Saturday, February 6, 2016

ഗജേന്ദ്രമോക്ഷം (16.11.15)

തമോഗുണമുള്ള മൃഗമാണ്‌ ആന. അഗസ്ത്യമഹർഷിയാൽ ശപിക്കപ്പെട്ട ഇന്ദ്രദ്യുമ്നനെന്ന കാട്ടിലെ ആനരാജാവ് നാം തന്നെ. സ്വന്തം താവളത്തിൽ സുരക്ഷിതരെന്ന ഭ്രമത്തിൽ കഴിയുമ്പോൾ അഹങ്കാരം തല പൊക്കുന്നു. ശരീരമനോബുദ്ധികളാലും ബന്ധുജനങ്ങളാലും സ്ഥാനമാനങ്ങളാലും എല്ലാം തികഞ്ഞുവെന്ന മിഥ്യാധാരണയിൽ കഴിഞ്ഞു കൂടുമ്പോഴൊന്നുംതന്നെ, ഭഗവാന്റെ കാരുണ്യമാണിവിടെ നടക്കുന്നതെല്ലാം എന്നും താൻ മാത്രം വിചാരിച്ചാൽ സ്വന്തം ശരീരം പോലും വിചാരിക്കും പോലെ വഴങ്ങുകയോ ഒന്നും തന്നെ ആവില്ല എന്ന് മനസ്സിലാക്കുന്നില്ല. എല്ലാം ഞാൻ ചെയ്യുന്നുവെന്നും എന്നാൽ സാധിക്കുന്നുവെന്നും എല്ലാം എന്റേതാക്കണമെന്നും എങ്ങിനെയും എന്തും സ്വന്തമാക്കണം എന്നും ഒക്കെ ഭ്രമിച്ച് ഭഗവാനെ മറന്ന് ഈ ലോകത്തിൽ കഴിയുന്നു. പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം ഭഗവാൻ എനിക്ക് മാത്രം എന്താണിങ്ങനെ തന്നത് എന്ന് വിഷമിച്ചിരിക്കും. അതുവരെ ഒർക്കാതിരുന്ന ഭഗവാൻ ചോദിക്കാതെ തന്നെ തന്നുകൊണ്ടിരുന്ന സൌഭാഗ്യങ്ങൾ ഒന്നും ശ്രദ്ധയിൽ പെടില്ല; ഈ കോടാനുകോടി ബ്രാഹ്മാണ്ഡങ്ങളെയും ഭഗവാൻ സൃഷ്ടിച്ചു പരിരക്ഷിച്ചുകൊണ്ടിരിക്കുന്നതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല, ഇതുവരെ ഭഗവാന്റെ നാമം ഉച്ചരിച്ചിട്ടുപോലും ഉണ്ടാവില്ല --- പക്ഷെ അവനവന് മറികടക്കുവാൻ സാധിക്കാത്ത ഒരു പ്രശ്നം മുൻപിൽ കാണുമ്പോൾ അതുവരെ യഥേഷ്ടം അനുഭവിച്ചിരുന്നതുപോലും സൌകര്യപൂർവ്വം മറന്നുപോകും... ഇതാണ് തമോഗുണികളായ നമ്മുടെ ഓരോരുത്തരുടേയും അവസ്ഥ. ഇന്ദ്രദ്യുമ്നന്റെ കഥയിലൂടെ നമ്മളെത്തന്നെ പരിചയപ്പെടുത്തി രക്ഷപ്പെടുവാനുള്ള വഴിയേയും നമുക്ക് കാണിച്ചുതരുന്നു ഗജേന്ദ്രമോക്ഷത്തിലൂടെ.

No comments: