Showing posts with label Hanuman. Show all posts
Showing posts with label Hanuman. Show all posts

Sunday, December 28, 2014

Hanumanji motivating Angada

സീതാദേവിയെ ഒരുമാസത്തിനുള്ളിൽ പോയി കണ്ടുപിടിക്കുവാൻ ആകാതെ തിരിച്ചുവന്നാൽ സുഗ്രീവനാൽ വധം നിശ്ചയം.. അത് സുഗ്രീവാജ്ഞയായിരുന്നു. വളരെയധികം ദിവസങ്ങൾ കഴിഞ്ഞുപോയിട്ടും സീതാദേവിയെ കണ്ടുപിടിക്കുവാൻ കഴിയാഞ്ഞതിൽ ദു:ഖിച്ച് വാനരന്മാർ ഇരിക്കുമ്പോൾ ബാലിയുടെയും താരയുടെയും മകനായ അംഗദൻ വിഷാദത്തോടെ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു. ദുഃഖം വരുമ്പോൾ വാസ്തവത്തിലുള്ളതായിരിക്കില്ല മനസ്സിലാക്കുന്നത്, ഓരോന്ന് വിചാരിച്ചു കൂട്ടി വലുതാക്കി സ്വയം പഴിച്ചും മറ്റുള്ളവരെയും സാഹചര്യത്തെയും കുറ്റപ്പെടുത്തിയും വിഷമം കൂട്ടിക്കൊണ്ടിരിക്കും. തന്റെ അച്ഛനായ ബാലിയെ വധിച്ചത് ശ്രീരാമനായതിനാൽ അംഗദൻ പറയുകയാണിവിടെ, സീതാദേവിയെ കണ്ടുപിടിക്കാനാവാതെ തിരിച്ചു ചെന്നാൽ സുഗ്രീവൻ വധിക്കും, രാമകാര്യം സാധിക്കാതെ മടങ്ങുകിൽ രാമൻ തന്റെ ശത്രുവായ ബാലിയുടെ മകനെയും അതുപോലെ വധിക്കും, തന്റെ സഹോദരനായ ബാലിയുടെ ഭാര്യയെ നാണമില്ലാതെ ഭാര്യയായി വച്ചുകൊണ്ടിരിക്കുന്ന നാണം കേട്ട പാപിയായ രാജാവ് സുഗ്രീവൻ തന്റെ ആജ്ഞ പാലിക്കുവാൻ ഒട്ടും മടിക്കില്ല. അതുകൊണ്ട് ഒരു കാരണവശാലും ഞാനാപരിസരത്തേക്കുപോലും വരുന്നില്ല, നിങ്ങളെല്ലാവരും വേണമെങ്കിൽ പോയിക്കോളൂ - എന്ന് അർത്ഥമില്ലാതെ ഓരോന്ന്പുലമ്പുന്ന അംഗദനെ സമാധാനിപ്പിക്കുവാൻ മറ്റു വാനരന്മാർ പറഞ്ഞു. നീ ഇങ്ങനെ വിഷമിക്കരുത്. ഞങ്ങളും നിന്നെപ്പോലെ തന്നെ ദു:ഖിച്ചിരിക്കുകയാണ്, നിന്നെ രക്ഷിക്കുവാൻ ഞങ്ങളൊക്കെയില്ലേ? 

സ്വയംപ്രഭാഗതി തുടങ്ങുന്ന ഭാഗത്ത്‌ പറയുന്നുണ്ടല്ലോ അജ്ഞാനാന്ധകാരത്താൽ സംസാരാരണ്യത്തിൽ വന്നുപെട്ടപ്പോൾ അന്തരാദാഹവും വളർന്നു തളർന്നപ്പോൾ മുൻപിലൊരു ഗുഹ കാണുവാനായി, എന്ന്. ഗുഹയിലെ ശുദ്ധജലം മുൻപേ കണ്ടുപിടിച്ചു രുചിച്ചു പറന്നുപോയ ഹംസങ്ങളും (നിത്യമേത് അനിത്യമേത്; ആത്മ-അനാത്മ വിവേകമുള്ളവരാണ് ഹംസങ്ങൾ; അതുപോലെ തന്നെ പരമഹംസന്മാരും) അന്തർദാഹം വളർന്നവർക്ക് വഴികാട്ടികളായി. അവരുടെ ദർശനം ഉണ്ടായതും ചിത്തശുദ്ധിയുള്ള, സേവനാഭാവമുള്ള, ഭക്തനാം വായുപുത്രന് നല്ല ജലം (അറിവ്) അതിലുണ്ടെന്നു ബോദ്ധ്യമായി. ആചാര്യനെപ്പോലെ വാനരന്മാരോട് പറഞ്ഞു
'നല്ല ജലം ഇതിലുണ്ടെന്ന് നിർണ്ണയം,
എല്ലാവരും നാം ഇതിലിറങ്ങീടുക"
മുന്നിലായി ഹനുമാൻ നടന്നു, പിന്നിലായി മറ്റുള്ളവർ ആകുലത്തോടും ഖിന്നതയോടും കൂടി അന്യോന്യം കൈകൾ കോർത്ത്‌ പിടിച്ച് അനുഗമിച്ചു. സ്വർണ്ണമയമാർന്ന കണ്ണിന് ആനന്ദം പകരുന്ന ഒരു ദിവ്യ സ്ഥലത്ത് അവരെത്തി. വളരെ പക്വമായി പഴുത്തുനിറഞ്ഞ ഫലങ്ങളുമായി വൃക്ഷങ്ങൾ ഏതൊരു ആഗ്രഹവും സാധിച്ചുകൊടുക്കുന്ന ദേവലോകത്തിലുള്ള കല്പ്പവൃക്ഷം പോലെ, ചില്ലകലാണെങ്കിലോ വിനയത്തോടുകൂടി താഴ്ത്തിനില്ക്കുന്നത് കണ്ടു. ധാരാളം അമൃതതുല്യമായ മധുനിറഞ്ഞസ്ഥലങ്ങളും ഭക്ഷ്യാന്നങ്ങൾ നിറഞ്ഞ വസിക്കുവാൻ യോഗ്യമായ സ്ഥലം അവിടെ കണ്ടു, ദേവലോകം പോലെ ദിവ്യമായിരിക്കുന്നു, അവിടെ യോഗം ധരിച്ചു ജടാവൽക്കലം പൂണ്ടു ധ്യാനാവസ്ഥയിൽ നിശ്ചലയായിരിക്കുന്ന ഒരു യോഗിനി ജ്ഞാനാഗ്നിയാൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സ്വയംപ്രഭാദേവിയേയും കണ്ടു. വിശപ്പും ദാഹവും ഉള്ളയിടത്തോളം കാലം നമുക്ക് അതിനെ നിവർത്തിക്കുവാനുള്ള ആരായാൻ ആയിരിക്കും ഏക ശ്രദ്ധ എന്നറിയാവുന്ന സ്വയംപ്രഭാദേവി, വാനരരോട് വിശപ്പും ദാഹവും തീർത്തുവരുവാൻ നിർദ്ദേശിച്ചു. (പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ച്‌ അമൃതപാനം ചെയ്തു "തൃപ്തരായ്-
ബുദ്ധിതെളിഞ്ഞു വരുവിൻ.." ).

 ഇതുകേട്ട് വാനരന്മാർ മൂത്തുപഴുത്തമാധുര്യമൂറുന്ന പഴങ്ങളും കിഴങ്ങുകളും കഴിച്ച്
'ചിത്തംതെളിഞ്ഞ്' ദേവീ സമീപം പുക്കു
ബദ്ധാഞ്ജലിപൂണ്ട് നിന്നോരനന്തരം
ചാരുസ്മിതപൂർവ്വമഞ്ജസാ യോഗിനി
"മാരുതിയോടു" പറഞ്ഞു തുടങ്ങിനാൾ ..
നമ്മൾ എവിടെപോയാലും അവിടെ നിന്ന് എന്തറിയുവാൻ കഴിയുമോ അതറിയുവാനല്ല ശ്രദ്ധായുണ്ടാവുക, മറിച്ച് നമുക്ക് നമ്മുടെ വാസനകൾക്കൊത്ത് വേണമെന്ന് തോന്നുന്നതേ നാം അന്വേഷിക്കൂ... വിശപ്പും ദാഹവും മാറിയാൽ തൃപ്തിയായെങ്കിൽ കൂടുതൽ അന്വേഷണം വേണമെന്ന് തോന്നില്ല; വായു, ജലം, ഭക്ഷണം, വാസസ്ഥലം, സുരക്ഷിതത്വം, സ്നേഹം ഇതൊക്കെ ഉണ്ടെങ്കിലും മറ്റെന്തോകൂടി അറിയണം എന്ന് തോന്നുമ്പോൾ മാത്രമാണ് നമ്മുടെ ആധ്യാത്മികമായ അന്വേഷണം തുടങ്ങുന്നത്. എല്ലാവരും തൃപ്തരായി ചിത്തശുദ്ധി വന്നവരായി തൊഴുകൈയോടെ വന്നു നിന്നെങ്കിലും ദേവി പറയുന്നത് മാരുതിയോടാണ്...!! മറ്റുള്ളവാനരർക്ക് വേണ്ടത് ഭക്ഷണവും ജലവും മാത്രമായിരുന്നു, അത്കിട്ടിയതിൽ അവർ തൃപ്തിയടഞ്ഞു!!
ആ ഗുഹയിൽ വീണ്ടും പോയി വസിച്ചാൽ അവിടെ നമ്മളെ ശല്യം ചെയ്യുവാൻ ആരും തന്നെ വരില്ല എന്നാണ് അംഗദനെ സമാധാനിപ്പിക്കുവാൻ വാനരന്മാർ കണ്ടുപിടിച്ച മാർഗ്ഗം. മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ ഒരു ഒളിച്ചോട്ടമല്ല വേണ്ടത് മറിച്ച് മൃത്യുവിനെ ജയിക്കുകയാണ് വേണ്ടത്. നമ്മുടെ ദുഃഖം കണ്ടു സഹതപിച്ച് അടുത്ത് എത്തുന്നവരും ദു:ഖിതർ തന്നെയെങ്കിൽ അവർക്ക് അതിൽ നിന്ന് നമ്മളെയെങ്ങനെ കരകയറ്റുവാനാകും? ദു:ഖിക്കുന്നവരുടെ കാഴ്ചപ്പാടുതന്നെ ശരിയാവണം എന്നില്ലല്ലോ.. പ്രശ്നത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് മുങ്ങുന്നവനെ രക്ഷിക്കുവാനാകുമോ? അവർക്കുതോന്നി പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ധാരാളം ഭക്ഷണവും സുഖമായി ജോലിചെയ്യാതെ വിശ്രമജീവിതം കഴിക്കാവുന്ന ദേവലോകതുല്യമായ ഒരു സ്ഥലം നമ്മൾ കണ്ടില്ലേ, അവിടെപ്പോയി സുഖമായി വസിക്കാം, ആരും നമ്മളെ ഉപദ്രവിക്കുവാൻ അവിടെ വരുകയുമില്ല. ഒരു മൃഗംപോലും അവിടെയില്ല. പിന്നെ ഇപ്പോൾ ഭയപ്പടേണ്ടതായ സുഗ്രീവനും ശ്രീരാമനും നമ്മളെ എങ്ങിനെകണ്ടുപിടിക്കുവാനാണ്. സമയം ഒട്ടും കളയാതെ നമുക്ക് വേഗം അവിടേക്കുപോകാം എന്ന്. ഇതുകേട്ടപ്പോൾ ഹനുമാൻ സ്നേഹപൂർവ്വം തലോടിക്കൊണ്ട് അംഗദന്റെ അടുത്ത് ചെന്നു പറഞ്ഞു തുടങ്ങി. 

നീ കിഷ്ക്കിന്ദയിലെ സമർത്ഥനായ യുവരാജാവാണ്. ഒരു യുവരാജാവിന് യോജിച്ചവിധത്തിലാണോ നീ ചിന്തിക്കുന്നത് അംഗദകുമാരാ? പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണോ വേണ്ടത്? എന്ത് ദുർവ്വിചാരമാണിത്? പ്രശ്നങ്ങൾ ജീവിതത്തിൽ വരുമ്പോൾ അതിനെ എങ്ങിനെ നേരിടണം എങ്ങിനെ പരിഹരിക്കണം എന്നല്ലേ ചിന്തിക്കേണ്ടത്? നീയെന്താണ് കരുതുന്നത്, ശ്രീരാമൻ നിന്നെ തന്റെ ശത്രുവിന്റെ പുത്രനായിട്ടല്ല കാണുന്നത് എന്ന് അറിഞ്ഞാലും, ശ്രീരാമദേവന്റെ മനസ്സിൽ ലക്ഷ്മണനേക്കാൾ കൂടുതൽ വാത്സല്യം നിന്നോടാണ്, അത് ശരിയായി ആരും ഇതുവരെ മനസ്സിലാക്കിയിട്ടില്ല, പക്ഷെ എനിക്കറിയാം ആ മനസ്സിൽ നടക്കുന്നത്. ഭഗവാന്റെ പ്രേമത്തിന് ഒരു കുറവും വരികയില്ല, സ്വർണ്ണത്തിനുണ്ടോ നിറക്കുറവുണ്ടാകുന്നു? അതുകൊണ്ട് ശ്രീരാമദേവനെ നീ യാതൊരു കാരണവശാലും ഭയപ്പെടേണ്ട. വാനരരാജാവായ സുഗ്രീവൻ ആണെങ്കിലോ ഭാഗവതോത്തമൻ ആണ്....ഗീതയിൽ പറയുന്നപോലെ അദ്വേഷ്ടാ സർവ്വ ഭൂതാനാം, മൈത്ര കരുണ ഏവ ച ... അംഗദാ നിന്റെ മുത്തച്ഛൻ ദേവന്മാരുടെ ദേവനായ ദേവേന്ദ്രനാണ്, അദ്ദേഹത്തിന്റെ മകനായ ബാലിയോ മഹാധൈര്യവും വീര്യവും ശക്തിയുമുള്ള ബാലിയും, ആ അച്ഛന്റെ മകനായി പിറന്ന നിനക്ക് ഒരിക്കലും വ്യാകുലം വേണ്ട. സുഗ്രീവനെയും ശ്രീരാമദേവനേയും ഭയക്കേണ്ടതില്ലെങ്കിൽ പിന്നെ നീ എന്തിന് ഒളിക്കണം? കൂടാതെ ഈ ഞാനും നിന്റെ കൂടെത്തന്നെയുണ്ട്. നിനക്ക് ഹിതം വരുന്നതേ ഞാനും ചെയ്യൂ. ഗുഹയിൽ പോയി ഒളിക്കുവാൻ കർമ്മങ്ങളിൽ നിന്ന് ഒഴിയുവാൻ അജ്ഞാനികൾ പറയുന്നത് കേട്ട് നീ ഭ്രാമിക്കല്ലേ, ഹാനി വരാതിരിക്കുവാൻ ഗുഹയിൽ പോയി ഒളിച്ചാൽ മതി എന്ന് പറഞ്ഞില്ലേ വാനരന്മാർ, പക്ഷെ നിനക്കു തോന്നുന്നുണ്ടോ രാമബാണത്തിനു ലക്‌ഷ്യം കണ്ടെത്താതെയിരിക്കുമെന്ന്? രാമന്റെ ബാണത്തിന് ഭേദിക്കുവാൻ പറ്റാത്തതായി എന്തുണ്ട്? ഈ മൂന്നു ലോകങ്ങളിൽ എവിടെയാണെങ്കിലും ഏതു ഗുഹയിൽ പോയൊളിച്ചാലും ശരി ലക്ഷ്യത്തിൽ എത്തുകതന്നെ ചെയ്യും.