പൂവായിരുന്നു അന്ന്.
പിന്നെ കായായി, അതിനുള്ളിൽ വിത്തായി.
കുറെനാൾ മണ്ണിനടിയിൽ കിടന്നു.
അനുയോജ്യമായ സമയം വന്നപ്പോൾ, മഴപെയ്തു എന്നൊരു കാരണം!
പിന്നെ മുളപൊട്ടി, രണ്ടു കുരുന്നിലകൾ പുറത്തു വന്നു.
അതു വളർന്നു, തണ്ടും തടിയും വളർന്നു പന്തലിച്ചു.
അതിനിടെ എനിക്ക് പലപേരുകളും മാറി മാറിയുണ്ടായി.
വിത്ത് മാറി, മുളയായും, അതുപിന്നെ ഇലയായും, തൈയ്യായും, മരമായും വളർന്നു.
ധാരാളം ഇലകളും ശാഖകളും പൂക്കളും കായ്കളും ഉണ്ടായി.
തണൽപറ്റി മൃഗങ്ങളും പക്ഷികളും വന്നണഞ്ഞു.
ചിലർക്ക് വേണ്ടത് താല്ക്കാലികമായ തണലും ആശ്രയവും ആയിരുന്നു.
ചിലർക്കോ, കുറച്ചു പൂക്കളും പഴങ്ങളും ചുള്ളിക്കമ്പുകളും മതിയായിരുന്നു.
മറ്റു ചിലർക്ക് ശാഖകൾ മാത്രം പോര, അവരെന്നെ മൊത്തത്തിൽ ഒരു വിലയിട്ടു.
ജീവൻ തുടിക്കുന്ന എന്റെ നട്ടെല്ല് തന്നെ മുറിച്ചുമാറ്റിയപ്പോൾ അവരതിന് തടിയെന്നു പേരിട്ടു.
ഒരു മരവും വെട്ടിമുറിക്കാതെയും ആരെയും വലക്കാതെയും കാറ്റത്തു വീഴാത്ത കൂടുകൾ ഇട്ടിട്ട് ഈ മരത്തിൽ നിന്ന് ഇപ്പോൾ പറന്നു പോകേണ്ടിവന്നു എത്രയോ പക്ഷികൾക്ക്! താഴെ വീണു ചിതറിയ മുട്ടകളും പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും നിസ്സഹായരായി നോക്കിക്കരയാനേ അവർക്ക് കഴിഞ്ഞുള്ളു. വെട്ടാൻ വന്നവരോട് വേദം ഓതീട്ട് കാര്യമില്ലാന്ന് അവർ പണ്ടേ മനസ്സിലാക്കിയിരിക്കും.
കാട്ടിൽ സുഖമായി കഴിഞ്ഞിരുന്ന കൊമ്പനാനയെ കുഴിയിലാക്കിയിട്ട്, തല്ലി ചതച്ച് ചെവിയിൽ തോട്ടിയിട്ടു വലിച്ചു മുറിച്ചിട്ട് അവർ പറയുന്നത് അനുസരിക്കുന്ന ഒരു കളിപ്പാവയാക്കി കൊണ്ടുവന്നു. കാലിൽ തുരുമ്പുള്ള ചങ്ങല വലിച്ചു ചുറ്റി മുറുക്കി വൃണമാക്കിയിട്ടും അതു തീരെ ഗൌനിക്കാൻ സമയമില്ലാത്തതുപോലെ.....
തുമ്പിക്കൈയിൽ താങ്ങാവുന്നതിലും ഭാരം വലിപ്പിച്ച് ...(അവനവന്റെ വലിപ്പവും ശക്തിയും സ്വയം അറിയാത്തതിനാൽ മറ്റുള്ളവരുടെ ചെറുവടിക്കു മുൻപിൽ അനുസരണയോടെ ഭാരം വലിക്കേണ്ടി വരുന്നു കഷ്ടം!!)
പിന്നെ അവർ ഈ തടി ലോറിയിലാക്കി മരക്കച്ചവടക്കാരന്റെ മില്ലിൽ എത്തിച്ചു.
അവിടെ ചെന്നെന്നെ വീണ്ടും അരിഞ്ഞരിഞ്ഞ് ഇപ്പോൾ ടിമ്പർ എന്നോ പലക എന്നോ മറ്റോ ആയി എന്റെ പേര്.
അവിടുന്നും തീർന്നില്ല, വീടുപണിയുന്ന മുറ്റത്തേക്ക് കൊണ്ടുപോയിട്ട് അവിടെ വച്ച് വീണ്ടും അറക്കവാളും ഉളിയും കൊട്ടോടിയും ഒക്കെ കയറിയിറങ്ങി എന്നെ വാതിലിന്റെ കട്ട്ളയാക്കി, ജനാലകളും.
രണ്ടുപേർക്ക് കഴിയാനൊരു കൊട്ടാരം പോലൊരു വീട്! ഇതിനുവേണ്ടി എത്ര മരങ്ങൾ മുറിക്കപ്പെട്ടു കാണുമോഎന്തോ!
എന്റെ ഒരു ഭാഗം കട്ടിലും മേശയും കസേരകളും ആക്കി മാറ്റി.
ചിന്തീരിട്ടു മാറ്റിയ കഷണങ്ങൾ അടുപ്പിലേക്കും. അതവിടെ കിടന്നു അഗ്നിക്ക് ഇരയായപ്പോഴും ഞാൻ അറിഞ്ഞു ഞാൻ മരിച്ചിട്ടില്ല, മരിക്കുകയുമില്ല എന്ന്.
മാറ്റം സംഭവിച്ചത് എന്റെ രൂപത്തിനും നാമത്തിനും മാത്രം.
ഇനി അവശേഷിക്കുന്ന ചാരവും മറ്റൊന്നിന് വളമാവും വീണ്ടും മുളക്കും...
അവസാനം ശിവനിൽ ചെന്നണയും വരെ ഇതു തുടരുകതന്നെ ചെയ്യും.
ശിവോഹം ശിവോഹം ശിവോഹം