'ആകരം' എന്നാൽ 'രൂപം',' ഖനി' എന്നൊക്കെ അർത്ഥം. രത്നത്തിന്റെ ആകരമായിരുന്നു 'രത്നാകരൻ'. (ഉള്ളിലുള്ള രത്നഖനിയെക്കുറിച്ച് അജ്ഞാനികളായ നമ്മളും അറിയുന്നില്ലല്ലോ.!). ചെയ്തിരുന്നത് കാട്ടാളവൃത്തിയായിരുന്നെങ്കിലും ഒരിക്കൽ ഗുരുനാഥന്റെ കടാക്ഷമേറ്റാൽ, താൻ ചെയ്തുവരുന്നത് തെറ്റാണെന്നു ബോദ്ധ്യപ്പെട്ടു പശ്ചാത്തപിച്ചാൽ ഗുരുനാഥന്റെ കാരുണ്യം കൊണ്ട് ഭഗവദ്നാമമന്ത്ര ജപത്തിനാൽ മന:ശുദ്ധി വന്നാൽ അതുവരെ തന്റെയുള്ളിൽ മറഞ്ഞിരുന്നിരുന്ന രത്നഖനിയെ, തന്റെ യഥാർത്ഥ സ്വരൂപമായ സച്ചിദാനന്ദക്കട്ടയെ, സാക്ഷാത്ക്കരിക്കുവാനാകു മെന്ന് രത്നാകരന്റെ കഥ നമുക്ക് കാണിച്ചു തരുന്നു. 'രാക്ഷസ' ചിന്തകൾ ഒഴുകിയിരുന്ന, കാട്ടാളവൃത്തി അനുഷ്ഠിച്ചിരുന്ന, രത്നാകരന് രാമമന്ത്രജപത്തിനാൽ 'സാക്ഷര' നാകുവാനും, മറ്റൊരു കാട്ടാളൻ ചെയത പ്രവൃത്തിയിൽ മനസ്സിൽ അലിവു തോന്നാനും ശോകത്താൽ വാല്മീകി ശ്ലോകം രചിക്കുവാനും തുടർന്ന് ഭഗവദനുഗ്രഹത്താൽ 'രാമദേവന്റെ അയനം' രചിക്കുവാനും പ്രാപ്തനായി.
"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശാശ്വതീ സമാ:
യൽ ക്രൗഞ്ചമിഥുനാദേകമവധീ: കാമമോഹിതം"
(ഈ ശ്ലോകത്തിന് രണ്ട് അർത്ഥം ഉണ്ടത്രേ)
1. "ഹേ കാട്ടാളാ! ക്രൗഞ്ചപക്ഷികളിൽ കാമമോഹിതനായ ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ, അനശ്വരമായ ജീവിതം നിനക്ക് ലഭിക്കുന്നതല്ല; അഥവാ ജീവിക്കുവാൻ തന്നെ നീ അർഹനല്ല." (ഇത് ചൊല്ലിയത് വാൽമീകി മഹർഷിയാണ്; അതുകൊണ്ടു തന്നെ അമ്പ് എയ്തത് മറ്റൊരു കാട്ടാളൻ ആയിരുന്നു.)
2. ലക്ഷ്മീ ദേവിയുടെ ഇരുപ്പിടമായവനേ, ശ്രീരാമചന്ദ്രാ! രാക്ഷസന്മാരിൽ അതികാമിയായ ഒരുവനെ (രാവണനെ) സംഹരിച്ച അവിടുത്തേക്ക് ഒരിക്കലും നശിക്കാത്ത ശ്രേയസ്സ് സംജാതമായിക്കഴിഞ്ഞു." (ഇതാണ് രണ്ടാമത്തെ അർത്ഥം അതേ ശ്ലോകത്തിന്).
No comments:
Post a Comment