Showing posts with label Bhagavad Gita Dhyana Sloka. Show all posts
Showing posts with label Bhagavad Gita Dhyana Sloka. Show all posts

Saturday, December 27, 2014

ശ്രീമദ്‌ഭഗവദ്ഗീത ധ്യാനശ്ലോകം-4

*ഓം ശ്രീകൃഷ്ണപരമാത്മനേ നമഃ*
4.

"സർവ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാർത്ഥോ  വത്സഃ സുധീർഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്".

സർവ്വ ഉപനിഷത്തുകളും പശുക്കളായും; 
കറവക്കാരനായി  ഗോപാലനന്ദനനായ  ശ്രീകൃഷ്ണനും;  
ചിത്തശുദ്ധി വന്ന ജിജ്ഞാസുവായി പാർത്ഥനെന്ന പശുക്കുട്ടിയും; 
ഉപനിഷത്തുക്കളിലെസാരമായ ഭഗവദ് ഗീതയെന്ന അമൃതമായി ശുദ്ധമായ പശുവിൻ പാലും ആയി ഈ ശ്ലോകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

പശുക്കൾ നമ്മുടെ സമ്പത്തായിരുന്നു പുരാണകാലം മുതൽ. അമൃതമാകുന്ന പാൽ നമുക്ക് പ്രേമവർഷമായി തരുന്ന ഗോമാതാവ്. മാത്രമോ പാൽ, തൈര്, മോര്, വെണ്ണ, നെയ്യ്, ചീസ് അങ്ങിനെ എന്തൊക്കെ നമുക്ക് പാലിൽ നിന്ന് ലഭിക്കുന്നു. പ്രായഭേദമന്യേ, ജാതിഭേദമന്യേ, ദേശഭേദമന്യേ പാലിന്റെ മഹത്ത്വം അറിയുന്നവരാണ് നമ്മളൊക്കെയും. പശുക്കളെ കറക്കുവാൻ പരിചയം സിദ്ധിച്ചവനായിരിക്കണം പശുവിന്റെ പാലെടുക്കുവാൻ വരുന്നത്. ഗോക്കളെമേച്ചു നടക്കുന്നവരുടെ കണ്ണിലുണ്ണിയായ ഭഗവാൻ ശ്രീകൃഷ്ണൻ അടുത്തു വന്നാൽ സ്നേഹപൂർവ്വം ചുരത്തിക്കൊടുക്കാത്ത പശുക്കളുണ്ടാവുമോ? പക്ഷെ പശുക്കുട്ടിക്കു കൊടുക്കാതെ ഭഗവാൻ മുഴുവനും എടുക്കില്ലല്ലോ. എങ്ങിനെയുള്ള പശുക്കുട്ടിയാണ് ഇവിടെയുള്ളത് ? ചിത്തശുദ്ധിവന്ന ജിജ്ഞാസുവാണ്. പാർത്ഥൻ - പൃഥയുടെ പുത്രൻ - നമ്മളെ ഓരോരുത്തരേയും പ്രതിനിധീകരിക്കുന്നു. പശുക്കുട്ടിക്കുവേണ്ടി വാത്സല്യപൂർവ്വം ചുരത്തിയൊഴുക്കുന്ന പാൽപ്പുഴ വാസ്തവത്തിൽ തന്റെ കുഞ്ഞിനു മാത്രമായി ഗോമാതാവ് കനിഞ്ഞു നൽകുന്നതാണോ ? അല്ല, നമുക്കാണ് കൂടുതൽ പ്രയോജനപ്പെടുന്നത്. ഈ ഗീതാമൃതമാകുന്ന ശുദ്ധമായ പാൽ സേവിക്കുവാൻ നാം സന്നദ്ധരാകണമെന്നു മാത്രം. ഏതുതുറയിൽ ഉള്ളവർക്കും ഏതു ദേശമാണെങ്കിലും ഏതു ജാതി-മതങ്ങളിൽ വിശ്വസിക്കുന്നവർ ആണെങ്കിൽപോലും ഭഗവദ് ഗീതാമൃതം അവരെ പോഷിപ്പിക്കുന്നു. 

ശ്രീമദ് ഭഗവദ്ഗീതാധ്യാന ശ്ലോകം-3 (13.1.14)

ഓം ശ്രീകൃഷ്ണപരമാത്മനേ നമ:
3.
"പ്രപന്ന പാരിജാതായ തോത്രവേത്രൈക പാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ"

ഗീതാമാതാവായ ഈ  ഗ്രന്ഥത്തിന്റെ സവിശേഷതയും, ഗ്രന്ഥകർത്താവായ വ്യാസഭഗവാന്റെ വിശാലബുദ്ധിയേയും, വന്ദിച്ചു സ്മരിച്ചതിനു ശേഷം ജഗത് ഗുരുവായ, സർവ്വജ്ഞനായ,  സാക്ഷാൽ സച്ചിദാനന്ദമൂർത്തിയെ ആശ്രയിക്കുകയാണ്. വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുക്കളിൽ ഗുരു-ശിഷ്യ സംവാദം ആയിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇവിടെയും നര-നാരായണന്മാരായ അർജ്ജുന-ശ്രീകൃഷ്ണസംവാദമാണ് നാം കാണുന്നത്. 

ഗുരു ശിഷ്യന് പഠിപ്പിക്കുന്നതിലൂടെ മാത്രമല്ല ശിഷ്യന് അറിവ് തെളിയുന്നത്. ഗുരു-ശിഷ്യ പാരസ്പര്യത്തിലൂടെ 'ഒരു ട്യൂണിംഗ്' ഉണ്ടാകുന്നു. ശിഷ്യന് ഗുരുവിലും ശാസ്ത്രത്തിലും ഉള്ള ശ്രദ്ധ വളരെ പ്രാധാന്യം അർഹിക്കുന്നു. ഓരോ ശിഷ്യരേയും അവരിലുള്ള കുറവുകളും കഴിവുകളും പൂർണ്ണമായി മനസ്സിലാക്കി ഓരോരുത്തർക്കും അവരുടെ അറിവിന്റെ തലങ്ങൾക്കനുസൃതമായി സദ്‌ ഗുരുനാഥൻ കൃപ ചൊരിയും.ആരേയും ഉപേക്ഷിക്കുകയില്ല,  ക്ഷമയോടെ വാത്സല്യത്തോടെ അവരുടെ കൈപിടിച്ച് തന്റെ നിലയിലേക്ക് ഉയർത്തും. ഗുരുവിനെ സംബന്ധിച്ച് ലഘുവിനെ ഗുരുവിനൊപ്പം ആക്കിയെടുത്തു കഴിഞ്ഞാലും ശരി, ശിഷ്യനെ സംബന്ധിച്ച് തന്റെ കുറവുകൾ നികത്തിത്തന്നു തന്നെ ഭാഗവാനിലേക്ക് അടുപ്പിച്ച ഗുരുനാഥൻ ഭഗവാൻ തന്നെയാണ്. "ഗുരു സാക്ഷാൽ പരംബ്രഹ്മ". 

എങ്ങിനെയാണ് ഭഗവാനിവിടെ ഇരിക്കുന്നത് ? ജ്ഞാനമുദ്രയോടെയാണ്.  നമ്മുടെ കൈയിലെ അഞ്ചു വിരലുകളിൽ ചെറുവിരൽ - ശരീരത്തെയും; മോതിരവിരൽ -ഹൃദയത്തേയും മനസ്സിനേയും; നടുവിരൽ - ബുദ്ധിയേയും; ചൂണ്ടു വിരൽ - അഹങ്കാരത്തേയും; തള്ളവിരൽ - ഭഗവാനേയും സൂചിപ്പിക്കുന്നു, എന്ന് ആചാര്യന്മാർ പറയുന്നു. ചെറുവിരൽ കുഞ്ഞ് നിവർത്തിക്കാണിച്ചാൽ ടീച്ചർക്ക് കാര്യം പിടികിട്ടില്ലേ ? മോതിരവിരലിൽ ആണ് നമ്മുടെ വിവാഹമോതിരം ഇടുന്നത്. ചൂണ്ടുവിരൽ ചൂണ്ടുന്നത് അഹങ്കാരം പ്രകടമാക്കുകയല്ലേ ? ഈ അഹങ്കാരത്തെ ഒന്ന് ഭാഗവാനിലേക്ക് (തള്ളവിരലിലേക്ക്) കുനിച്ചാൽ ജ്ഞാനമുദ്രയായി. (അറബിയിൽ 'അള്ളാഹ്' എന്ന് എഴുതുന്നതും ജ്ഞാനമുദ്ര-പിടിച്ചിരിക്കുന്ന വിരലിൽ കൂടി എഴുതുന്നത് പോലെയാണത്രെ). നമ്മുടെ സമ്പൂർണ്ണ സമർപ്പണം മാത്രമേ വേണ്ടതുള്ളൂ.

 ഭഗവാനിവിടെ ഒരു കൈയിൽ കാലിമേക്കുന്നകോലും പിടിച്ചിരിക്കുന്നു. വീട് വിട്ടു പുല്ലുമേയാൻ കൊണ്ടുപോകുന്ന വഴിയോരത്ത് കാണുന്നതെല്ലാം രുചിച്ചു നോക്കി കൂട്ടത്തോടെ നടന്നുനീങ്ങും പശുക്കളെ, ഗോക്കളെ പാലിക്കുന്നവൻ കൈയിൽ ഒരു ചെറിയ വടിയും പിടിച്ച് കൂട്ടം തെട്ടുന്നവയെ തെളിച്ച്, വേണ്ടത്ര പച്ചപ്പുല്ലുകിട്ടുന്നയിടത്ത് കൊണ്ടുപോയി വയറുനിറയെ തിന്നാൻ അനുവദിച്ച്, ഒഴുകുന്ന പുഴവെള്ളം കുടിപ്പിച്ചു ദാഹവും ശമിപ്പിച്ചു വീട്ടിലേക്ക് തരിച്ച് 'നയിച്ച്‌' കൊണ്ടുവരും. ഭഗവാൻ ചെയ്യുന്നതും അത് തന്നെയല്ലേ ? 'ഗോ' എന്നാൽ 'ഇന്ദ്രിയങ്ങൾ' എന്നും അർത്ഥം ഉണ്ട്.  

സ്വർഗ്ഗത്തിലെ പാരിജാതവൃക്ഷം എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതാണത്രേ.  ശ്രീകൃഷ്ണപരമാത്മാവും ആശ്രയിക്കുന്നവർക്ക് ഭഗവാനെത്തന്നെ കൊടുക്കുന്നു. ഭഗവാനെത്തന്നെ കിട്ടിയാൽ തുച്ഛമായ മറ്റെന്തെങ്കിലും നമുക്ക് വേണമെന്ന് തോന്നുമോ ? അങ്ങിനെയുള്ള ശ്രീകൃഷ്ണപരമാത്മാവിനെ ഇതാ സർവ്വാത്മനാ ആശ്രയിക്കുന്നു. 

ശ്രീമദ്‌ ഭഗവദ്ഗീത ധ്യാനശ്ലോകം-2 (11.1.14)

ഓം ശ്രീകൃഷ്ണപരമാത്മനേ നമ:

"നമോഃസ്തുതേ വ്യാസവിശാലബുദ്ധേ, 
ഫുല്ലാരവിന്ദായതപത്രനേത്ര,
യേന ത്വയാ ഭാരതതൈലപൂർണ്ണഃ 
പ്രജ്ജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ"

ഗീതാശാസ്ത്രത്തെക്കുറിച്ച്  പറഞ്ഞതിന് ശേഷം ഗ്രന്ഥകർത്താവായ വ്യാസഭവാനെ നമിക്കുകയാണ്. പരാശരമുനിയുടേയും സത്യവതിയുടേയും പുത്രനായി ജനിച്ച കൃഷ്ണദ്വൈപായന മഹർഷിയാണ് വേദങ്ങൾ വ്യസിച്ചതും പഞ്ചമവേദമായ മഹാഭാരതംഗ്രഥിച്ചതും.  

"വിടർന്നതാമരയിതൾ പോലെ കണ്ണുകളുള്ള, ചെളിയിൽ വിടർന്ന താമരയിൽ എങ്ങിനെ ചെളി പുരണ്ടിട്ടില്ലയോ അതുപോലെ ഒട്ടലില്ലാത്ത വ്യാസഭഗവാനേ, ഭഗവദ്ഗീതയാകുന്ന ജ്ഞാനദീപം, മഹാഭാരതമാകുന്ന എണ്ണയോഴിച്ചു പ്രകർഷേണ ജ്വലിപ്പിക്കുന്നതിന് സാഷ്ടാംഗ നമസ്ക്കാരം" - എന്നാണീ ശ്ലോകത്തിന്റെ സാമാന്യമായ അർത്ഥം.. 

വ്യാസഭഗവാന്റെ  വീക്ഷണം ഒന്നിലും  ആസക്തിയില്ലാതെയുള്ളതാണ്. ഒന്നിലും  ഒട്ടലില്ല.സത്യസന്ധമായുള്ളതാണ്. ശ്രീ  മഹാഭാരതത്തില്‍ സ്വന്തം ശരീരത്തിന്റെ വൈരൂപ്യത്തെക്കുറിച്ചു പോലും  വ്യാസഭഗവാന്‍  സത്യം മാത്രമേ  എഴുതിയിട്ടുള്ളൂ. ("വിരൂപോഹി ജാതീ ച അപി ദുര്‍ വര്‍ണ്ണ: പുരുഷ: കൃശ:, സുഗന്ധേതരഗന്ധ: ച സര്‍വഥാ ദുഷ്പ്രധര്‍ഷണ:"). താമര ചെളിയില്‍ ഉണ്ടായതാണെങ്കിലും  അതില്‍  അല്‍പ്പംപോലും  പങ്കം  ഇല്ല എന്നുള്ളതിനാല്‍  ആണ് വ്യാസഭഗവാന്റെ  കണ്ണുകള്‍ ഭഗവദ്ഗീതാധ്യാനശ്ലോകത്തില്‍ താമരയിതളിനോട്  ഉപമിച്ചിരിക്കുന്നത്. (നമോഃസ്തുതേ വ്യാസവിശാലബുദ്ധേ, ഫുല്ലാരവിന്ദായത-പത്ര-നേത്ര).
നമഃ അസ്തു തേ വ്യാസവിശാലബുദ്ധേ - പണ്ടേതന്നെ വരുംകാലങ്ങളിൽ വരാൻപോകുന്ന മാറ്റത്തെ മുന്നിൽ കണ്ടിട്ടാവും അല്ലേ മഹാമുനേ! അങ്ങ് ഞങ്ങളെ പ്രബുദ്ധരാക്കുവാനായിട്ട് ഞങ്ങളിലെ ഓരോ സമയത്ത് മിന്നിമറയുന്ന ചിന്തകളെ പ്രതിനിധീകരിച്ച് ഓരോ കഥാപാത്രത്തെ കണ്ടത്!  ഞങ്ങളുടെ തെറ്റുകൾ, കഥാപാത്രങ്ങളുടെ കർമ്മങ്ങളും അതുകൊണ്ട്  അവർക്ക് അനുഭവിക്കേണ്ടിവരുന്ന ഫലങ്ങളേയും, മഹാഭാരതത്തിൽ കൂടി വ്യക്തമാക്കിത്തന്നത് ? ഈ സദുദ്ദേശം ഞങ്ങൾക്ക് പൂർണ്ണ ബോദ്ധ്യമായതിനാൽ, അങ്ങയുടെ ഈ വിശാലവീക്ഷണത്തിനു മുൻപിൽ സാഷ്ടാംഗ നമസ്ക്കാരം. 

'ശ്രീമദ്‌ ഭഗവദ്ഗീതയിലൂടെ' ലഭിക്കുന്ന ജ്ഞാനം എങ്ങനെ സമ്പൂർണ്ണമാണെന്ന് നമുക്ക് മനസ്സിലാക്കാം? ഏതൊരു ഭൌതികജ്ഞാനവും അതാത് വിഷയങ്ങളെ മാത്രം വെളിപ്പെടുത്തി തരുന്നതേയുള്ളൂ. ചരിത്രം, സയൻസ് എന്നിവ പഠിച്ചാൽ അതാത് വിഷയങ്ങളെക്കുറിച്ചുള്ള അറിവേ നമുക്ക് ലഭിക്കുന്നുള്ളൂ. പക്ഷെ "അവനവനെ കാണിച്ചുതരുന്ന കണ്ണാടിയായ ശ്രീമദ്‌ ഭഗവദ്ഗീത" 'സത്യം' അറിയുവാനും അതിന്റെ വെളിച്ചത്തിൽ  സ്വയം അവലോകനം നടത്തി, നമ്മുടെ കഴിവുകളേയും കുറവുകളെയും  കണ്ടുപിടിക്കുവാനും, സ്വയം വേണ്ട തിരുത്തലുകൾ നടത്തി, 'സ്വധർമ്മാനുഷ്ഠാനത്തിലൂടെ'  'ലക്ഷ്യ'ത്തിലെത്തുവാനും  സഹായിക്കുന്നു. 

ശ്രീമദ്‌ഭഗവദ്ഗീത ധ്യാനശ്ലോകം-1 (10.1.14)

--ഓം ശ്രീകൃഷ്ണപരമാത്മനേ നമ:--

"ഓം പാർത്ഥായ പ്രതിബോധിതാം 
ഭഗവതാം നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണ
മുനിനാം മദ്ധ്യേ മഹാഭാരതം.

അദ്വൈതാമൃത വർഷിണീം
ഭഗവതീം അഷ്ടാദശ-അദ്ധ്യായിനീം
അംബ-ത്വാം അനുസന്ദധാമി
ഭഗവദ് ഗീതേ ഭവദ്വേഷിണീം"

"ഓം" - ഏതൊരു കാര്യവും തുടങ്ങുമ്പോൾ ഈശ്വരസ്മരണയോടെ തുടങ്ങണം എന്ന് ഇവിടെ നമുക്ക് ഓർമ്മിപ്പിച്ചു തരുകയും കൂടിയാണ് ശ്രീ മധുസൂതന സരസ്വതി. 'ഓം' എന്നാൽ പ്രണവം. ശബ്ദബ്രഹ്മം.

സർവ്വജ്ഞനായ സാക്ഷാൽ നാരായണഭഗവാൻ, വ്യാസമഹർഷിയുടെ ചിന്താധാരയിലൂടെ, വിഘ്നേശ്വരഭഗവാന്റെ തൂലികയിലൂടെ, മഹാഭാരതമെന്ന ഇതിഹാസത്തിലൂടെ, ഭഗവദ് ഗീതയാകുന്ന അമൃതധാര, പാർത്ഥനുവേണ്ടിയെന്ന മട്ടിൽ,അർജ്ജുനനെ നിമിത്തമാക്കി, ഭഗവാൻ നമുക്കൊരോരുത്തർക്കും 'അദ്വൈതമാകുന്ന അമൃതം' വർഷിച്ചുതരുന്ന കാരുണ്യഗീതം. മഹാഭാരതത്തിന്റെ ഒത്ത നടുവിലായി ഭീഷ്മപർവ്വത്തിൽ ശ്രീമദ് ഭഗവദ്ഗീതയിൽ നമുക്ക് ഉപനിഷദ്സാരങ്ങൾ നിറച്ചു വച്ചിരിക്കുന്നു. പൃഥ എന്നാൽ കുന്തീദേവിക്കും, ഭൂമിദേവിക്കും പേരുണ്ട്. പൃഥയുടെ പുത്രൻ പാർത്ഥൻ. ഭൂമിദേവിയുടെ പുത്രന്മാരിൽ ഒരാളായ പാർത്ഥനോടായാലും ശരി, നമ്മൾ ഓരോരുത്തരോടായാലും ശരി, 'ഭഗവാൻ പാടിയത്' (ഗീത), നമുക്ക് എല്ലാവർക്കും ഹിതകരമായതാണ്, ജാതി-മത-ദേശ-കാല-സ്ത്രീ-പുരുഷ-വർണ്ണ-ആശ്രമ ഭേദങ്ങളില്ലാതെ സംസാര-തരണം സുഗമമാക്കുവാൻ വേണ്ടിയാണ്.

