ഇഷ്ടദേവതാ ഉപാസനയുടെ മാഹാത്മ്യം നാരായണീയം ദശകം 2-ൽ പറയുന്നു. ആദ്യത്തെ രണ്ടു ശ്ലോകങ്ങളിൽ ഭഗവാന്റെ വാങ്ഗ്-മയ ചിത്രം വർണ്ണിയ്ക്കുന്നു. ഭഗവാന്റെ ഈ രൂപത്തിന് എന്താണ് പ്രമാണം? ധ്രുവന് നാരദ മഹർഷി പറഞ്ഞുകൊടുത്ത രൂപം, ഉദ്ധവന് ശ്രീകൃഷ്ണൻ പറഞ്ഞു കൊടുത്ത രൂപം, കപിലഭഗവാൻ അമ്മയായ ദേവഹൂതിയ്ക്ക് ഉപദേശിച്ചരൂപം ...അങ്ങനെ പ്രമാണമുണ്ട്. പുതിയ വഴി വെട്ടിത്തെളിച്ചതല്ല, സുരക്ഷിതമായ മാർഗ്ഗമാണ് പരീക്ഷിച്ചു തെളിഞ്ഞതാണ് എന്ന് ചുരുക്കം.
1) ത്വദ് രൂപം (അഹം) ഭജേ - അങ്ങയുടെ ഈ രൂപം ഞാൻ ധ്യാനിയ്ക്കുന്നു.
സൂര്യന്റെ പ്രകാശം തോറ്റുപോകും വിധം തിളക്കമാർന്ന തങ്കക്കിരീടം. കറുത്തിരുണ്ട പുരികക്കൊടികൾക്കിടയിൽ മുകളിലായി നീണ്ട ഗോപിക്കുറി. നെറ്റിയോ, പഞ്ചമിച്ചന്ദ്രന്റെ വലിപ്പം. കാരുണ്യം വഴിഞ്ഞൊഴുകുന്ന കണ്ണുകൾ. ഭക്തന്മാരെ അനുഗ്രഹിക്കുവാൻ വെമ്പൽ കൊള്ളുന്ന കാരുണ്യം ഓളം വെട്ടുന്ന, നീണ്ട താമരപ്പൂവിന്റെ ഇതൾപോലെയുള്ള കണ്ണുകൾ ഒന്ന് നോക്കിയിരുന്നു നോക്കൂ. മനസ്സ് ആനന്ദത്തിൽ ആറാടും. കണ്ണുകൾക്കുശേഷം നാസികയല്ല വർണ്ണിച്ചിരിക്കുന്നത് പുഞ്ചിരിയാണ്. നമ്മുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് നമ്മുടെ സങ്കടങ്ങൾ ഒപ്പിയെടുത്ത്, നമ്മളെ ആശ്വസിപ്പിക്കുന്നതാണ് ആ പാൽപുഞ്ചിരി. ഭഗവാനെ സർവ്വാത്മനാ ആശ്രയിച്ചാൽ, ആ തിരുമുഖത്തുനോക്കി കുറച്ചു നേരം ഇരുന്നാൽ - "നീ എന്തിനു സങ്കടപ്പെടുന്നു, ഞാനുണ്ടല്ലോ" എന്ന ആശ്വാസം പകർന്നു തരുന്നതായി കാണാം.
സാമുദ്രികാശാസ്ത്രപ്രകാരം, ഉയർന്നു വളഞ്ഞു നിൽക്കുന്ന ഭഗവാന്റെ മനോഹരമായ നാസിക, മകരമത്സ്യങ്ങളെപ്പോലെ ആകൃതിയുള്ള കുണ്ഡലങ്ങൾ കാതിൽ; കുണ്ഡലങ്ങളുടെ പ്രകാശം പ്രതിഫലിച്ചിട്ടെന്നോണം ചുവന്നു തുടുത്ത കവിൾത്തടങ്ങൾ.ശംഖുപോലെയുള്ള കഴുത്ത്; കഴുത്തിൽ അരുണോദയം പോലുള്ള കൌസ്തുഭം, തിരുമാറിൽ വൈജയന്തിമാല, മുത്തുമാലകൾ പച്ചക്കല്ലുവച്ചമാല, കൂടാതെ മഹാലക്ഷ്മിയുടെ ഇരിപ്പിടമായ മാറിടത്തിൽ ശ്രീവത്സം. ഭഗവാന്റെ പരമഭക്തയായ മഞ്ജുള വാരസ്യാർ ആൽത്തറയിൽ കിടന്ന കല്ലിൽ ഭഗവാനെ ധ്യാനിച്ചു കൊണ്ട് ചാർത്തിയ പൂമാല ഭഗവാന്റെ തിരുമാറിൽ വനമാലയായി ശോഭിക്കുന്നു. വനമാലയോടു കൂടിയ ഗുരുവായൂരപ്പന്റെ വർണ്ണന നാരായണീയത്തിലേയുള്ളൂ.
2) കേയൂരം, അംഗദം, കങ്കണം, ഉത്തമ മഹാരത്നങ്ങൾ പതിപ്പിച്ചിരിക്കുന്ന മോതിരം, ലക്ഷണമൊത്ത നീണ്ട കൈകൾ, ചതുർഭുജനായി ശംഖ-ചക്ര-ഗദാ-പത്മങ്ങൾ ധരിച്ച്, മഞ്ഞപ്പട്ടുടയാട അതിനുമുകളിൽ തങ്കം കൊണ്ടുള്ള അരഞ്ഞാണം, താമരപ്പൂപോലെ ശോഭയാർന്നതും മൃദുവായതുമായ പാദപങ്കജങ്ങൾ. പ്രകാശം പരത്തുന്ന നഖങ്ങൾ.
ഈ രണ്ടു ശ്ലോകങ്ങളിൽ പറയുന്ന ഗുരുവായൂരപ്പന്റെ രൂപം ധ്യാനിയ്ക്കാമോ? എല്ലാർക്കും സാധിക്കുന്ന ധ്യാനമാണ് ഇവിടെ പറയുന്നത്. ബ്രഹ്മദേവന് ഭഗവാൻ ദർശനം കൊടുത്ത വൈകുണ്റ മൂർത്തിയുടെ ഈ ചിത്രം ഉള്ളിലേയ്ക്കാക്കാമോ ?
സ്വാമി അശേഷനന്ദജിയുടെ ബോറിവില്ലിയിൽ 3.1.2016-ൽ നടന്ന, നാരായണീയ ജ്ഞാന യജ്ഞത്തിൽ നിന്ന്. (ആചാര്യൻ പാലക്കാട് ചിന്മയമിഷൻ)
No comments:
Post a Comment