വിശ്വാമിത്രമഹർഷിയുടെ ആഗമനവിവരം അറിഞ്ഞയുടനെ ജനകമഹാരാജാവ് പരിവാരങ്ങളുമായി നിറഞ്ഞ മനസ്സോടെ ഭക്ത്യാദരവോടുകൂടി പൂജാദ്രവ്യങ്ങളുമായി വന്ന് പൂജിച്ചു. നരനാരയണന്മാരുടെ അവതാരമൂർത്തികളാണോ മുന്നിൽ നിൽക്കുന്നത്, സൂര്യചന്ദ്രന്മാരെന്നപോലെ പ്രഭ ചൊരിയുന്ന ഈ കുമാരന്മാർ ആരാണ് എന്ന് ജനകമഹാരാജാവ് വിശ്വാമിത്രമഹർഷിയോട് ചോദിച്ചു. പരമഭക്തനായ ഈ യോഗിക്ക്, ഭഗവാനെ തിരിച്ചറിയുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നറിയാമെങ്കിലും വിശ്വാമിത്ര മുനി വിചാരിച്ചുകാണും, ധനുർയജ്ഞത്തിനായി മിഥിലാരാജ്യത്തേക്ക് കൊണ്ടുപോകുന്ന രാമലക്ഷ്മണന്മാരുടെ യഥാർത്ഥ സ്വരൂപം ഇപ്പോൾ തന്നെ അറിയിച്ചാൽ ശരിയാവില്ല എന്ന്. അതുകൊണ്ട് പറഞ്ഞു, "മഹാരാജാവേ, എന്റെ വാക്കുകൾ വിശ്വസിച്ചാലും..." ദേവന്മാരെ അ സുരന്മാരോട് യുദ്ധം ചെയ്യുന്നതിൽ സഹായിക്കുവാൻ പോലും കഴിവുള്ളതായിട്ടുള്ള വീരനായ ദശരഥമഹാരാജാവിന്റെ പുത്രന്മാരാണ് ഇവർ രണ്ടുപേരും. ശ്രീരാമൻ ജ്യേഷ്‌ഠനും അനുജൻ ലക്ഷ്‌മണൻ മൂന്നാമത്തെ പുത്രനും. ലോകക്ഷേമത്തിനായിക്കൊണ്ട് പിതൃക്കൾക്ക് വേണ്ടി ഞാൻ നടത്തിക്കൊണ്ടിരുന്ന യാഗം സംരക്ഷിക്കുവാനായി ഞാൻതന്നെ ചെന്നു കൂട്ടിക്കൊണ്ടുപോന്നതാണ്. കണ്ടാൽ കുട്ടികളാണെങ്കിലും ഇവർ നിസ്സാരക്കാരല്ല കേട്ടോ, കാടുമുഴുവനും വിറപ്പിച്ചിരുന്ന താടക എന്ന രാക്ഷസിയെപ്പേടിച്ച് ആ വഴിയേതന്നെ ആരും നടന്നിരുന്നില്ല, ആ ഭയങ്കരിയായ രാക്ഷസിയെ ഒരേയൊരു ബാണം കൊണ്ടുതന്നെ എയ്‌തു കൊന്നു. അതോടെ ഞങ്ങളുടെ ഭയവും മാറി, യാഗം സുഗമമായി അനുഷ്ഠിയ്ക്കുവാനും സാധിച്ചു. അതുമാത്രമല്ല, ഗൗതമമഹർഷിയുടെ പത്നി അഹല്യ, മുനിശാപത്താൽ അചേതനമായ കല്ലുപോലെ വിജനമായ ആശ്രമപരിസരത്ത് ഉണ്ടായിരുന്നു. അതിലേ നടന്നുവന്ന ശ്രീരാമന്റെ പാദങ്ങളിലെ പൊടിവീണതിനാൽ പരിശുദ്ധയായി വീണ്ടും ഗൗതമ മഹർഷിയുടെ അടുത്തേക്ക് സേവനാതൽപ്പരയായി തിരിച്ചുപോകുവാൻ സാധിച്ചു. (മുനിമാരുടെ ശാപം അനുഗ്രഹം തന്നെയാണ്. ആ മഹാത്മാക്കൾ കോപത്തെ മറികടന്നവരാണെങ്കിലും എന്തിനു കോപം വന്നു ശപിക്കുന്നുവെന്നാണെങ്കിൽ അത് അവരുടെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്. കോപം അഭിനയിച്ചുകൊണ്ട് ശപിച്ചാലും ഉടനെ ഹൃദയം ആർദ്രമായി ശാപമോക്ഷവും അരുളും. കാരണം അവർക്കറിയാം ഋഷിമുനിമാരുടെ ശാപത്താൽ നരകത്തിൽ പോകും പക്ഷെ ഭഗവാന്റെ കൈകളാൽ വധിക്കപ്പെട്ടാൽ പോലും അവർക്ക് മോക്ഷമാണ് ലഭിക്കുന്നത് എന്ന്. അതിനാൽ എത്ര വലിയ തെറ്റുചെയ്യുന്നവരേയും അവർ ഭഗവാന്റെ അടുത്ത് എത്തിക്കും. 'താടകയ്ക്കു ഭഗവാന്റെ അടുത്ത് വിദ്വേഷത്തോടെ അടുക്കേണ്ടി വന്നു' എങ്കിലും ഭഗവാന്റെ കാരുണ്യത്തോടെ രാമബാണത്താൽ മോക്ഷം കിട്ടി. ജലപാനം പോലുമില്ലാതെ, യാതൊരു ജീവിയുടേയും സഹവാസം പോലും ഇല്ലാതെ, ഏകാന്തഭക്തിയോടെ സദാ രാമനാമ ജപത്തിൽ നിമഗ്നയായിരുന്ന അഹല്യയുടെ പുണ്യസഞ്ചയത്താൽ ഭഗവാൻ അഹല്യയുടെ അടുത്തേക്ക് വരേണ്ടിവന്നു. സ്വന്തം പതിയായ ഗൗതമമുനിയുടെ ശാപം അനുഗ്രഹമായിക്കരുതി അഹല്യ. സാഹചര്യങ്ങളെ പഴിച്ചില്ല, സ്വയം പഴിച്ചില്ല, കിട്ടിയ സന്ദർഭം വേണ്ടപോലെ ഉപയോഗിച്ചു. ഭഗവാൻ തന്ന നാവും മനസ്സും ഇന്ദ്രിയങ്ങളും ഉള്ളിലേക്കാക്കിക്കൊണ്ട് ഭഗവൽ നാമജപം തുടർന്നു . ഭക്തപരാധീനനായ ഭഗവാന് പിന്നെ വരാതിരിക്കുവാൻ ആകുമോ?)
സാക്ഷാൽ ശ്രീ പരമേശ്വരന്റെ ചാപം സാധാരണ ഒരു വില്ല് അല്ല. ഭഗവാന്റെ ആയുധങ്ങൾ എല്ലാം ചൈതന്യവത്താണ്. സാധാരണക്കാരായ നമ്മുടെ വീട്ടിലുള്ള അചേതന ആയുധങ്ങളെപ്പോലെ നിസ്സാരമയിട്ടുള്ളതല്ല.
മാഹേശ്വരമായ ചാപം കാണുവാൻ ഉള്ളിൽ വളരെ ആഗ്രഹമുണ്ട് അതുകൊണ്ട് അത് കാണിച്ചു തരണമെന്ന് വിശ്വാമിത്രമഹർഷി ജനകമഹാരാജാവിനോട് പറഞ്ഞു. സാക്ഷാൽ ഭഗവാൻ തന്നെ അവതരിച്ചിരിയ്ക്കുന്നതാണ് ശ്രീരാമദേവനായി എന്ന് വിശ്വാമിത്രമഹർഷി അറിയിച്ചില്ലയെങ്കിലും "എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ" എന്ന് കൂട്ടിച്ചേർത്തു. ഭഗവൽ സങ്കല്പംകൊണ്ട് ഭഗവാന്റെ സ്വരൂപം മഹാരാജാവിനു മനസ്സിലായതില്ല എങ്കിലും യഥാവിധി പൂജിച്ചശേഷം സൽക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്കണ്ടിട്ട് "ചിത്തത്തിൽ വളരെയധികം പ്രീതിയുണ്ടായി" ജനകമഹാരാജാവിന്. (പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തത് അഹം ഭക്ത്യുപഹൃദം അശ്നാമി പ്രയതാത്മന: ) എന്ന് ശ്രീമദ് ഭഗവദ് ഗീത അദ്ധ്യായം 9 ശ്ലോകം 26-ൽ പറയുന്നുണ്ടല്ലോ. ചെയ്യേണ്ടത് ചെയ്തുകഴിയുമ്പോൾ ചിത്തം തെളിയും, കൃതാർത്ഥത തോന്നും, മന:പ്രസാദമുണ്ടാകും. ഭഗവാനാണ് എന്നറിയാതെയാണ് ഭക്തിപൂർവ്വം പൂജിച്ചതെങ്കിലും ഭഗവാൻ മനസ്സാ സ്വീകരിച്ചിരിക്കുന്നു.
അതിനുശേഷം ജനകമഹാരാജാവ് മുഖ്യമന്ത്രിയോട് ഉടനെ കൊട്ടാരത്തിൽ ചെന്ന് പാരമേശ്വരചാപം രാജസഭയിലേക്ക് ആനയിക്കുവാൻ ഉത്തരവിട്ടു. എന്നിട്ട് ജനകമഹാരാജാവ് വിശ്വാമിത്രമുനിയോട് പറഞ്ഞു "രാജകുമാരനായ ഈ ബാലകൻ രഘുവംശത്തിലെ ശ്രേഷ്ഠൻ, താമരക്കണ്ണൻ, സുന്ദരൻ, ദശരഥപുത്രൻ, ഈ ചാപം കുലച്ചുവലിച്ചു മുറിച്ചീടുമെങ്കിൽ തീർച്ചയായും എന്റെ മകൾക്ക് വല്ലഭാനാകുന്നതായിരിക്കും. അനേകം കിങ്കരന്മാർ ഹുങ്കാരത്തോടുകൂടി എടുത്തു കൊണ്ടുവന്നു ത്രൈയംബകം. . പട്ടുവസ്ത്രം കൊണ്ടും അനേകം മണികൾകൊണ്ടും അലങ്കരിച്ച മൃത്യുശാസനചാപം. ശ്രീ പരമേശ്വരൻ സദാരാമജപത്തിൽ മുഴുകിക്കഴിയുന്ന ഭഗവാനാണ്. ആ രാമഭക്തന്റെ പള്ളിവിൽ കണ്ടു ശ്രീ രാമചന്ദ്രഭഗവാൻ ബഹുമാനപുരസ്സരം വന്ദിച്ചു. സാക്ഷാൽ പരബ്രഹ്മം ഭൂമിയിൽ അവതാരം ചെയ്തതാണെങ്കിലും മാനുഷരൂപത്തിൽ ഇരിക്കുമ്പോൾ മനുഷ്യനെപ്പോലെ പ്രവർത്തിയ്ക്കുമല്ലോ. "വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ? ചൊല്ലൂ.." എന്നു് ഗുരുവിന്റെ അനുവാദത്തിനായി ഭഗവാൻ ശ്രീ രാമചന്ദ്രൻ ഒന്ന് തൃക്കണ്‍ പാർത്തു. "മടിക്കേണ്ട, എല്ലാമാകുന്നതു ചെയ്താലും ഇതുകൊണ്ട് മംഗളം ഭവിക്കുമല്ലോ" എന്ന് ഗുരു അനുഗ്രഹിക്കുന്നതുകേട്ട് രഘുവംശതിലകൻ പതുക്കെപ്പോയിച്ചെന്നുനിന്നു ഭവചാപത്തെ വീക്ഷിച്ചു. ജ്വലിച്ച തേജസ്സോടെ വേഗം എടുത്തു കുലച്ചു വലിച്ചുമുറിച്ചുടനെ ഈരേഴു ലോകങ്ങളുംമുഴങ്ങി. ('ഭവ'മെന്നാൽ സംസാരം എന്നും അർത്ഥം വരുന്നുണ്ട്; ശിവനെന്നും അർത്ഥം 'ഭവ' ശബ്ദത്തിനുണ്ട്.) ദേവവൃന്ദം ആകാശത്തിൽ നിന്ന് പാട്ടും ആനന്ദനൃത്തവും കൂട്ടവാദ്യങ്ങളും മംഗലസ്തുതികളും പുഷ്പവൃഷ്ടികളും നടത്തി, ദേവന്മാരൊക്കെ പരമാനന്ദം പൂണ്ട് ദേവദേവനെ പൂജിക്കുകയും അപ്സരസ്ത്രീകളെല്ലാം ഉത്സാഹത്തോടെ വിശ്വേശ്വരനുടെ വിവാഹോത്സവം ആരംഭിക്കുന്നതിന്റെ ആഘോഷം കണ്ടു കൗതുകം പൂണ്ടു ജനങ്ങളെല്ലാം. ജഗത്‌സ്വാമിയാകിയ ഭഗവാനെ ജഗത്‌സ്വാമിയാകിയ ഭഗവാനെ സദസ്സിന്റെ മുൻപിൽ വച്ച് ഗാഢമായി ആശ്ലേഷവും ചെയ്തു. ഇടിവെട്ടും വണ്ണം മൃത്യുശാസനചാപം മുറിഞ്ഞ ശബ്ദം കേട്ട് അവിടെ കൂടിയിരുന്ന രാജാക്കന്മാർ നടുങ്ങിപ്പോയി, പാമ്പുകൾ മാളത്തിൽപ്പോയി ഒളിയ്ക്കുംപോലെ. മഴക്കാറുകണ്ട മയിൽപ്പേടപോലെ സന്തോഷംകൊണ്ട് സീതാദേവിയുടെ മനസ്സ് നൃത്തം വച്ചു. വിശ്വേശ്വരനുടെ വിവാഹോത്സവം ആരംഭിക്കുകയായി. വിശ്വത്തിന്റെ മുഴുവനും മിത്രമായ വിശ്വാമിത്ര മഹർഷിയുടെ മനം കുളിർക്കുകയും ചെയ്തു.
No comments:
Post a Comment