ഗീതാശാസ്ത്രത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം ഗ്രന്ഥകർത്താവായ വ്യാസഭവാനെ നമിക്കുകയാണ്. പരാശരമുനിയുടേയും സത്യവതിയുടേയും പുത്രനായി ജനിച്ച കൃഷ്ണദ്വൈപായാന മഹർഷിയാണ് വേദങ്ങൾ വ്യസിച്ചതും പഞ്ചമവേദമായ മഹാഭാരതംഗ്രഥിച്ചതും. വ്യാസഭഗവാന്റെ വീക്ഷണം ഒന്നിലും ആസക്തിയില്ലാതെ ഉള്ളതാണ്. ഒന്നിലും ഒട്ടലില്ല.സത്യസന്ധമായുള്ളതാണ്. ശ്രീ മഹാഭാരതത്തില്‍ സ്വന്തം ശരീരത്തെക്കുറിച്ചുപോലും വ്യാസഭഗവാന്‍ സത്യം മാത്രമേ എഴുതിയിട്ടുള്ളൂ. ("വിരൂപോഹി ജാതീ ച അപി ദുര്‍ വര്‍ണ്ണ: പുരുഷ: കൃശ:, സുഗന്ധേതരഗന്ധ: ച സര്‍വഥാ ദുഷ്പ്രധര്‍ഷണ:"). താമര ചെളിയില്‍ ഉണ്ടായതാണെങ്കിലും അതില്‍ അല്‍പ്പംപോലും പങ്കം ഇല്ല എന്നുള്ളതിനാല്‍ ആണ് വ്യാസഭഗവാന്റെ കണ്ണുകള്‍ ഭഗവദ്ഗീതാധ്യാനശ്ലോകത്തില്‍ താമരയിതളിനോട് ഉപമിച്ചിരിക്കുന്നത്. (നമോഃസ്തുതേ വ്യാസവിശാലബുദ്ധേ, ഫുല്ലാരവിന്ദായത-പത്ര-നേത്ര).

അമ്മയുടെ സുഖശീതളമായ തലോടൽ പോലെ. ഗീതാമ്മയുടെ വാത്സല്യം നിറഞ്ഞ സമീപനം. ഏതു മക്കൾക്കും ഏതു സമയത്തും ആശ്രയിക്കുവാൻ കഴിയുന്നത് അമ്മയുടെ മടിയിലല്ലേ? എത്ര വലിയ തെറ്റുകൾ ചെയ്തവർക്കു പോലും ആശ്വസിക്കുവാൻ എന്നും അമ്മയുണ്ടാകും. സ്വന്തം മക്കളെ മാത്രമല്ല എല്ലാവരെയും മക്കളായി കാണുവാൻ പാകത്തിനൊരു വലിയ ഹൃദയം വഹിക്കുന്ന സ്നേഹനിധിയായ ഒരമ്മയെപ്പോലെ നമുക്ക് ഈ ഗീതാമാതാവിനെ ആശ്രയിക്കാം. പതിനെട്ടദ്ധ്യായങ്ങളിൽ ഒതുങ്ങിയ എഴുന്നൂറ്റിയൊന്നു ശ്ലോകങ്ങളിലൂടെ നമുക്ക് ഓരോരുത്തർക്കും ഭഗവാൻ 'ഞാൻ' ആരെന്നും, എന്റെ 'സ്വധർമ്മം' എന്തെന്നും പരിചയപ്പെടുത്തിത്തരുന്നു ഗീതാമാതാവ്. നമുക്ക് ഈ ഭഗവതിയമ്മയെ ഭവാബ്ധി തരണം ചെയ്യുവാനായി നമുക്കൊത്തൊരുമിച്ച് സാവധാനം അനുസന്ധാനം ചെയ്യാം.