Showing posts with label Srimad Bhagavat. Show all posts
Showing posts with label Srimad Bhagavat. Show all posts

Saturday, February 6, 2016

കുന്തീ സ്തുതി (vanaja - 10.2.2015)

എന്റെ കൃഷ്ണാ .. എണ്ണിയാൽ തീരുമോ അങ്ങയുടെ മഹിമ...അങ്ങയുടെ കാരുണ്യം...
ഉറപ്പായിട്ടും സ്വന്തം അമ്മ ദേവകീദേവിക്കുപോലും കിട്ടീട്ടുണ്ടാവില്ല ഇത്രയും അവിടുത്തെ പ്രേമവും കാരുണ്യവും! 
ഞാൻ എപ്പോഴും ഓർക്കും ആ ദേവകീദേവിയുടെ ഒരു ദുഖമേ...കൃഷ്ണ കൃഷ്ണാ ചിന്തിക്കുവാൻ വയ്യ.. 

വിവാഹം കഴിഞ്ഞ അന്നുമുതൽ ദുഷ്ടനായ കംസന്റെ തടവിൽ... 
എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നകാലം മുഴുവനും ആ നാലുചുമരുകൾക്കുള്ളിൽ വിതുമ്പി ഒതുങ്ങിക്കഴിഞ്ഞു വര്ഷങ്ങളോളം... 
ഓരോ ഓമനക്കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുമ്പോഴും ലളിക്കുവാനോ കൊതിതീരുവോളം ഒന്ന് കാണുവാനോ പോലും സാധിച്ചിരുന്നോ ? 
ഓരോരുത്തരെയായി ആറു പൊന്നോമനകളെയല്ലേ കംസൻ നിഷ്ക്കരുണം വധിച്ചത്! .. 

ഭഗവാൻ തന്നെ മകനായി പിറന്നിട്ടും ആ അമ്മയ്ക്ക് കുറച്ചുനേരം പോലും കൃഷ്ണനോടൊത്ത് കഴിയുവാനായോ ? 
നെറ്റിമേൽ വീണുകിടക്കുന്ന കുറുനിരകളും അതിനിടയിലൂടെ കാരുണ്യം വഴിഞ്ഞൊഴുകുന്ന പ്രകാശമേറിയ കണ്ണുകളുടെ കുസൃതി നിറഞ്ഞനോട്ടവും മധുരിക്കുന്ന പുഞ്ചിരിയും കുഞ്ഞുവിരലുകൾ ചുരുട്ടിപ്പിടിച്ച് കൈകാലുകൾ കുടഞ്ഞു കളിക്കുന്നതും കണ്ടിരിയ്ക്കുവാനായോ ? 
പിന്നെ കാണുന്നത് നീണ്ട പതിനൊന്നോളം വർഷങ്ങൾ കഴിഞ്ഞിട്ടാണ്! 

കംസന്റെ കൽതുറുങ്കല്ലിൽ ബന്ധനസ്ഥയായിട്ട് .... എത്ര കണ്ണീരു കുടിച്ചിട്ടുണ്ടാകും ദേവകീദേവി! 
എന്നോടും കുട്ടികളോടും  കൃഷ്ണനെത്രയാ കാരുണ്യം കാട്ടിയിരിക്കുന്നത് ...എണ്ണിയാൽ തീരില്ല...
ഓരോരോ ആപത്തുകൾ വന്നുകൊണ്ടിരുന്നപ്പോഴും അപ്പപ്പോൾ ഭഗവാൻ എന്നെയും കുട്ടികളേയും അതിൽ നിന്നെല്ലാം രക്ഷിച്ചുവരുന്നു..... 
ഭീമന് ദുര്യോധനൻ വിഷം കൊടുത്ത് ഇല്ലാണ്ടെയാക്കുവാൻ ശ്രമിച്ചപ്പോൾ രക്ഷിച്ചതും , 
അരക്കില്ലത്തിൽ ഇട്ട് എല്ലാവരേയും അഗ്നിക്കിരയാക്കുവാൻ നോക്കിയപ്പോൾ രക്ഷിച്ചതും, 
രാക്ഷസന്മാരിൽ നിന്നും രക്ഷിച്ചതും, 
കൗരവസഭയിൽ ചൂതുകളിച്ചപ്പോൾ, വസ്ത്രമായ് വന്ന്  ദ്രൗപദീ മാനസംരക്ഷണം ചെയ്തതും, 
അർജ്ജുനന്റെ സാരഥിയായി പാർത്ഥനെ നേർവഴി നയിച്ചതും, 
യുദ്ധത്തിൽ അർജ്ജുനന്റെ നേർക്കുവന്നുചേർന്നുകൊണ്ടിരുന്ന കൂർത്തുമൂർഛയേറിയ ശരങ്ങൾ സ്വയം തിരുമാറിൽ ഏറ്റുവാങ്ങിക്കൊണ്ട് പാർത്ഥനെ സംരക്ഷിച്ചതും,
അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗർഭത്തിനു നേരെ വരുന്നതുകണ്ട് പാണ്ഡവരുടെ ആകെ അവശേഷിച്ചിരുന്ന അഭിമന്യുപുത്രനെ സംരക്ഷിച്ചതും,
അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്തത്ര കാരുണ്യം അങ്ങ് ഞങ്ങളിൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്നില്ലേ ?  

ഭഗവാനേ! ഏതുദു:ഖം വരുമ്പോഴും അതൊന്നും ഒരു പ്രശ്നമായിരുന്നില്ല!
കാരണം ഈ ജനിമൃതിചക്രത്തിൽ നിന്നുള്ള മോചനമായ മോക്ഷപ്രദായകമായ നിന്തിരുവടിയുടെ മഹൽദർശനം തന്ന് അനുഗ്രഹിച്ചുകൊണ്ടിരുന്നില്ലേ? 

ആത്മാനാത്മവിവേകമുള്ള പരമഹംസന്മാരായ മഹർഷികൾക്കും സദാ ഭഗവദ് പാദപങ്കജങ്ങളിൽ ചിത്തം ഉറപ്പിച്ചുധ്യാനിക്കുന്ന മുനിമാർക്കും നിന്തിരുവടിയെ പൂർണ്ണമായി അറിയുവാൻ കഴിയുന്നില്ല. പിന്നെ വെറും സ്ത്രീയായ അജ്ഞാനിയായ ഈയുള്ളവൾക്ക് അങ്ങയെ എങ്ങിനെ അറിയുവാനാണ്! അതുകൊണ്ട് എങ്ങും നിറഞ്ഞിരിക്കുന്ന അവിടുത്തേക്ക് വെറും നമസ്ക്കാരം മാത്രം ചെയ്യുന്നു.

ഗജേന്ദ്രമോക്ഷം (16.11.15)

തമോഗുണമുള്ള മൃഗമാണ്‌ ആന. അഗസ്ത്യമഹർഷിയാൽ ശപിക്കപ്പെട്ട ഇന്ദ്രദ്യുമ്നനെന്ന കാട്ടിലെ ആനരാജാവ് നാം തന്നെ. സ്വന്തം താവളത്തിൽ സുരക്ഷിതരെന്ന ഭ്രമത്തിൽ കഴിയുമ്പോൾ അഹങ്കാരം തല പൊക്കുന്നു. ശരീരമനോബുദ്ധികളാലും ബന്ധുജനങ്ങളാലും സ്ഥാനമാനങ്ങളാലും എല്ലാം തികഞ്ഞുവെന്ന മിഥ്യാധാരണയിൽ കഴിഞ്ഞു കൂടുമ്പോഴൊന്നുംതന്നെ, ഭഗവാന്റെ കാരുണ്യമാണിവിടെ നടക്കുന്നതെല്ലാം എന്നും താൻ മാത്രം വിചാരിച്ചാൽ സ്വന്തം ശരീരം പോലും വിചാരിക്കും പോലെ വഴങ്ങുകയോ ഒന്നും തന്നെ ആവില്ല എന്ന് മനസ്സിലാക്കുന്നില്ല. എല്ലാം ഞാൻ ചെയ്യുന്നുവെന്നും എന്നാൽ സാധിക്കുന്നുവെന്നും എല്ലാം എന്റേതാക്കണമെന്നും എങ്ങിനെയും എന്തും സ്വന്തമാക്കണം എന്നും ഒക്കെ ഭ്രമിച്ച് ഭഗവാനെ മറന്ന് ഈ ലോകത്തിൽ കഴിയുന്നു. പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം ഭഗവാൻ എനിക്ക് മാത്രം എന്താണിങ്ങനെ തന്നത് എന്ന് വിഷമിച്ചിരിക്കും. അതുവരെ ഒർക്കാതിരുന്ന ഭഗവാൻ ചോദിക്കാതെ തന്നെ തന്നുകൊണ്ടിരുന്ന സൌഭാഗ്യങ്ങൾ ഒന്നും ശ്രദ്ധയിൽ പെടില്ല; ഈ കോടാനുകോടി ബ്രാഹ്മാണ്ഡങ്ങളെയും ഭഗവാൻ സൃഷ്ടിച്ചു പരിരക്ഷിച്ചുകൊണ്ടിരിക്കുന്നതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല, ഇതുവരെ ഭഗവാന്റെ നാമം ഉച്ചരിച്ചിട്ടുപോലും ഉണ്ടാവില്ല --- പക്ഷെ അവനവന് മറികടക്കുവാൻ സാധിക്കാത്ത ഒരു പ്രശ്നം മുൻപിൽ കാണുമ്പോൾ അതുവരെ യഥേഷ്ടം അനുഭവിച്ചിരുന്നതുപോലും സൌകര്യപൂർവ്വം മറന്നുപോകും... ഇതാണ് തമോഗുണികളായ നമ്മുടെ ഓരോരുത്തരുടേയും അവസ്ഥ. ഇന്ദ്രദ്യുമ്നന്റെ കഥയിലൂടെ നമ്മളെത്തന്നെ പരിചയപ്പെടുത്തി രക്ഷപ്പെടുവാനുള്ള വഴിയേയും നമുക്ക് കാണിച്ചുതരുന്നു ഗജേന്ദ്രമോക്ഷത്തിലൂടെ.