പണ്ട് പണ്ട് അയോദ്ധ്യയിലെ മഹാരാജാവായിരുന്നു ദശരഥൻ. രാജാവിന് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. കൗസല്യ, കൈകേയി, സുമിത്ര.ധർമ്മനിഷ്ഠയോടെ രാജ്യം ഭരിക്കുന്നതിലും അധർമ്മികളോട് യുദ്ധംചെയ്യുന്നതിലും സമർത്ഥൻ ആയിരുന്നു അദ്ദേഹം. പ്രജകളെല്ലാം വളരെ ക്ഷേമത്തോടെ, സ്വസ്ഥതയോടെ സന്തോഷത്തോടെ കഴിഞ്ഞുവന്നു.
ഇപ്പോൾ രാജ്യം ഭരിക്കുന്ന രാജാവ് നാടുനീങ്ങിയാൽ (മരിച്ചുകഴിഞ്ഞാൽ) രാജാവില്ലാത്ത രാജ്യം അരാജകമാവും. ശത്രുക്കൾ വന്ന് ആക്രമിക്കുവാനും പ്രജകൾക്കെല്ലാത്തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ വന്നുകൂടും. അധർമ്മിയായ ഏതെങ്കിലും രാജാവ് വന്നു രാജ്യം ഏറ്റെടുത്താലും സ്ഥിതി കഷ്ടമാവും. അതുകൊണ്ട്, എല്ലാ ഐശ്വര്യങ്ങളും രാജ്യവും പത്നിമാരും ഒക്കെയുണ്ടായിരുന്നു വെങ്കിലും അടുത്ത രാജാവായി അഭിഷേകം ചെയ്യുവാൻ തനിക്കൊരു 'സുപുത്രൻ' ഇല്ലല്ലോ എന്ന് രാജാവിന് വിഷമം ഉണ്ടായിരുന്നു.
ഒരു ദിവസം രാജഗുരുവായ വസിഷ്ഠമഹാമുനിയുടെ ഉപദേശപ്രകാരം, ദശരഥമഹാരാജാവ് ഋശ്യശൃംഗനെന്ന മുനിയെ വരുത്തി പുത്രകാമേഷ്ടി യാഗം നടത്തി. അഗ്നിദേവൻ സന്തോഷിച്ച് ഹോമാഗ്നിയിൽ നിന്ന് സ്വർണ്ണപ്പാത്രത്തിൽ പായസവുമായി പൊങ്ങി വന്നു. രാജാവ് തന്റെ പത്നിമാരായ കൌസല്യക്കും കൈകെയിക്കും പകുതി പകുതിയാക്കി പായസം പകുത്തു നല്കി. വൈകി അവിടേക്ക് എത്തിയ സുമിത്രക്ക് കൌസല്യകയും കൈകെയിയും അവരുടെ പങ്കിന്റെ പകുതി പായസം വീതം നൽകി.
കുറച്ചു മാസങ്ങൾക്കുശേഷം കൌസല്യക്കു രാമനും കൈകെയിക്കു ഭരതനും സുമിത്രക്ക് ലക്ഷ്മണനും ശത്രുഘ്നനും പുത്രന്മാരായി ജനിച്ചു. അയോദ്ധ്യയിൽ എല്ലാവരും വളരെ സന്തോഷത്തോടെ ആഘോഷിച്ചു. കുട്ടികൾ കളിച്ചു ചിരിച്ചു വളർന്നുവന്നു.
ഒരു ദിവസം ബ്രഹ്മർഷി വിശ്വാമിത്രൻ കൊട്ടാരത്തിൽ വന്നു. തപോധനന്മാർ നടക്കുന്നയിടമെല്ലാം തീർത്ഥസ്ഥാനങ്ങൾ ആയി മാറും. ദശരഥമഹാരാജാവ് മഹാമുനിയെ സ്വീകരിച്ചിരുത്തി പാദപൂജ ചെയ്തു. വളരെ ശ്രേഷ്ഠന്മാരായിട്ടുള്ളവർ വീട്ടിൽ വന്നാൽ അവർക്ക് വേണ്ടതൊക്കെ നാം കൊടുക്കില്ലേ, അതുപോലെ രാജാവും വിനയപൂർവ്വം ചോദിച്ചു, 'അങ്ങേക്ക് എന്താണ് വേണ്ടത്?' - എന്ന്. എന്തുകൊടുത്താലും അത് അധികമാകില്ല എന്ന് ദശരഥന് തോന്നി. പക്ഷെ വിശ്വാമിത്ര മഹർഷിക്ക് സ്വന്തം ആവശ്യത്തിനായി ഒന്നും വേണമെന്നില്ലായിരുന്നു. വിശ്വാമിത്ര മുനി പറഞ്ഞു, മുനിമാർ ചെയ്യുന്ന യാഗങ്ങൾ മുടക്കുന്ന രാക്ഷസന്മാരെ വധിക്കുവാൻ രാമനെ തന്നാൽ മതി എന്ന്. തന്റെ പ്രിയപ്പെട്ട മകനെ കൊടും കാട്ടിലേക്ക് രാക്ഷസരുടെ മുൻപിലേക്ക് വിടുന്നതെങ്ങിനെ, കുട്ടിയല്ലേ, അവനെ കാണാതെ ഇവിടെ ഈ കൊട്ടാരത്തിൽ ഞാൻ എങ്ങിനെ സമാധാനമായിരിക്കും, എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളുവാൻ പറയുകയും ചെയ്തു രാജാവ് ആകെ വിഷമത്തിലായി. രാജഗുരു വസിഷ്ഠമഹാമുനി രാജാവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. വിശ്വാമിത്ര മഹർഷിയോടൊപ്പം രാമനേയും ലക്ഷ്മണനേയും പറഞ്ഞയച്ചു.
കാട്ടിൽ വച്ച് വിശപ്പും ദാഹവും അറിയാതെ ഇരിക്കുവാനായി ബലയും-അതിബലയും മന്ത്രങ്ങൾ വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാർക്കു പഠിപ്പിച്ചുകൊടുത്തു. ധാരാളം കഥകളും അസ്ത്രശസ്ത്രപ്രയോഗങ്ങളും പഠിപ്പിച്ചു കൊടുത്തു. താടക എന്ന രാക്ഷസിയെയും സുബാഹുവിനെയും വധിച്ചു, മാരീചനെന്ന രാക്ഷസന്റെ നേരെ അമ്പയച്ചു, മാരീചൻ ഓട്ടവും തുടങ്ങി; എവിടെ തിരിഞ്ഞാലും രാമബാണം പുറകെയുണ്ട് എന്നു കണ്ട് രക്ഷയൊന്നും കാണാതെ രാമനെത്തന്നെ അഭയം പ്രാപിച്ചു. പിന്നീട് ഗൌതമമുനിയുടെ ശാപത്താൽ ശിലയായിരുന്ന അഹല്യക്ക് ശാപമോക്ഷവും കൊടുത്തനുഗ്രഹിച്ചു.
പിന്നെ മിഥിലാരാജ്യത്തുപോയി. ശൈവചാപമായ ത്രയംബകം വില്ല് കുലച്ച്, സീതാദേവിയെ സ്വയം വരിച്ചു. തിരിച്ചു പോകുംവഴി ദേഷ്യത്തോടെ പാഞ്ഞുവന്ന പരശുരാമനെ കണ്ടുമുട്ടി. വൈഷ്ണവചാപവും കുലച്ച് പരശുരാമന്റെ ദേഷ്യവും അടക്കി, ബദരികാശ്രമത്തിലേക്ക് തപസ്സുചെയ്യുവാൻ പറഞ്ഞയച്ചു. തന്റെ മുൻപിൽ നില്ക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണെന്ന ബോദ്ധ്യംവന്ന പരശുരാമൻ ശ്രീരാമദേവനെ സ്തുതിച്ചു.
അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമലക്ഷമണഭരതശത്രുഘ്നന്മാർക്കും അവരുടെ ഭാര്യമാരായ സീതാദേവി, ഊർമിള, ശ്രുതകീർത്തി, മാണ്ഡവി ദേവിമാർക്കും മറ്റെല്ലാവർക്കും സ്വാഗതം നല്കി അയോദ്ധ്യാവാസികളെല്ലാം.
No comments:
Post a Comment