Saturday, February 6, 2016

Shudhi (26.1.2015)

ചെരുപ്പൂരി വച്ച്, കാലുകൾ കഴുകിയിട്ട് ക്ഷേത്രമാകുന്ന ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതുപോലെ നമ്മുടെ അകത്തേക്ക് കടക്കുവാനും ഒരു ചിത്തശുദ്ധി വരുത്തൽ അനിവാര്യം തന്നെയല്ലേ എന്ന് ഓർത്തുപോയി. 

ഭഗവാൻ തന്നിരിക്കുന്ന ഇന്ദ്രിയങ്ങൾ കൊണ്ട് നാം വേണ്ടതും വേണ്ടാത്തതും കാണുന്നു, കേൾക്കുന്നു, മണക്കുന്നു, രുചിക്കുന്നു, അനുഭവിക്കുന്നു എന്നിട്ട് ഈ അനുഭവങ്ങളൊന്നും പോരാഞ്ഞ് വീണ്ടും വീണ്ടും രുചിയുള്ള ഇന്നലെ കഴിച്ച ഭക്ഷണത്തെക്കുറിച്ചും മറ്റ് അനുഭവങ്ങളെക്കുറിച്ചും അനുകൂലമായും പ്രതികൂലമായും മനസ്സിൽ പ്രതികരിക്കുന്നു. പൂർവ്വജന്മ വാസനകളെ ഇല്ലായ്മ ചെയ്ത് ചിത്തശുദ്ധി നേടി ഭഗവദ്പദമണയാൻ ലഭിച്ച വിശേഷ ബുദ്ധിയുണ്ടെന്ന് ഭ്രമിച്ചു കഴിയുന്ന മനുഷ്യ ജന്മം ലഭിച്ചിട്ട്, കൊണ്ടുവന്ന വാസനകളുടെ സഞ്ചി കാലിയാക്കുന്നതിനു പകരം, വീണ്ടും വീണ്ടും പുതിയ പുതിയ വാസനകൾ ശേഖരിച്ചുകൂട്ടി താങ്ങാൻ വയ്യാത്ത മാറാപ്പുമായി നാം ജനിച്ചും മറിച്ചും കിടന്നുഴറുന്നു. നമുക്ക് ഇതിൽ വട്ടം കറങ്ങാതെ പുറത്തേക്ക് രക്ഷപ്പെടേണ്ടേ? ദിവസവും കണ്ണും മൂക്കും നാക്കും ത്വക്കും ചെവിയും ഒക്കെ കൊണ്ടുവന്നിറക്കുന്ന വേണ്ടതും വേണ്ടാത്തതും ആത്മ-അനാത്മ വിവേകത്തോടെ, കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും നാം വിവേചനബുദ്ധിയോടെ നമുക്ക് ശ്രമിക്കാം. ശരീരത്തിൽ പറ്റിപ്പിടിച്ച മാലിന്യങ്ങൾ കഴുകിക്കളയുന്നത്ര എളുപ്പത്തിൽ മാനോമാലിന്യങ്ങൾ പോകുകയില്ല. നിരന്തര നാമജപത്തിലൂടെയും ശ്രവണ-മനനാദിയിലൂടെയും മനസ്സിന്റെ ചാഞ്ചല്യം കുറയ്ക്കുവാനും ക്രമേണ മനസ്സിനെ ശാന്തമാക്കുവാനും ധ്യാനം ശീലിക്കുവാനും തുടങ്ങുമ്പോൾ കാലങ്ങളായി മനസ്സിൽ അടിഞ്ഞു കൂടിക്കൊണ്ടിരുന്ന മനോമാലിന്യങ്ങൾ തുടച്ചു നീക്കുവാൻ സാധിച്ചേക്കും. അങ്ങനെ ചിത്തശുദ്ധി വന്ന് അകത്തുള്ള ക്ഷേത്രത്തിൽ പ്രവേശിക്കുവാനും അതിൽ നിഷ്ഠ വരുവാനും ഭഗവദ്തത്വം അനുഭവവേദ്യമാകുവാനും ഗുരുപരമ്പര നമ്മളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

No comments: