Wednesday, July 23, 2014

Ramayanam - Utama-Madhyama-Adhama putran (16.7.2014)

"ഞാൻ വിചാരിച്ചു അച്ഛൻ പറഞ്ഞ വാക്കിനു വ്യവസ്ഥയുണ്ടായിരിക്കുമെന്ന്. ഒന്നാമനായ രാജാവിന്റെ പ്രവൃത്തികണ്ടല്ലേ നാളെ പ്രജകളും ചെയ്യുന്നത്? ഇന്നിപ്പോൾ  അച്ഛൻ പറയുന്നില്ലെങ്കിലും കൈകേയി അമ്മയെക്കൊണ്ട് പറയിപ്പിക്കുന്നു - കാട്ടിൽ പോകാൻ! അതോ, എന്റെ പുതിയ ജീൻസും ഐ പാഡും ഒന്നും കൈയിൽ എടുക്കാൻ പാടില്ലത്രേ... മൊബൈൽ പോലുമില്ലാതെ ഹോ എന്തൊരു ബോറായിരിക്കും! ...ഏതോ മരത്തിന്റെ പരുപരുത്ത ഒരു തോലും ഉടുത്ത് ...ഭക്ഷണമാണെങ്കിലോ ....മാക് ഡോനാൾഡ്സ് ഉണ്ടോ? ആ കാട്ടിൽ പിസ്സായുണ്ടോ? പോട്ടെ ചോക്കലേറ്റ്സ്, അല്ലെങ്കിൽ ഐസ്ക്രീം?അതെല്ലാം പോട്ടെ  ഏതെങ്കിലും ഫാസ്റ്റ് ഫുഡ്‌ കിട്ടുമോ ...ഒന്നുമില്ല... ഏതോ ചവർപ്പുള്ള കിഴങ്ങുവർഗ്ഗങ്ങളും കുറേ കയ്പ്പുള്ള കായ് കനികളും...മുനിമാരുടെ ഭക്ഷണവുമായി .....എങ്ങിനെ കഴിക്കാനാ?... കുറച്ചൊന്നുമല്ല ....പതിനാലുവർഷങ്ങൾ ആ കൊടുംകാട്ടിൽ കഴിയണം പോലും!!... എങ്ങനെ തോന്നി അച്ഛനിങ്ങനെ കൈകേയിയമ്മ  ആവശ്യപ്പെടുന്നതുകേട്ട്മിണ്ടാതിരിക്കാൻ?" .......................................ഇങ്ങനെയൊന്നും പറഞ്ഞില്ലാട്ടോ ഭഗവാൻ ശ്രീരാമചന്ദ്രൻ.. എന്താണുണ്ടായത് രാമായണത്തിലൂടെ നമുക്കൊന്ന് കണ്ണോടിച്ചു നോക്കാം...  
ദശരഥനും കൌസല്യയും സുപുത്രൻ ഉണ്ടാകുവാൻ ഭഗവാനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി സാക്ഷാൽ ഭഗവാൻ നാരായണമൂർത്തി തന്നെ നമുക്ക് ധർമ്മമാർഗ്ഗം ജീവിച്ചു കാണിച്ചു തരുവാനായി കൌസല്യയുടെ പുത്രനായി പിറന്നതാണ് ശ്രീരാമ ദേവൻ. ഈ ലോകങ്ങളെല്ലാം ഭഗവാനിൽ നിലനിൽക്കുമ്പോൾ എങ്ങിനെയാണ് ഭഗവാനേ അങ്ങ് എന്റെ വയറ്റിനുള്ളിൽ കിടക്കുവാൻ ഇടയായത്... എന്ന് ഭക്തിപൂർവ്വം കൗസല്യാദേവി ചോദിച്ചപ്പോൾ, ഉണ്ണിയായ് പിറന്ന രാമദേവൻ പറഞ്ഞു, ഞാൻ തന്നെ പുത്രനായ്‌ പിറക്കണം എന്ന തീവ്രമായ ആഗ്രഹത്താൽ പൂർവ്വ ജന്മം കശ്യപപ്രജാപതിയായിരുന്ന ദശരഥനും കഴിഞ്ഞ ജന്മത്തിൽ അദിതീദേവിയായിരുന്ന കൗസല്യാമ്മയും എന്നെ പൂജിച്ചു സേവിച്ചതിനാലാണ്. കൂടാതെ ബ്രഹ്മാവും ദേവന്മാരും യാഗങ്ങൾ മുടക്കുന്ന രാക്ഷസരിൽ നിന്ന് രക്ഷിക്കണമെന്നും പ്രാർത്ഥിച്ചിരുന്നു. അവർക്ക് ഞാൻ അന്ന് വാക്കു കൊടുക്കുകയും ചെയ്തു രാമനായ് അയോദ്ധ്യയിൽ ജനിച്ചു കൊള്ളാമെന്നും അന്ന് വാനരന്മാരായി എന്നെ സഹായിക്കുവാൻ ദേവന്മാരും ഇവിടെ ജനിക്കുമെന്നും.  
പണ്ട് കൈകെയിയമ്മക്കു കൊടുത്ത വരം  പാലിക്കുവാനും വയ്യാതായിരിക്കുന്നു എന്നാൽ സത്യലംഘനം വരുന്നതും പാപമാണ്. എന്താ ഇപ്പൊ ചെയ്യാ എന്ന ദു:ഖത്തിൽ അച്ഛൻ ഒരു തീരുമാനത്തിൽ എത്താനാവാതെയിരിക്കുന്നു. പറഞ്ഞില്ലെങ്കിലും അച്ഛന്റെ മനസ്സിൽ നടക്കുന്ന വടംവലി ഒരു സുപുത്രൻ അറിയാതിരിക്കുമോ? 'പറയാതറിയാനറിയാമോ?' അറിയുക മാത്രമല്ല അച്ഛന്റെ മനസ്സിലുള്ളത് കണ്ടറിഞ്ഞ് അതനുസരിച്ച് ജീവിക്കണം, അച്ഛനോ അമ്മക്കോ മറ്റാർക്കും തന്നെ വിഷമമുണ്ടാക്കുന്ന രീതിയിൽ ആവരുത് നമ്മുടെ നോട്ടവും വർത്തമാനവും ചിന്തകളും പ്രവൃത്തികളും എല്ലാം.ഒരു ഉത്തമപുത്രന്റെ ലക്ഷണം തന്നെ ഇതാണ് എന്ന് ശ്രീരാമദേവൻ നമുക്ക് രാമായണത്തിലൂടെ ജീവിച്ചു കാണിച്ചു തരുന്നു. 
അപ്പോൾ നിങ്ങൾ ഒരുപക്ഷെ ചോദിച്ചേക്കാം, "ഞാൻ  ഇതുവരെ ഒരു ഉത്തമപുത്രൻ ആയിരുന്നോ എന്നൊരു സംശയം. എന്നാൽ ഒരു  മദ്ധ്യമപുത്രൻ എങ്ങിനെയിരിക്കണം? എന്നാണ് രാമൻ രാമായണത്തിൽ പറയുന്നത്? ശ്രീ രാമൻ പറയുന്നു  "പറയുന്നത് 'മാത്രം' ചെയ്യുന്ന പുത്രൻ മദ്ധ്യമപുത്രനാണ്. സ്വന്തം ബുദ്ധിയുപയോഗിച്ച് പറഞ്ഞതിലും കൂടുതൽ ചെയ്യുവാൻ അവർക്ക് ശ്രദ്ധയുണ്ടായിരിക്കില്ല." പറഞ്ഞാലും ഇത് തന്റെ കർത്തവ്യമല്ല എന്ന ഭാവത്തിൽ, അനുസരണ ഇല്ലാത്ത പുത്രൻ അധമപുത്രനത്രെ. അങ്ങനെയൊരു പുത്രനെക്കൊണ്ട് അച്ഛനമ്മമാർക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ നാടിനോ ലോകത്തിനു തന്നെയും യാതൊരു ഗുണവും ഉണ്ടായിരിക്കില്ല.
ശ്രീരാമദേവന്റെ ജീവിതത്തിലൂടെ നമ്മൾ കുട്ടികൾ എങ്ങിനെയായിരിക്കണം എന്ന് കാണിച്ചു തരുന്നില്ലേ? അച്ഛനുമമ്മയും എന്താണോ മനസ്സിൽ വിചാരിച്ചത് അത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ നന്മാക്കായിട്ടാണ് എന്ന് ശ്രീരാമദേവൻ മനസ്സിലാക്കി. മഹാമുനികളുമായി സത്സംഗത്തിനും കാനനവാസം ഉപകരിച്ചു. 
അന്യർക്ക് ദോഷപ്രവൃത്തികൾ ചെയ്യുന്ന രാക്ഷസാദികൾ ഇന്നും നമ്മുടെ ഉള്ളിലും ഉള്ളതാണ്. അവരെ കണ്ടുപിടിച്ച് ഇല്ലായ്മ ചെയ്യുവാൻ സാക്ഷാൽ ഭഗവാൻ ശ്രീ നാരായണൻ നമ്മളെ അനുഗ്രഹിക്കട്ടെ..

No comments: