Wednesday, January 14, 2015

Ramayanam-2

"ശ്രീരാമനാമംപാടിവന്ന പൈങ്കിളിപ്പെണ്ണേ!"


ഹരി ഓം ..
2.
"ശ്രീരാമനാമംപാടിവന്ന പൈങ്കിളിപ്പെണ്ണേ!ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.
കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻകാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ".

ശ്രീരാമനാമം പാടിക്കൊണ്ട് പറന്നുവന്ന 'പൈങ്കിളി' എഴുത്തച്ഛന്റെ മനസ്സ് തന്നെയല്ലേ ? തൈലധാരപോലെ മനസ്സിലെ ഭഗവദ് ചിന്തകൾ! പൈങ്കിളിയെക്കൊണ്ട് പറയിക്കുന്നതായി പറയുമ്പോൾ 'ഞാൻ പറയുന്നു' എന്ന അഹങ്കാരം അവിടെ ഉണ്ടാവുന്നില്ല. 

മറ്റൊരു കാര്യം കൂടിയുണ്ട് ഈ "തത്ത"യെ തന്നെ നിയോഗിക്കുവാൻ പ്രത്യേകത. ഏറ്റവും മൂത്തുപഴുത്ത മധുരമുള്ള ഫലം മാത്രമേ മരത്തിൽ നിന്ന് തത്ത കൊത്തൂ. 'ശാരികപ്പൈതൽ' ഉം 'ശുകൻ' ഉം അർത്ഥം തത്ത തന്നെ. ശ്രീമദ്‌ ഭാഗവതവും ഒരു തത്ത കൊത്തിയ പഴുത്ത ഫലത്തിന്റെ രസം തന്നെയാണല്ലോ. ചവക്കേണ്ട ബുദ്ധിമുട്ടുപോലും ഇല്ലെന്നാണ് 'പിബത ഭാഗവതം രസം ആലയം ...' എന്ന് ശ്രീമദ്‌ ഭാഗവതാമൃതത്തെക്കുറിച്ച് വ്യാസഭഗവാന്റെ പുത്രനായ ശ്രീ ശുകബ്രഹ്മർഷി എന്ന തത്ത കൊത്തിതന്നതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്.

വിഘ്നങ്ങളൊക്കെ നമ്മുടെ മനസ്സു തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നത്. അതിനാൽ ശ്രീരാമചരിതം മടിക്കാതെ പറയൂ എന്ന് എഴുത്തച്ഛൻ മനസ്സിന് അനുമതി കൊടുത്ത് പറയുകയാവാം. തടസ്സങ്ങൾ ഉണ്ടാവാതിരിക്കാൻ മനസ്സ് ആദ്യം വന്ദിക്കേണ്ടവരെയൊക്ക വന്ദിച്ചു സർവ്വജ്ഞനായ ഭഗവാനെ സ്മരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി. എന്തു തുടങ്ങുമ്പോഴും ഭഗവദ് സ്മരണയും ഗുരുസ്മരണയും വേണമെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയാണ്.

ഗണങ്ങളുടെ പതിയായ ഗണപതി ഭഗവാനേ! പരമശിവനും പാർവ്വതീദേവിയുടേയും പുത്രനായ ദേവാ! ഗജമുഖ! എന്റെ പൂർവ്വകർമ്മഫലവശാൽ, പ്രാരബ്ധവശാൽ, വിഘ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതിന് ഉത്തരവാദി ഞാൻ തന്നെയെങ്കിലും, കാരുണ്യ മൂർത്തിയായ വിഘ്നേശ്വരാ! സർവ്വ തടസ്സങ്ങളും നിവാരണം ചെയ്തീടുവാൻ ആവുന്നത്രയും വന്ദിക്കുന്നു.

No comments: