Wednesday, January 14, 2015

Ramayanam-4

വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ!


ഹരി ഓം.
4

"വൃഷ്ണിവംശത്തിൽവന്നു കൃഷ്ണനായ്പിറന്നോരു വിഷ്ണുവിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ വിഷ്ണുതാൻതന്നെ വന്നു പിറന്ന തപോധനൻ!
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ!"

വൃഷ്ണി വംശത്തിൽ ശ്രീ കൃഷ്ണനായി വന്നു പിറന്ന സാക്ഷാൽ വിഷ്ണുഭഗവാൻ നാരായണൻ, വിശേഷിച്ച് അനുഗ്രഹിക്കണേ. ശ്രീ കൃഷ്ണനായി -  (ഒരു വ്യക്തിഭാവത്തോടെയല്ല), സാക്ഷാൽ  ശ്രീ കൃഷ്ണപരമാത്മാവായിത്തന്നെ മനസ്സിൽ സ്മരിച്ചു പ്രാർത്ഥിക്കുകയാണ്. വിഷ്ണുഭഗവാനിൽ നിന്നുണ്ടായ താമരയിൽ ജനിച്ച ബ്രഹ്മാവിന്റെ പുത്രൻ  വസിഷ്ടൻ വസിഷ്ടന്റെ മകൻ ശക്തി ശക്തിയുടെ മകൻ പരാശരൻ  പരാശരമഹർഷിയുടെ മകൻ വ്യാസമഹർഷി.... (അച്ഛൻ 'കാരണം' മകൻ 'കാര്യം'; അച്ഛൻ തന്നെ മകനും! 'സ്വർണ്ണം തന്നെ സ്വർണ്ണാഭരണത്തിന്റെ കാരണം') സാക്ഷാൽ  വിഷ്ണുഭഗവാൻ    തന്നെ വ്യാസ മഹർഷിയായി വന്ന ... തപസ്സു തന്നെ ധനമായിട്ടുള്ള തപസ്വി.  "സ്വർണ്ണം തന്നെ സ്വർണ്ണാഭരണത്തിന്റെ കാരണം" എന്ന പോലെ "ഭഗവാൻ വിഷ്ണു തന്നെ വ്യാസഭഗവാനായി വന്നിരിക്കുന്നു!"  പരാശരമുനിയുടെയും സത്യവതിയുടെയും പുത്രനായി 'കൃഷ്ണൻ' എന്ന പേരിൽ  'ദ്വീപിൽ' ജനിച്ചതു കൊണ്ട് 'കൃഷ്ണദ്വൈപായനൻ' എന്ന പേര് ഉണ്ടായി. വേദങ്ങളെ വ്യസിച്ചതിനാൽ വേദവ്യാസൻ എന്ന പേരിൽ അറിയപ്പെട്ടു. 

പുരാണ ഇതിഹാസങ്ങളുടെ രചയിതാവായ വേദവ്യാസ ഭഗവാനേ! അങ്ങയെ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. (എന്തെങ്കിലും എഴുതിയത് കൊണ്ട് മാത്രം ആരും നമസ്ക്കാരാർഹരായി മാറുന്നില്ലല്ലോ. പക്ഷെ വിഷ്ണു ഭഗവാന്റെ മായാശക്തിയെ നന്നായി അറിയാവുന്ന തപോധനൻ ആയ അങ്ങ് എഴുതിയതെല്ലാം പ്രമാണം തന്നെ എന്ന ഉറച്ച ബോദ്ധ്യം ഉള്ളതിനാൽ അങ്ങ് നമസ്ക്കാര-യോഗ്യനാണ്). 

ഇവിടെ "പരമ്പര"-യെ സൂചിപ്പിചിരിക്കുന്നതും ശ്രദ്ധേയമാണ്. എന്തൊക്കെ രൂപ ഭാവങ്ങൾ മാറിയാലും സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ എല്ലാം സ്വർണ്ണം തന്നെ എന്ന് പറയുന്ന പോലെ, ഭഗവാൻ വിഷ്ണുവിൽ നിന്ന് വന്ന വ്യാസമഹർഷിയും ആ ദിവ്യത്വം ഉൾക്കൊള്ളുന്നു. ഗുരു പരമ്പരയിലും നമുക്ക്  പരമഗുരുവിന്റെ സാന്നിദ്ധ്യം പലപ്പോഴും അനുഭവപ്പെടും.  

No comments: