരായ രാക്ഷസരോ മൃഗങ്ങളോ ഉപദ്രവിക്കും എന്ന ഭയം എനിക്കില്ല, സംരക്ഷകനായ അങ്ങയിൽ പൂർണ്ണ വിശ്വാസമുള്ളതിനാൽ; പ്രത്യേകമായ ഇഷ്ട ഭക്ഷണങ്ങൾ തേടേണ്ടതായി വരികയില്ല; എന്റെ സന്തോഷത്തിനായി അങ്ങേക്ക് ഒന്നും തന്നെ പ്രവർത്തിക്കേണ്ടതായി വരില്ല, കാരണം അങ്ങയെ സേവിക്കുക അങ്ങയുടെ സുഖം സന്തോഷം എന്നതിൽ കവിഞ്ഞ് എനിക്ക് മറ്റൊന്നും തന്നെ സന്തോഷദായകമായിട്ട്  ഉണ്ടാവില്ല).

No comments: