Saturday, February 6, 2016

“Real Fragrance” - Vanaja Ravi Nair (15.1.2010)

"Blessed are we, with “Real Fragrance”Though we know not now, the Divine Essence!Seek within, to attain the Amrut-SustenanceThe over-flowing Bliss, the Real Experience,Having come to know IT, spread the Fragrance"

Shudhi (26.1.2015)

ചെരുപ്പൂരി വച്ച്, കാലുകൾ കഴുകിയിട്ട് ക്ഷേത്രമാകുന്ന ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതുപോലെ നമ്മുടെ അകത്തേക്ക് കടക്കുവാനും ഒരു ചിത്തശുദ്ധി വരുത്തൽ അനിവാര്യം തന്നെയല്ലേ എന്ന് ഓർത്തുപോയി. 

ഭഗവാൻ തന്നിരിക്കുന്ന ഇന്ദ്രിയങ്ങൾ കൊണ്ട് നാം വേണ്ടതും വേണ്ടാത്തതും കാണുന്നു, കേൾക്കുന്നു, മണക്കുന്നു, രുചിക്കുന്നു, അനുഭവിക്കുന്നു എന്നിട്ട് ഈ അനുഭവങ്ങളൊന്നും പോരാഞ്ഞ് വീണ്ടും വീണ്ടും രുചിയുള്ള ഇന്നലെ കഴിച്ച ഭക്ഷണത്തെക്കുറിച്ചും മറ്റ് അനുഭവങ്ങളെക്കുറിച്ചും അനുകൂലമായും പ്രതികൂലമായും മനസ്സിൽ പ്രതികരിക്കുന്നു. പൂർവ്വജന്മ വാസനകളെ ഇല്ലായ്മ ചെയ്ത് ചിത്തശുദ്ധി നേടി ഭഗവദ്പദമണയാൻ ലഭിച്ച വിശേഷ ബുദ്ധിയുണ്ടെന്ന് ഭ്രമിച്ചു കഴിയുന്ന മനുഷ്യ ജന്മം ലഭിച്ചിട്ട്, കൊണ്ടുവന്ന വാസനകളുടെ സഞ്ചി കാലിയാക്കുന്നതിനു പകരം, വീണ്ടും വീണ്ടും പുതിയ പുതിയ വാസനകൾ ശേഖരിച്ചുകൂട്ടി താങ്ങാൻ വയ്യാത്ത മാറാപ്പുമായി നാം ജനിച്ചും മറിച്ചും കിടന്നുഴറുന്നു. നമുക്ക് ഇതിൽ വട്ടം കറങ്ങാതെ പുറത്തേക്ക് രക്ഷപ്പെടേണ്ടേ? ദിവസവും കണ്ണും മൂക്കും നാക്കും ത്വക്കും ചെവിയും ഒക്കെ കൊണ്ടുവന്നിറക്കുന്ന വേണ്ടതും വേണ്ടാത്തതും ആത്മ-അനാത്മ വിവേകത്തോടെ, കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും നാം വിവേചനബുദ്ധിയോടെ നമുക്ക് ശ്രമിക്കാം. ശരീരത്തിൽ പറ്റിപ്പിടിച്ച മാലിന്യങ്ങൾ കഴുകിക്കളയുന്നത്ര എളുപ്പത്തിൽ മാനോമാലിന്യങ്ങൾ പോകുകയില്ല. നിരന്തര നാമജപത്തിലൂടെയും ശ്രവണ-മനനാദിയിലൂടെയും മനസ്സിന്റെ ചാഞ്ചല്യം കുറയ്ക്കുവാനും ക്രമേണ മനസ്സിനെ ശാന്തമാക്കുവാനും ധ്യാനം ശീലിക്കുവാനും തുടങ്ങുമ്പോൾ കാലങ്ങളായി മനസ്സിൽ അടിഞ്ഞു കൂടിക്കൊണ്ടിരുന്ന മനോമാലിന്യങ്ങൾ തുടച്ചു നീക്കുവാൻ സാധിച്ചേക്കും. അങ്ങനെ ചിത്തശുദ്ധി വന്ന് അകത്തുള്ള ക്ഷേത്രത്തിൽ പ്രവേശിക്കുവാനും അതിൽ നിഷ്ഠ വരുവാനും ഭഗവദ്തത്വം അനുഭവവേദ്യമാകുവാനും ഗുരുപരമ്പര നമ്മളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കുന്തീ സ്തുതി (vanaja - 10.2.2015)

എന്റെ കൃഷ്ണാ .. എണ്ണിയാൽ തീരുമോ അങ്ങയുടെ മഹിമ...അങ്ങയുടെ കാരുണ്യം...
ഉറപ്പായിട്ടും സ്വന്തം അമ്മ ദേവകീദേവിക്കുപോലും കിട്ടീട്ടുണ്ടാവില്ല ഇത്രയും അവിടുത്തെ പ്രേമവും കാരുണ്യവും! 
ഞാൻ എപ്പോഴും ഓർക്കും ആ ദേവകീദേവിയുടെ ഒരു ദുഖമേ...കൃഷ്ണ കൃഷ്ണാ ചിന്തിക്കുവാൻ വയ്യ.. 

വിവാഹം കഴിഞ്ഞ അന്നുമുതൽ ദുഷ്ടനായ കംസന്റെ തടവിൽ... 
എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നകാലം മുഴുവനും ആ നാലുചുമരുകൾക്കുള്ളിൽ വിതുമ്പി ഒതുങ്ങിക്കഴിഞ്ഞു വര്ഷങ്ങളോളം... 
ഓരോ ഓമനക്കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുമ്പോഴും ലളിക്കുവാനോ കൊതിതീരുവോളം ഒന്ന് കാണുവാനോ പോലും സാധിച്ചിരുന്നോ ? 
ഓരോരുത്തരെയായി ആറു പൊന്നോമനകളെയല്ലേ കംസൻ നിഷ്ക്കരുണം വധിച്ചത്! .. 

ഭഗവാൻ തന്നെ മകനായി പിറന്നിട്ടും ആ അമ്മയ്ക്ക് കുറച്ചുനേരം പോലും കൃഷ്ണനോടൊത്ത് കഴിയുവാനായോ ? 
നെറ്റിമേൽ വീണുകിടക്കുന്ന കുറുനിരകളും അതിനിടയിലൂടെ കാരുണ്യം വഴിഞ്ഞൊഴുകുന്ന പ്രകാശമേറിയ കണ്ണുകളുടെ കുസൃതി നിറഞ്ഞനോട്ടവും മധുരിക്കുന്ന പുഞ്ചിരിയും കുഞ്ഞുവിരലുകൾ ചുരുട്ടിപ്പിടിച്ച് കൈകാലുകൾ കുടഞ്ഞു കളിക്കുന്നതും കണ്ടിരിയ്ക്കുവാനായോ ? 
പിന്നെ കാണുന്നത് നീണ്ട പതിനൊന്നോളം വർഷങ്ങൾ കഴിഞ്ഞിട്ടാണ്! 

കംസന്റെ കൽതുറുങ്കല്ലിൽ ബന്ധനസ്ഥയായിട്ട് .... എത്ര കണ്ണീരു കുടിച്ചിട്ടുണ്ടാകും ദേവകീദേവി! 
എന്നോടും കുട്ടികളോടും  കൃഷ്ണനെത്രയാ കാരുണ്യം കാട്ടിയിരിക്കുന്നത് ...എണ്ണിയാൽ തീരില്ല...
ഓരോരോ ആപത്തുകൾ വന്നുകൊണ്ടിരുന്നപ്പോഴും അപ്പപ്പോൾ ഭഗവാൻ എന്നെയും കുട്ടികളേയും അതിൽ നിന്നെല്ലാം രക്ഷിച്ചുവരുന്നു..... 
ഭീമന് ദുര്യോധനൻ വിഷം കൊടുത്ത് ഇല്ലാണ്ടെയാക്കുവാൻ ശ്രമിച്ചപ്പോൾ രക്ഷിച്ചതും , 
അരക്കില്ലത്തിൽ ഇട്ട് എല്ലാവരേയും അഗ്നിക്കിരയാക്കുവാൻ നോക്കിയപ്പോൾ രക്ഷിച്ചതും, 
രാക്ഷസന്മാരിൽ നിന്നും രക്ഷിച്ചതും, 
കൗരവസഭയിൽ ചൂതുകളിച്ചപ്പോൾ, വസ്ത്രമായ് വന്ന്  ദ്രൗപദീ മാനസംരക്ഷണം ചെയ്തതും, 
അർജ്ജുനന്റെ സാരഥിയായി പാർത്ഥനെ നേർവഴി നയിച്ചതും, 
യുദ്ധത്തിൽ അർജ്ജുനന്റെ നേർക്കുവന്നുചേർന്നുകൊണ്ടിരുന്ന കൂർത്തുമൂർഛയേറിയ ശരങ്ങൾ സ്വയം തിരുമാറിൽ ഏറ്റുവാങ്ങിക്കൊണ്ട് പാർത്ഥനെ സംരക്ഷിച്ചതും,
അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗർഭത്തിനു നേരെ വരുന്നതുകണ്ട് പാണ്ഡവരുടെ ആകെ അവശേഷിച്ചിരുന്ന അഭിമന്യുപുത്രനെ സംരക്ഷിച്ചതും,
അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്തത്ര കാരുണ്യം അങ്ങ് ഞങ്ങളിൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്നില്ലേ ?  

ഭഗവാനേ! ഏതുദു:ഖം വരുമ്പോഴും അതൊന്നും ഒരു പ്രശ്നമായിരുന്നില്ല!
കാരണം ഈ ജനിമൃതിചക്രത്തിൽ നിന്നുള്ള മോചനമായ മോക്ഷപ്രദായകമായ നിന്തിരുവടിയുടെ മഹൽദർശനം തന്ന് അനുഗ്രഹിച്ചുകൊണ്ടിരുന്നില്ലേ? 

ആത്മാനാത്മവിവേകമുള്ള പരമഹംസന്മാരായ മഹർഷികൾക്കും സദാ ഭഗവദ് പാദപങ്കജങ്ങളിൽ ചിത്തം ഉറപ്പിച്ചുധ്യാനിക്കുന്ന മുനിമാർക്കും നിന്തിരുവടിയെ പൂർണ്ണമായി അറിയുവാൻ കഴിയുന്നില്ല. പിന്നെ വെറും സ്ത്രീയായ അജ്ഞാനിയായ ഈയുള്ളവൾക്ക് അങ്ങയെ എങ്ങിനെ അറിയുവാനാണ്! അതുകൊണ്ട് എങ്ങും നിറഞ്ഞിരിക്കുന്ന അവിടുത്തേക്ക് വെറും നമസ്ക്കാരം മാത്രം ചെയ്യുന്നു.

കിംക്ഷണന്മാർക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ.. (12.4.2015)

കിംക്ഷണന്മാർക്ക്‌ വിദ്യയുണ്ടാകയില്ലയല്ലോ..
'കിം ക്ഷണം എന്ന് കരുതുന്നവർ' അതായത് സമയത്തിന് വില കൽപ്പിക്കാത്തവർ; സമയം വേണ്ടതുപോലെ പ്രയോജനപ്പെടുത്താത്തവർ. അവർക്കെങ്ങിനെയാണ് വിദ്യയുണ്ടാവുക?
കിങ്കണന്മാരായുളേളാർക്കർത്ഥമുണ്ടായ്‌വരാ..
'കിം കണം' ഒരു കഷണത്തിനുപോലും 'വില' കൊടുക്കാത്തവർക്ക് അർത്ഥം (പണം) ഉണ്ടാവുകയില്ല.
'കിം ഋണം' നാം ജനിക്കുമ്പോൾ തന്നെ മൂന്നു തരം കടവും കൊണ്ടാണ് വരുന്നത്. (ദേവഋണം, പിതൃ ഋണം, ഋഷി ഋണം). വിവാഹം കഴിക്കുന്നതോടെ 'കടമ'യും വന്നുകൂടുന്നു. ഇതിനൊന്നും വിലകൊടുക്കാത്തവർക്ക് എങ്ങിനെ നിത്യസൌഖ്യം ഉണ്ടാവാൻ?
'കിം ദേവൻ' ഈശ്വരകാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവർ, അവർക്ക് എങ്ങിനെ മോക്ഷം കിട്ടും? വീണ്ടും വീണ്ടും ജനനമരണ ചക്രങ്ങളിൽ കിടന്നുഴറിക്കൊണ്ടിരിക്കുന്നു. (from Adhyatma Ramayanam)

Nahi nahi rakshati whats app karane (19.6.15)

There was a time when people in our village were scared of Postmen and Telegrams!
Later Landline phones came to our houses. When I was a kid we had a phone at North Parur, Kerala, the no. was just 237.There were only very few houses in North Parur and almost all the families knew one another. People knew others from the family names or house names. People were friendly, they gathered together often, and everybody knew what was happening around. 

Whenever there was an accident or death in any of the relatives of neighbors, we get a telephone message. It was me and my father who had to pass the message to their relatives staying near by. Once an old lady fainted when she saw my father opening the gate and entering their compound since it was the third time in an year we had to convey the sad news.

Then came the hands-free phones, pager, etc., and later mobile phones. People started walking while talking. Now that everyone has a mobile on their own and whats app too, people love to be on themselves, enjoy the messages shared, they do not need the company of their friends as they have so many virtual friends whom they have never even met once.

Now, information are at fingertips, but education has not been so 'subtle' (sookshmam) as before; it has become 'gross' (sthoolam). People are unable to understand each other although they live in the same building and travel in the same local train daily.

Bhaja Govindam Bhaja Govindam
Govindam bhaja mooda mate
Sampraapte sannihite kaale
Nahi nahi rakshati "what'sApp!" karane.

Narayaneeyam (Dasakam2/1,2)

ഇഷ്ടദേവതാ ഉപാസനയുടെ മാഹാത്മ്യം നാരായണീയം ദശകം 2-ൽ പറയുന്നു. ആദ്യത്തെ രണ്ടു ശ്ലോകങ്ങളിൽ ഭഗവാന്റെ വാങ്ഗ്-മയ ചിത്രം വർണ്ണിയ്ക്കുന്നു. ഭഗവാന്റെ ഈ രൂപത്തിന് എന്താണ് പ്രമാണം? ധ്രുവന് നാരദ മഹർഷി പറഞ്ഞുകൊടുത്ത രൂപം, ഉദ്ധവന് ശ്രീകൃഷ്ണൻ പറഞ്ഞു കൊടുത്ത രൂപം, കപിലഭഗവാൻ അമ്മയായ ദേവഹൂതിയ്ക്ക് ഉപദേശിച്ചരൂപം ...അങ്ങനെ പ്രമാണമുണ്ട്. പുതിയ വഴി വെട്ടിത്തെളിച്ചതല്ല, സുരക്ഷിതമായ മാർഗ്ഗമാണ് പരീക്ഷിച്ചു തെളിഞ്ഞതാണ് എന്ന് ചുരുക്കം.
1) ത്വദ് രൂപം (അഹം) ഭജേ - അങ്ങയുടെ ഈ രൂപം ഞാൻ ധ്യാനിയ്ക്കുന്നു.
സൂര്യന്റെ പ്രകാശം തോറ്റുപോകും വിധം തിളക്കമാർന്ന തങ്കക്കിരീടം. കറുത്തിരുണ്ട പുരികക്കൊടികൾക്കിടയിൽ മുകളിലായി നീണ്ട ഗോപിക്കുറി. നെറ്റിയോ, പഞ്ചമിച്ചന്ദ്രന്റെ വലിപ്പം. കാരുണ്യം വഴിഞ്ഞൊഴുകുന്ന കണ്ണുകൾ. ഭക്തന്മാരെ അനുഗ്രഹിക്കുവാൻ വെമ്പൽ കൊള്ളുന്ന കാരുണ്യം ഓളം വെട്ടുന്ന, നീണ്ട താമരപ്പൂവിന്റെ ഇതൾപോലെയുള്ള കണ്ണുകൾ ഒന്ന് നോക്കിയിരുന്നു നോക്കൂ. മനസ്സ് ആനന്ദത്തിൽ ആറാടും. കണ്ണുകൾക്കുശേഷം നാസികയല്ല വർണ്ണിച്ചിരിക്കുന്നത് പുഞ്ചിരിയാണ്. നമ്മുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ട് നമ്മുടെ സങ്കടങ്ങൾ ഒപ്പിയെടുത്ത്, നമ്മളെ ആശ്വസിപ്പിക്കുന്നതാണ് ആ പാൽപുഞ്ചിരി. ഭഗവാനെ സർവ്വാത്മനാ ആശ്രയിച്ചാൽ, ആ തിരുമുഖത്തുനോക്കി കുറച്ചു നേരം ഇരുന്നാൽ - "നീ എന്തിനു സങ്കടപ്പെടുന്നു, ഞാനുണ്ടല്ലോ" എന്ന ആശ്വാസം പകർന്നു തരുന്നതായി കാണാം.
സാമുദ്രികാശാസ്ത്രപ്രകാരം, ഉയർന്നു വളഞ്ഞു നിൽക്കുന്ന ഭഗവാന്റെ മനോഹരമായ നാസിക, മകരമത്സ്യങ്ങളെപ്പോലെ ആകൃതിയുള്ള കുണ്ഡലങ്ങൾ കാതിൽ; കുണ്ഡലങ്ങളുടെ പ്രകാശം പ്രതിഫലിച്ചിട്ടെന്നോണം ചുവന്നു തുടുത്ത കവിൾത്തടങ്ങൾ.ശംഖുപോലെയുള്ള കഴുത്ത്; കഴുത്തിൽ അരുണോദയം പോലുള്ള കൌസ്തുഭം, തിരുമാറിൽ വൈജയന്തിമാല, മുത്തുമാലകൾ പച്ചക്കല്ലുവച്ചമാല, കൂടാതെ മഹാലക്ഷ്മിയുടെ ഇരിപ്പിടമായ മാറിടത്തിൽ ശ്രീവത്സം. ഭഗവാന്റെ പരമഭക്തയായ മഞ്ജുള വാരസ്യാർ ആൽത്തറയിൽ കിടന്ന കല്ലിൽ ഭഗവാനെ ധ്യാനിച്ചു കൊണ്ട് ചാർത്തിയ പൂമാല ഭഗവാന്റെ തിരുമാറിൽ വനമാലയായി ശോഭിക്കുന്നു. വനമാലയോടു കൂടിയ ഗുരുവായൂരപ്പന്റെ വർണ്ണന നാരായണീയത്തിലേയുള്ളൂ.
2) കേയൂരം, അംഗദം, കങ്കണം, ഉത്തമ മഹാരത്നങ്ങൾ പതിപ്പിച്ചിരിക്കുന്ന മോതിരം, ലക്ഷണമൊത്ത നീണ്ട കൈകൾ, ചതുർഭുജനായി ശംഖ-ചക്ര-ഗദാ-പത്മങ്ങൾ ധരിച്ച്, മഞ്ഞപ്പട്ടുടയാട അതിനുമുകളിൽ തങ്കം കൊണ്ടുള്ള അരഞ്ഞാണം, താമരപ്പൂപോലെ ശോഭയാർന്നതും മൃദുവായതുമായ പാദപങ്കജങ്ങൾ. പ്രകാശം പരത്തുന്ന നഖങ്ങൾ.
ഈ രണ്ടു ശ്ലോകങ്ങളിൽ പറയുന്ന ഗുരുവായൂരപ്പന്റെ രൂപം ധ്യാനിയ്ക്കാമോ? എല്ലാർക്കും സാധിക്കുന്ന ധ്യാനമാണ് ഇവിടെ പറയുന്നത്. ബ്രഹ്മദേവന് ഭഗവാൻ ദർശനം കൊടുത്ത വൈകുണ്റ മൂർത്തിയുടെ ഈ ചിത്രം ഉള്ളിലേയ്ക്കാക്കാമോ ?
സ്വാമി അശേഷനന്ദജിയുടെ ബോറിവില്ലിയിൽ 3.1.2016-ൽ നടന്ന, നാരായണീയ ജ്ഞാന യജ്ഞത്തിൽ നിന്ന്. (ആചാര്യൻ പാലക്കാട് ചിന്മയമിഷൻ)

ഉള്ളിലേക്ക് (27.10.15)

ഉള്ളിലേക്ക്
തിരിഞ്ഞില്ലിതുവരെ എന്നറിയാം
നിറയെ പരമാനന്ദമാണെന്നറിയാം
എങ്കിലും
ഒരുക്ഷണം പോലും എത്തിനോക്കിയില്ല.
സമയമേറെ വ്യർത്ഥമായെന്നറിയാം
ഇനിയധികം കാലമില്ലെന്നും
ഇനിയുള്ളകാലമെങ്കിലും നിത്യം
കണ്ണടച്ച്, നാമം ജപിച്ച്, ധ്യാനിച്ച്
സാവധാനം
അകത്തേക്ക് അടിവച്ചടിവച്ച് കടക്കാം..

"മാറാത്തത് എന്നും മറഞ്ഞിരിക്കുന്നു" (vanaja 17.8.2015)

മുൻപിൽ അതാ ഒരു വെള്ളക്കടലാസ് ഇരിക്കുന്നു. ഇതുവരെ ഒരു ചിത്രം പോലും അതിൽ ആരും വരച്ചുകുറിച്ചിട്ടില്ല.
പക്ഷെ...'ഒന്നും കാണുന്നില്ല' എന്ന് തോന്നിപ്പിക്കുന്ന ആ വെള്ളക്കടലാസ് ഉണ്ടല്ലോ, അതൊരു ചിത്രകാരന്റെ കൈയ്യിൽ കിട്ടിയാലോ?
അദ്ദേഹത്തിന്റെ മനസ്സിലെ ഭാവനയാണ് വെള്ളക്കടലാസിലേക്കു നിറം പകരുന്നത്.
ഒരു വര, അതിനടുത്തൊരു വര, കുറച്ചകലെ ഒന്നു കുറുകെയായി മറ്റൊരു വര, എന്നിങ്ങനെ അദ്ദേഹത്തിന്റെ മനസ്സിലെ ഭാവന വിരൽതുമ്പിലൂടെ ഒഴുകുകയായി. കടലാസിന്റെ നിറം മറയ്ക്കുന്ന വരകളാണ് ചിത്രത്തിന് ജീവൻ പകരുന്നത്.
കണ്ടു നിൽക്കുന്നവർക്ക് ഒരു പക്ഷെ ആദ്യമൊക്കെ ഒന്നും പിടികിട്ടിയെന്നു വരില്ല. എന്തൊക്കെയോ കുത്തിവരയ്ക്കുന്ന പ്രതീതി.
കടലാസിൽ വരകളും നിറങ്ങളും കൊണ്ട് സത്ത്വനിറം മറഞ്ഞുകഴിയുമ്പോൾ നിറമുള്ള ചിത്രം തെളിയുകയായി.
അടിസ്ഥാനതത്വം അഗോചരമായിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന രൂപങ്ങളും അതിനു നാമിട്ട നാമങ്ങളും കൊണ്ട് "സത്യം" എന്നും മറഞ്ഞിരിക്കുന്നു!

നാമജപം (27.10.15)

നാമം ഉരുവിട്ടുരുവിട്ട് ശ്വാസം തന്നെയായ് തീർന്നിടും അറിഞ്ഞുകൊണ്ടു തുടങ്ങും ജപം അറിയാതെയായ് തുടർന്നിടും അനായാസേന തുടരും അനന്യചിന്ത മാഞ്ഞിടും...

ഗജേന്ദ്രമോക്ഷം (16.11.15)

തമോഗുണമുള്ള മൃഗമാണ്‌ ആന. അഗസ്ത്യമഹർഷിയാൽ ശപിക്കപ്പെട്ട ഇന്ദ്രദ്യുമ്നനെന്ന കാട്ടിലെ ആനരാജാവ് നാം തന്നെ. സ്വന്തം താവളത്തിൽ സുരക്ഷിതരെന്ന ഭ്രമത്തിൽ കഴിയുമ്പോൾ അഹങ്കാരം തല പൊക്കുന്നു. ശരീരമനോബുദ്ധികളാലും ബന്ധുജനങ്ങളാലും സ്ഥാനമാനങ്ങളാലും എല്ലാം തികഞ്ഞുവെന്ന മിഥ്യാധാരണയിൽ കഴിഞ്ഞു കൂടുമ്പോഴൊന്നുംതന്നെ, ഭഗവാന്റെ കാരുണ്യമാണിവിടെ നടക്കുന്നതെല്ലാം എന്നും താൻ മാത്രം വിചാരിച്ചാൽ സ്വന്തം ശരീരം പോലും വിചാരിക്കും പോലെ വഴങ്ങുകയോ ഒന്നും തന്നെ ആവില്ല എന്ന് മനസ്സിലാക്കുന്നില്ല. എല്ലാം ഞാൻ ചെയ്യുന്നുവെന്നും എന്നാൽ സാധിക്കുന്നുവെന്നും എല്ലാം എന്റേതാക്കണമെന്നും എങ്ങിനെയും എന്തും സ്വന്തമാക്കണം എന്നും ഒക്കെ ഭ്രമിച്ച് ഭഗവാനെ മറന്ന് ഈ ലോകത്തിൽ കഴിയുന്നു. പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം ഭഗവാൻ എനിക്ക് മാത്രം എന്താണിങ്ങനെ തന്നത് എന്ന് വിഷമിച്ചിരിക്കും. അതുവരെ ഒർക്കാതിരുന്ന ഭഗവാൻ ചോദിക്കാതെ തന്നെ തന്നുകൊണ്ടിരുന്ന സൌഭാഗ്യങ്ങൾ ഒന്നും ശ്രദ്ധയിൽ പെടില്ല; ഈ കോടാനുകോടി ബ്രാഹ്മാണ്ഡങ്ങളെയും ഭഗവാൻ സൃഷ്ടിച്ചു പരിരക്ഷിച്ചുകൊണ്ടിരിക്കുന്നതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല, ഇതുവരെ ഭഗവാന്റെ നാമം ഉച്ചരിച്ചിട്ടുപോലും ഉണ്ടാവില്ല --- പക്ഷെ അവനവന് മറികടക്കുവാൻ സാധിക്കാത്ത ഒരു പ്രശ്നം മുൻപിൽ കാണുമ്പോൾ അതുവരെ യഥേഷ്ടം അനുഭവിച്ചിരുന്നതുപോലും സൌകര്യപൂർവ്വം മറന്നുപോകും... ഇതാണ് തമോഗുണികളായ നമ്മുടെ ഓരോരുത്തരുടേയും അവസ്ഥ. ഇന്ദ്രദ്യുമ്നന്റെ കഥയിലൂടെ നമ്മളെത്തന്നെ പരിചയപ്പെടുത്തി രക്ഷപ്പെടുവാനുള്ള വഴിയേയും നമുക്ക് കാണിച്ചുതരുന്നു ഗജേന്ദ്രമോക്ഷത്തിലൂടെ.

പതിവ്രതയാം ധർമ്മപത്നി (12.4.2015)

"നാഥ! പതിവ്രതയാം ധർമ്മപത്നി ഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ!"
അങ്ങയിൽ പൂർണ്ണമായി ആത്മസമർപ്പണം നടത്തിയിരിക്കുന്ന എനിക്ക്, ഈ പ്രപഞ്ചത്തിനു മുഴുവനും ആധാരമായിരിക്കുന്ന അങ്ങല്ലാതെ  മറ്റൊരു ആധാരമോ ആശ്രയമോ ഇല്ല. 

"പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ"
അങ്ങയുടെ പാദപങ്കജങ്ങളെ സേവിക്കുവാനുള്ള, ശുശ്രൂഷിക്കുവാനുള്ള പുണ്യം ലഭിച്ചിരിക്കുന്ന എനിക്ക്  പതിവ്രതാധർമ്മം നിഷേധിക്കരുതേ.... ("അങ്ങക്ക് എന്തൊക്കെ സേവ ചെയ്തു തരണം അതിലാണ് എന്റെ സന്തോഷം" ഉണ്ടാവുന്നത്, എന്റെ സന്തോഷത്തിനായി അങ്ങേക്ക് ഒന്നും തന്നെ തേടേണ്ടതായി ഉണ്ടാവില്ല എന്നർത്ഥം കൂടി വരുന്നു.)

"നിന്നുടെ സന്നിധൌ സന്തതം വാണീടു-
മെന്നെ മറ്റാർക്കാനും പീഡിച്ചു കൂടുമോ?"
അങ്ങയുടെ സമീപത്ത് സദാ വാഴുന്ന എന്നെ അങ്ങയുടെ സംരക്ഷണകവചത്തിനുള്ളിൽ സുരക്ഷിതയായിരിക്കുന്ന എന്നെ ആർക്കാണ് പീഡിപ്പിക്കുവാൻ ആവുക? (ഭഗവാനിൽ ഉള്ള തന്റെ പരിപൂർണ്ണ ശ്രദ്ധാവിശ്വാസം ഉള്ളത് സൂചിപ്പിക്കുന്നു).

"വല്ലതും മൂലഫലജലാഹാരങ്ങൾ
വല്ലഭോച്ഷ്ടമെനിക്കമൃതോപമം"
ഭക്ഷണമാണെങ്കിൽ, അങ്ങ് എന്ത് കഴിക്കുന്നുവോ കാട്ടുകിഴങ്ങുകളോ, കായ്കനികളോ, ജലമോ എന്തു തന്നെയായാലും ശരി അങ്ങ് കഴിച്ചതിന്റെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അതെനിക്ക് അമൃതം പോലെയായിരിക്കും.

"ഭർത്താവു തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂർത്തുമൂർത്തുള്ളകല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭർത്താവേ!"
ഭർത്താവിന്റെ കൂടെ നടക്കുമ്പോൾ കാട്ടിലെ എത്ര കൂർത്തുമൂർത്തുള്ളകല്ലും മുള്ളും പുഷ്പസമാനമാണ്. ഖോരമായ കാട്ടിലൂടെ എത്ര വർഷങ്ങൾ നടന്നാലും ഒട്ടും ഭയവുമെനിയ്ക്കില്ല,  യാതൊരു ബുദ്ധിമുട്ടും ഞാൻ കാരണം അങ്ങേക്ക് ഉണ്ടാവുകയില്ല, എന്നെ ഇവിടെ വിട്ടിട്ടു  പോകല്ലേ ദേവാ.
(ഞാൻ കാരണം ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല, ദുഷ്ടന്മാരായ രാക്ഷസരോ മൃഗങ്ങളോ ഉപദ്രവിക്കും എന്ന ഭയം എനിക്കില്ല, സംരക്ഷകനായ അങ്ങയിൽ പൂർണ്ണ വിശ്വാസമുള്ളതിനാൽ; പ്രത്യേകമായ ഇഷ്ട ഭക്ഷണങ്ങൾ തേടേണ്ടതായി വരികയില്ല; എന്റെ സന്തോഷത്തിനായി അങ്ങേക്ക് ഒന്നും തന്നെ പ്രവർത്തിക്കേണ്ടതായി വരില്ല, കാരണം അങ്ങയെ സേവിക്കുക അങ്ങയുടെ സുഖം സന്തോഷം എന്നതിൽ കവിഞ്ഞ് എനിക്ക് മറ്റൊന്നും തന്നെ സന്തോഷദായകമായിട്ട്  ഉണ്ടാവില്ല).

"Easwara praarthana" -by Sri Kumaranasan

ജഗദധീശ! രാത്രിയും ശശാങ്കതാരകങ്ങളും
പകലുമര്‍ക്കബിംബവും നിരന്ന മേഘജാലവും
മൃഗകദംബ പക്ഷി വൃക്ഷ പുഷ്പ ശലഭവൃന്ദവും
മികവില്‍ നിന്റെ വൈഭവങ്ങള്‍ വാഴ്ത്തിടുന്നു ദൈവമേ!
ഗഗനമെന്തൊരത്ഭുതം സമുദ്രമെന്തൊരത്ഭുതം
നിഖില ജീവജാലജീവനെന്നതെന്തൊരത്ഭുതം
സകലതും രചിച്ചതോര്‍ക്കിലഖിലനാഥനായ നീ
സകലശക്ത നിന്‍പദം നമിച്ചിടുന്നു ഞാന്‍ വിഭോ!
ദീനരില്‍ കൃപാരസം കലര്‍ന്നലിഞ്ഞീടേണമെന്‍
മാനസം, ഭവാനതിന്നു കരുണചെയ്ക സന്തതം
ഊനമറ്റ ചിത്തശുദ്ധി കൃത്യസക്തി തൃപ്തിയും
ഞാനിളച്ചിടായ്വതിന്നു നീ കടാക്ഷമേകണം.
ശോഭയിജ്ജനത്തിനുള്ളതൊക്കെ നഷ്ടമാകിലും
താപമച്ഛനമ്മമാര്‍ക്കുമാര്‍ക്കുമാര്‍ന്നിടാതെയും
കോപമത്സരാദിയെന്‍ മനസ്സിലേശിടാതെയും
നീ ഭരിച്ചു കാത്തുകൊള്‍ക ഞങ്ങളെ ദയാനിധേ!
രമ്യമായ മേടമേല്‍ സുഖിച്ചു ഞാനിരിക്കിലും
കര്‍മശക്തികൊണ്ടു വല്ല ചെറ്റയില്‍ കിടക്കിലും
എന്മനസ്സധര്‍മചിന്ത വിട്ടിരിപ്പതിന്നു നീ
ചിന്മയപ്രഭോ! കനിഞ്ഞനുഗ്രഹിക്ക ദൈവമേ.
ക്ഷണമൊരോന്നുപോകവേ ക്ഷയിച്ചിടുന്നു ജീവിതം
ഗുണമസംഖ്യമാളുകള്‍ക്കുചെയ്തിടേണ്ടതുണ്ടിവന്‍
ഉണര്‍വൊടെന്നുമെന്‍ പ്രവൃത്തി സമയനിഷ്ഠയോടു ഞാന്‍
അണുവിടാതെ ചെയ്യുമാറനുഗ്രഹിക്ക ദൈവമേ!
തുഷ്ടി ഞാന്‍ നിമിത്തമെന്റെ നാട്ടിനും ജഗത്തിനും
പുഷ്ടിയാര്‍ന്നു കാണ്മതിന്നെനിക്കു ഭാഗ്യമേകണം
ശിഷ്ടസംഗമത്തിനുള്ള യോഗവും ഭവിക്കണം
വിഷ്ടപേശ ഭക്തലോകപാലനാഥ പാഹിമാം!

Mahabali (6.12.2015)

ത്രിവിക്രമൻ വന്നു ഭൂമി യാചിച്ച നേരം ത്രിലോകാധിപൻ താൻ ദാനശീലനെന്നും മൂന്നടി മാത്രമെന്ന ബുദ്ധി ബാലിശമെന്നും മുന്നിൽ കാണുന്നതോ വെറും ബാലനെന്നും അഹങ്കാരമതിൽ മനസ്സിൽ മറ തീർക്കും കാലം അഹം-മമാദികളല്ലാതൊന്നുമേ കണ്ടതില്ല ബലി തന്റെ ഗർവ്വമടങ്ങിയോരു നേരം ബലി കണ്ടു തൻ മുന്നിൽ വലിയോരു രൂപം!

വിശ്വേശ്വരവിവാഹോത്സവാരംഭം (9.1.2016)

വിശ്വാമിത്രമഹർഷിയുടെ ആഗമനവിവരം അറിഞ്ഞയുടനെ ജനകമഹാരാജാവ് പരിവാരങ്ങളുമായി നിറഞ്ഞ മനസ്സോടെ ഭക്ത്യാദരവോടുകൂടി പൂജാദ്രവ്യങ്ങളുമായി വന്ന് പൂജിച്ചു. നരനാരയണന്മാരുടെ അവതാരമൂർത്തികളാണോ മുന്നിൽ നിൽക്കുന്നത്, സൂര്യചന്ദ്രന്മാരെന്നപോലെ പ്രഭ ചൊരിയുന്ന ഈ കുമാരന്മാർ ആരാണ് എന്ന് ജനകമഹാരാജാവ് വിശ്വാമിത്രമഹർഷിയോട് ചോദിച്ചു. പരമഭക്തനായ ഈ യോഗിക്ക്, ഭഗവാനെ തിരിച്ചറിയുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നറിയാമെങ്കിലും വിശ്വാമിത്ര മുനി വിചാരിച്ചുകാണും, ധനുർയജ്ഞത്തിനായി മിഥിലാരാജ്യത്തേക്ക് കൊണ്ടുപോകുന്ന രാമലക്ഷ്മണന്മാരുടെ യഥാർത്ഥ സ്വരൂപം ഇപ്പോൾ തന്നെ അറിയിച്ചാൽ ശരിയാവില്ല എന്ന്. അതുകൊണ്ട് പറഞ്ഞു, "മഹാരാജാവേ, എന്റെ വാക്കുകൾ വിശ്വസിച്ചാലും..." ദേവന്മാരെ അ സുരന്മാരോട് യുദ്ധം ചെയ്യുന്നതിൽ സഹായിക്കുവാൻ പോലും കഴിവുള്ളതായിട്ടുള്ള വീരനായ ദശരഥമഹാരാജാവിന്റെ പുത്രന്മാരാണ് ഇവർ രണ്ടുപേരും. ശ്രീരാമൻ ജ്യേഷ്‌ഠനും അനുജൻ ലക്ഷ്‌മണൻ മൂന്നാമത്തെ പുത്രനും. ലോകക്ഷേമത്തിനായിക്കൊണ്ട് പിതൃക്കൾക്ക് വേണ്ടി ഞാൻ നടത്തിക്കൊണ്ടിരുന്ന യാഗം സംരക്ഷിക്കുവാനായി ഞാൻതന്നെ ചെന്നു കൂട്ടിക്കൊണ്ടുപോന്നതാണ്. കണ്ടാൽ കുട്ടികളാണെങ്കിലും ഇവർ നിസ്സാരക്കാരല്ല കേട്ടോ, കാടുമുഴുവനും വിറപ്പിച്ചിരുന്ന താടക എന്ന രാക്ഷസിയെപ്പേടിച്ച് ആ വഴിയേതന്നെ ആരും നടന്നിരുന്നില്ല, ആ ഭയങ്കരിയായ രാക്ഷസിയെ ഒരേയൊരു ബാണം കൊണ്ടുതന്നെ എയ്‌തു കൊന്നു. അതോടെ ഞങ്ങളുടെ ഭയവും മാറി, യാഗം സുഗമമായി അനുഷ്ഠിയ്ക്കുവാനും സാധിച്ചു. അതുമാത്രമല്ല, ഗൗതമമഹർഷിയുടെ പത്നി അഹല്യ, മുനിശാപത്താൽ അചേതനമായ കല്ലുപോലെ വിജനമായ ആശ്രമപരിസരത്ത് ഉണ്ടായിരുന്നു. അതിലേ നടന്നുവന്ന ശ്രീരാമന്റെ പാദങ്ങളിലെ പൊടിവീണതിനാൽ പരിശുദ്ധയായി വീണ്ടും ഗൗതമ മഹർഷിയുടെ അടുത്തേക്ക് സേവനാതൽപ്പരയായി തിരിച്ചുപോകുവാൻ സാധിച്ചു. (മുനിമാരുടെ ശാപം അനുഗ്രഹം തന്നെയാണ്. ആ മഹാത്മാക്കൾ കോപത്തെ മറികടന്നവരാണെങ്കിലും എന്തിനു കോപം വന്നു ശപിക്കുന്നുവെന്നാണെങ്കിൽ അത് അവരുടെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്. കോപം അഭിനയിച്ചുകൊണ്ട് ശപിച്ചാലും ഉടനെ ഹൃദയം ആർദ്രമായി ശാപമോക്ഷവും അരുളും. കാരണം അവർക്കറിയാം ഋഷിമുനിമാരുടെ ശാപത്താൽ നരകത്തിൽ പോകും പക്ഷെ ഭഗവാന്റെ കൈകളാൽ വധിക്കപ്പെട്ടാൽ പോലും അവർക്ക് മോക്ഷമാണ് ലഭിക്കുന്നത് എന്ന്. അതിനാൽ എത്ര വലിയ തെറ്റുചെയ്യുന്നവരേയും അവർ ഭഗവാന്റെ അടുത്ത് എത്തിക്കും. 'താടകയ്ക്കു ഭഗവാന്റെ അടുത്ത് വിദ്വേഷത്തോടെ അടുക്കേണ്ടി വന്നു' എങ്കിലും ഭഗവാന്റെ കാരുണ്യത്തോടെ രാമബാണത്താൽ മോക്ഷം കിട്ടി. ജലപാനം പോലുമില്ലാതെ, യാതൊരു ജീവിയുടേയും സഹവാസം പോലും ഇല്ലാതെ, ഏകാന്തഭക്തിയോടെ സദാ രാമനാമ ജപത്തിൽ നിമഗ്നയായിരുന്ന അഹല്യയുടെ പുണ്യസഞ്ചയത്താൽ ഭഗവാൻ അഹല്യയുടെ അടുത്തേക്ക് വരേണ്ടിവന്നു. സ്വന്തം പതിയായ ഗൗതമമുനിയുടെ ശാപം അനുഗ്രഹമായിക്കരുതി അഹല്യ. സാഹചര്യങ്ങളെ പഴിച്ചില്ല, സ്വയം പഴിച്ചില്ല, കിട്ടിയ സന്ദർഭം വേണ്ടപോലെ ഉപയോഗിച്ചു. ഭഗവാൻ തന്ന നാവും മനസ്സും ഇന്ദ്രിയങ്ങളും ഉള്ളിലേക്കാക്കിക്കൊണ്ട് ഭഗവൽ നാമജപം തുടർന്നു . ഭക്തപരാധീനനായ ഭഗവാന് പിന്നെ വരാതിരിക്കുവാൻ ആകുമോ?)
സാക്ഷാൽ ശ്രീ പരമേശ്വരന്റെ ചാപം സാധാരണ ഒരു വില്ല് അല്ല. ഭഗവാന്റെ ആയുധങ്ങൾ എല്ലാം ചൈതന്യവത്താണ്. സാധാരണക്കാരായ നമ്മുടെ വീട്ടിലുള്ള അചേതന ആയുധങ്ങളെപ്പോലെ നിസ്സാരമയിട്ടുള്ളതല്ല.
മാഹേശ്വരമായ ചാപം കാണുവാൻ ഉള്ളിൽ വളരെ ആഗ്രഹമുണ്ട് അതുകൊണ്ട് അത് കാണിച്ചു തരണമെന്ന് വിശ്വാമിത്രമഹർഷി ജനകമഹാരാജാവിനോട് പറഞ്ഞു. സാക്ഷാൽ ഭഗവാൻ തന്നെ അവതരിച്ചിരിയ്ക്കുന്നതാണ് ശ്രീരാമദേവനായി എന്ന് വിശ്വാമിത്രമഹർഷി അറിയിച്ചില്ലയെങ്കിലും "എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ" എന്ന് കൂട്ടിച്ചേർത്തു. ഭഗവൽ സങ്കല്പംകൊണ്ട് ഭഗവാന്റെ സ്വരൂപം മഹാരാജാവിനു മനസ്സിലായതില്ല എങ്കിലും യഥാവിധി പൂജിച്ചശേഷം സൽക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്കണ്ടിട്ട് "ചിത്തത്തിൽ വളരെയധികം പ്രീതിയുണ്ടായി" ജനകമഹാരാജാവിന്. (പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തത് അഹം ഭക്ത്യുപഹൃദം അശ്നാമി പ്രയതാത്മന: ) എന്ന് ശ്രീമദ്‌ ഭഗവദ് ഗീത അദ്ധ്യായം 9 ശ്ലോകം 26-ൽ പറയുന്നുണ്ടല്ലോ. ചെയ്യേണ്ടത് ചെയ്തുകഴിയുമ്പോൾ ചിത്തം തെളിയും, കൃതാർത്ഥത തോന്നും, മന:പ്രസാദമുണ്ടാകും. ഭഗവാനാണ് എന്നറിയാതെയാണ് ഭക്തിപൂർവ്വം പൂജിച്ചതെങ്കിലും ഭഗവാൻ മനസ്സാ സ്വീകരിച്ചിരിക്കുന്നു.
അതിനുശേഷം ജനകമഹാരാജാവ് മുഖ്യമന്ത്രിയോട് ഉടനെ കൊട്ടാരത്തിൽ ചെന്ന് പാരമേശ്വരചാപം രാജസഭയിലേക്ക് ആനയിക്കുവാൻ ഉത്തരവിട്ടു. എന്നിട്ട് ജനകമഹാരാജാവ് വിശ്വാമിത്രമുനിയോട് പറഞ്ഞു "രാജകുമാരനായ ഈ ബാലകൻ രഘുവംശത്തിലെ ശ്രേഷ്ഠൻ, താമരക്കണ്ണൻ, സുന്ദരൻ, ദശരഥപുത്രൻ, ഈ ചാപം കുലച്ചുവലിച്ചു മുറിച്ചീടുമെങ്കിൽ തീർച്ചയായും എന്റെ മകൾക്ക് വല്ലഭാനാകുന്നതായിരിക്കും. അനേകം കിങ്കരന്മാർ ഹുങ്കാരത്തോടുകൂടി എടുത്തു കൊണ്ടുവന്നു ത്രൈയംബകം. . പട്ടുവസ്ത്രം കൊണ്ടും അനേകം മണികൾകൊണ്ടും അലങ്കരിച്ച മൃത്യുശാസനചാപം. ശ്രീ പരമേശ്വരൻ സദാരാമജപത്തിൽ മുഴുകിക്കഴിയുന്ന ഭഗവാനാണ്. ആ രാമഭക്തന്റെ പള്ളിവിൽ കണ്ടു ശ്രീ രാമചന്ദ്രഭഗവാൻ ബഹുമാനപുരസ്സരം വന്ദിച്ചു. സാക്ഷാൽ പരബ്രഹ്മം ഭൂമിയിൽ അവതാരം ചെയ്തതാണെങ്കിലും മാനുഷരൂപത്തിൽ ഇരിക്കുമ്പോൾ മനുഷ്യനെപ്പോലെ പ്രവർത്തിയ്ക്കുമല്ലോ. "വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ? ചൊല്ലൂ.." എന്നു് ഗുരുവിന്റെ അനുവാദത്തിനായി ഭഗവാൻ ശ്രീ രാമചന്ദ്രൻ ഒന്ന് തൃക്കണ്‍ പാർത്തു. "മടിക്കേണ്ട, എല്ലാമാകുന്നതു ചെയ്താലും ഇതുകൊണ്ട് മംഗളം ഭവിക്കുമല്ലോ" എന്ന് ഗുരു അനുഗ്രഹിക്കുന്നതുകേട്ട് രഘുവംശതിലകൻ പതുക്കെപ്പോയിച്ചെന്നുനിന്നു ഭവചാപത്തെ വീക്ഷിച്ചു. ജ്വലിച്ച തേജസ്സോടെ വേഗം എടുത്തു കുലച്ചു വലിച്ചുമുറിച്ചുടനെ ഈരേഴു ലോകങ്ങളുംമുഴങ്ങി. ('ഭവ'മെന്നാൽ സംസാരം എന്നും അർത്ഥം വരുന്നുണ്ട്; ശിവനെന്നും അർത്ഥം 'ഭവ' ശബ്ദത്തിനുണ്ട്.) ദേവവൃന്ദം ആകാശത്തിൽ നിന്ന് പാട്ടും ആനന്ദനൃത്തവും കൂട്ടവാദ്യങ്ങളും മംഗലസ്തുതികളും പുഷ്പവൃഷ്ടികളും നടത്തി, ദേവന്മാരൊക്കെ പരമാനന്ദം പൂണ്ട് ദേവദേവനെ പൂജിക്കുകയും അപ്സരസ്ത്രീകളെല്ലാം ഉത്സാഹത്തോടെ വിശ്വേശ്വരനുടെ വിവാഹോത്സവം ആരംഭിക്കുന്നതിന്റെ ആഘോഷം കണ്ടു കൗതുകം പൂണ്ടു ജനങ്ങളെല്ലാം. ജഗത്‌സ്വാമിയാകിയ ഭഗവാനെ ജഗത്‌സ്വാമിയാകിയ ഭഗവാനെ സദസ്സിന്റെ മുൻപിൽ വച്ച് ഗാഢമായി ആശ്ലേഷവും ചെയ്തു. ഇടിവെട്ടും വണ്ണം മൃത്യുശാസനചാപം മുറിഞ്ഞ ശബ്ദം കേട്ട് അവിടെ കൂടിയിരുന്ന രാജാക്കന്മാർ നടുങ്ങിപ്പോയി, പാമ്പുകൾ മാളത്തിൽപ്പോയി ഒളിയ്ക്കുംപോലെ. മഴക്കാറുകണ്ട മയിൽപ്പേടപോലെ സന്തോഷംകൊണ്ട് സീതാദേവിയുടെ മനസ്സ് നൃത്തം വച്ചു. വിശ്വേശ്വരനുടെ വിവാഹോത്സവം ആരംഭിക്കുകയായി. വിശ്വത്തിന്റെ മുഴുവനും മിത്രമായ വിശ്വാമിത്ര മഹർഷിയുടെ മനം കുളിർക്കുകയും ചെയ്തു.