Saturday, December 27, 2014

ശ്രീമദ്‌ഭഗവദ്ഗീത ധ്യാനശ്ലോകം-4

*ഓം ശ്രീകൃഷ്ണപരമാത്മനേ നമഃ*
4.

"സർവ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാർത്ഥോ  വത്സഃ സുധീർഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്".

സർവ്വ ഉപനിഷത്തുകളും പശുക്കളായും; 
കറവക്കാരനായി  ഗോപാലനന്ദനനായ  ശ്രീകൃഷ്ണനും;  
ചിത്തശുദ്ധി വന്ന ജിജ്ഞാസുവായി പാർത്ഥനെന്ന പശുക്കുട്ടിയും; 
ഉപനിഷത്തുക്കളിലെസാരമായ ഭഗവദ് ഗീതയെന്ന അമൃതമായി ശുദ്ധമായ പശുവിൻ പാലും ആയി ഈ ശ്ലോകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

പശുക്കൾ നമ്മുടെ സമ്പത്തായിരുന്നു പുരാണകാലം മുതൽ. അമൃതമാകുന്ന പാൽ നമുക്ക് പ്രേമവർഷമായി തരുന്ന ഗോമാതാവ്. മാത്രമോ പാൽ, തൈര്, മോര്, വെണ്ണ, നെയ്യ്, ചീസ് അങ്ങിനെ എന്തൊക്കെ നമുക്ക് പാലിൽ നിന്ന് ലഭിക്കുന്നു. പ്രായഭേദമന്യേ, ജാതിഭേദമന്യേ, ദേശഭേദമന്യേ പാലിന്റെ മഹത്ത്വം അറിയുന്നവരാണ് നമ്മളൊക്കെയും. പശുക്കളെ കറക്കുവാൻ പരിചയം സിദ്ധിച്ചവനായിരിക്കണം പശുവിന്റെ പാലെടുക്കുവാൻ വരുന്നത്. ഗോക്കളെമേച്ചു നടക്കുന്നവരുടെ കണ്ണിലുണ്ണിയായ ഭഗവാൻ ശ്രീകൃഷ്ണൻ അടുത്തു വന്നാൽ സ്നേഹപൂർവ്വം ചുരത്തിക്കൊടുക്കാത്ത പശുക്കളുണ്ടാവുമോ? പക്ഷെ പശുക്കുട്ടിക്കു കൊടുക്കാതെ ഭഗവാൻ മുഴുവനും എടുക്കില്ലല്ലോ. എങ്ങിനെയുള്ള പശുക്കുട്ടിയാണ് ഇവിടെയുള്ളത് ? ചിത്തശുദ്ധിവന്ന ജിജ്ഞാസുവാണ്. പാർത്ഥൻ - പൃഥയുടെ പുത്രൻ - നമ്മളെ ഓരോരുത്തരേയും പ്രതിനിധീകരിക്കുന്നു. പശുക്കുട്ടിക്കുവേണ്ടി വാത്സല്യപൂർവ്വം ചുരത്തിയൊഴുക്കുന്ന പാൽപ്പുഴ വാസ്തവത്തിൽ തന്റെ കുഞ്ഞിനു മാത്രമായി ഗോമാതാവ് കനിഞ്ഞു നൽകുന്നതാണോ ? അല്ല, നമുക്കാണ് കൂടുതൽ പ്രയോജനപ്പെടുന്നത്. ഈ ഗീതാമൃതമാകുന്ന ശുദ്ധമായ പാൽ സേവിക്കുവാൻ നാം സന്നദ്ധരാകണമെന്നു മാത്രം. ഏതുതുറയിൽ ഉള്ളവർക്കും ഏതു ദേശമാണെങ്കിലും ഏതു ജാതി-മതങ്ങളിൽ വിശ്വസിക്കുന്നവർ ആണെങ്കിൽപോലും ഭഗവദ് ഗീതാമൃതം അവരെ പോഷിപ്പിക്കുന്നു. 

No comments: