കാലി മേയ്ക്കുന്ന ഉണ്ണിക്കണ്ണനെ എപ്പോഴും ഓർക്കും. കണ്ണന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന് ഓർത്തുനോക്കി. ഗോക്കളെ പുറത്തേക്കു വിട്ടാൽ തിരിച്ചു വീട്ടിലേക്ക് എല്ലാവരേയും സുരക്ഷിതമായി എത്തിക്കുക എന്ന പ്രവൃത്തി അത്ര എളുപ്പമുള്ളതല്ല. ഗേറിന് പുറത്തിറങ്ങുമ്പോൾ വഴിയരികിൽ കാണുന്ന ഉണങ്ങിയ പുല്ലുകൾ മുതൽ തിന്നു തുടങ്ങും. ചിലർ നടക്കും അവരുടെ പുറകേ സ്വപ്നലോകത്തിലെന്നപോലെ മറ്റു ചില പശുക്കൾ അനുഗമിക്കും. വഴിയിലെ വാഹനങ്ങളുടെ ചെവി തുളക്കുന്ന ഹോണ്‍ ശബ്ദങ്ങൾ കേൾക്കാഞ്ഞിട്ടൊന്നുമല്ല, കേട്ട ഭാവമില്ലാതെയങ്ങു പോകും. ചിലപ്പോഴൊക്കെ ചെറുവടിയും കൊണ്ട് ഗോപാലകൃഷ്ണന്റെ ഒരു വരവുണ്ട്. അതോടെ എല്ലാവരും നേരെയാവും. കുറച്ചു കഴിയുമ്പോൾ ദൂരെ ഇളം പച്ചനിറത്തിലുള്ള പുല്ലുകൾ കാണാറാകും. അതോടെ അങ്ങോട്ട് വേഗത്തിൽ നടക്കും.
സംസ്കൃതത്തിൽ 'ഗോ' എന്നാൽ നമ്മുടെ ഇന്ദ്രിയങ്ങൾ എന്നും അർത്ഥമുണ്ടത്രേ! ഈ പുറത്തേക്കോടുന്ന ഇന്ദ്രിയങ്ങളെ മേയ്ക്കാനും ഒരു വലിയ പണിയാണേ! ചിലർക്ക് കാണുന്നതെല്ലാം വേണം, നമുക്ക് വേണ്ടതാണോ അല്ലയോ എന്ന വിവേചനമില്ല. ചിലർക്കാണെങ്കിൽ വാസന കേൾക്കുമ്പോഴേ അകത്താക്കുവാൻ മോഹം. മറ്റു ചിലർക്ക് നിയന്ത്രണം ഇല്ലാതെ ഇന്ദ്രിയങ്ങൾ പോകുന്ന വിഷയങ്ങളിലേക്ക് വീണ്ടുവിചാരമില്ലാതെ ഒറ്റപ്പോക്കാണ്. ഇത് നല്ലതിനല്ല എന്നുറപ്പുള്ള ഗോ-പാലന്റെ വിളിയോ വടിയോ പുറകേ വരുന്ന വാഹനങ്ങളാകുന്ന ആചാര്യന്മാരുടെ ഘോഷങ്ങളോ കേൾക്കുന്നതേയില്ല. 'നയിക്കുന്നവൻ ആരാ'ണെന്ന ബോധം കന്നുകാലികൾക്കെന്നല്ല പലപ്പോഴും നമുക്കും ഉണ്ടാവാറില.
പുറത്തേക്ക് ഓടുന്ന ഇന്ദ്രിയങ്ങളെ തെളിച്ച് ഭഗവാൻ "സ്വ-ഭവനത്തിലേക്ക്" കൊണ്ടുവരുമ്പോൾ നമ്മുടെ പരിപൂർണ്ണ സമർപ്പണം ഉണ്ടായാൽ മാത്രം മതി.
No comments:
Post a Comment