ഹരി ഓം ..
സാനന്ദരൂപം സകലപ്രബോധം
ആനന്ദഗാനാമൃത പാരിജാതം
മനുഷ്യപത്മേഷു ജഗല്‍ സ്വരൂപം
പ്രണമ്യ തുഞ്ചത്തെഴുമാചാര്യപാദം....__/\__
സാനന്ദരൂപം സകലപ്രബോധം
ആനന്ദഗാനാമൃത പാരിജാതം
മനുഷ്യപത്മേഷു ജഗല്‍ സ്വരൂപം
പ്രണമ്യ തുഞ്ചത്തെഴുമാചാര്യപാദം....__/\__
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ!
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
"ശ്രീരാമാ" - എന്ന പ്രാർത്ഥനയോടെ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആരംഭം കുറിക്കുന്നു. ഏതൊരു കാര്യവും തുടങ്ങുമ്പോൾ ഈശ്വരസ്മരണയോടെ തുടങ്ങണം എന്ന് നമുക്ക് ഓർമ്മിപ്പിച്ചു തരുകയും കൂടിയാണ്.
"രാമ രാമ രാമ! ശ്രീ രാമചന്ദ്ര! ജയ!' - താപത്രയങ്ങൾ നീക്കി, അജ്ഞാനാന്ധകാരത്തിൽ പെട്ടുഴലുന്നവർക്ക് പൂർണ്ണചന്ദ്രനെപ്പോലെ പ്രകാശം പകരുന്ന ശ്രീരാമചന്ദ്ര പ്രഭു .. അങ്ങ് ജയിക്കട്ടെ...ഭഗവാന് ജയവും തോൽവിയും ഉണ്ടോ ?..'അങ്ങ് ഞങ്ങളുടെയുള്ളിൽ ഉണരട്ടെ' എന്നാണ്. സർവ്വാന്തർയാമിയായ ഭഗവാനെ നമ്മുടെ ഉള്ളിലും ഉണ്ടെന്ന ബോധ്യം വരുന്നത് വരെ നാം ശരീരബോധത്തിൽ ആണല്ലോ. 'ശ്രീരാമഭദ്ര! ജയ!' ഭദ്രം എന്നാൽ മംഗളം; മംഗളത്തെതരുന്ന ഭഗവാനേ..ലോകത്തിനെ മുഴുവനും ആനന്ദിപ്പിക്കുന്ന ശ്രീരാമദേവാ. നമ്മുടെയൊക്കെ ഉള്ളിലുള്ള കാമ-ക്രോധ-മദ-മാത്സര്യ-ആദികളായ ഷട് വൈരികളെ വേരോടെ പിഴുതെറിയുവാൻ അവരുടെ നായകനായ, രാജാവായ 'ആഗ്രഹത്തെ' (സ്വാർത്ഥതാൽപ്പര്യമാകുന്ന രാവണനെ) ഇല്ലായ്മ ചെയ്യുക അത്ര എളുപ്പമല്ല. ഒന്നാമത് ആ 'ലങ്ക' (മനസ്സ്) യിലേക്ക് ചെന്നെത്തുക എന്ന കടമ്പ തന്നെ. വിസ്താരമേറിയ സഗാരത്തിന്റെ മറുകരെ എത്തിയാൽ തന്നെ കണ്ണഞ്ചിക്കുന്ന സ്വർണ്ണവർണ്ണമായ കോട്ടകൾ, കൊട്ടാരങ്ങൾ, അതിൽ കിടങ്ങുകൾ പലതരം ഇതൊക്കെ കണ്ടു ഭ്രമിച്ചു പോയാൽ കടക്കുവാനും സാധിക്കില്ല. മനസ്സിലേക്ക് കടന്നാലും അകത്തുള്ള രാക്ഷസകുലത്തെ കണ്ടു പിടിക്കുവാനും നമുക്ക് ഭഗവാന്റെ സഹായമില്ലാതെ സാധിക്കുമോ ? ഭഗവാൻ ആ ലങ്കയാകുന്ന മനസ്സിലെ രാക്ഷസരാജാവാകുന്ന 'കാമൻ'-നെ വധിക്കുന്നതിലൂടെ മോക്ഷം പ്രദാനം ചെയ്തു. (കാമ ഏഷ ക്രോധ ഏഷ ..എന്ന് ഭഗവദ് ഗീതയിൽ ഭഗവാൻ പറഞ്ഞിട്ടില്ലേ ? ഈ ആഗ്രഹം തന്നെ മുഖ്യൻ). ഈ ഷട് വൈരികൾ വിളയാടിക്കൊണ്ടിരുന്നതുകൊണ്ടാണ് ചിത്തം 'അച്യുതന് വിളയാടുവാൻ പറ്റാത്തതാക്കി' തീർത്തത്. (ഹരിനാമകീർത്തനം). ഭഗവാൻ രാവണനെ വധിച്ച് ചിത്തശുദ്ധി വരുത്തിയിട്ട് നമ്മുടെ ഹൃദയത്തിൽ സദാ വസിക്കുന്നതായി നമുക്ക് അനുഭവം ഉണ്ടാക്കി തരുമെന്ന പൂർണ്ണ ശ്രദ്ധാവിശ്വാസങ്ങളോട് കൂടി തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ശ്രീരാമദേവനെ നമിക്കുന്നു നമ: അസ്തു തേ ഭഗവൻ. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ.
(തുടരും)
No comments:
Post a Comment