ഓം ശ്രീകൃഷ്ണപരമാത്മനേ നമ:
3.
"പ്രപന്ന പാരിജാതായ തോത്രവേത്രൈക പാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ"
ഗീതാമാതാവായ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയും, ഗ്രന്ഥകർത്താവായ വ്യാസഭഗവാന്റെ വിശാലബുദ്ധിയേയും, വന്ദിച്ചു സ്മരിച്ചതിനു ശേഷം ജഗത് ഗുരുവായ, സർവ്വജ്ഞനായ, സാക്ഷാൽ സച്ചിദാനന്ദമൂർത്തിയെ ആശ്രയിക്കുകയാണ്. വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുക്കളിൽ ഗുരു-ശിഷ്യ സംവാദം ആയിട്ടാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇവിടെയും നര-നാരായണന്മാരായ അർജ്ജുന-ശ്രീകൃഷ്ണസംവാദമാണ് നാം കാണുന്നത്.
ഗുരു ശിഷ്യന് പഠിപ്പിക്കുന്നതിലൂടെ മാത്രമല്ല ശിഷ്യന് അറിവ് തെളിയുന്നത്. ഗുരു-ശിഷ്യ പാരസ്പര്യത്തിലൂടെ 'ഒരു ട്യൂണിംഗ്' ഉണ്ടാകുന്നു. ശിഷ്യന് ഗുരുവിലും ശാസ്ത്രത്തിലും ഉള്ള ശ്രദ്ധ വളരെ പ്രാധാന്യം അർഹിക്കുന്നു. ഓരോ ശിഷ്യരേയും അവരിലുള്ള കുറവുകളും കഴിവുകളും പൂർണ്ണമായി മനസ്സിലാക്കി ഓരോരുത്തർക്കും അവരുടെ അറിവിന്റെ തലങ്ങൾക്കനുസൃതമായി സദ് ഗുരുനാഥൻ കൃപ ചൊരിയും.ആരേയും ഉപേക്ഷിക്കുകയില്ല, ക്ഷമയോടെ വാത്സല്യത്തോടെ അവരുടെ കൈപിടിച്ച് തന്റെ നിലയിലേക്ക് ഉയർത്തും. ഗുരുവിനെ സംബന്ധിച്ച് ലഘുവിനെ ഗുരുവിനൊപ്പം ആക്കിയെടുത്തു കഴിഞ്ഞാലും ശരി, ശിഷ്യനെ സംബന്ധിച്ച് തന്റെ കുറവുകൾ നികത്തിത്തന്നു തന്നെ ഭാഗവാനിലേക്ക് അടുപ്പിച്ച ഗുരുനാഥൻ ഭഗവാൻ തന്നെയാണ്. "ഗുരു സാക്ഷാൽ പരംബ്രഹ്മ".
എങ്ങിനെയാണ് ഭഗവാനിവിടെ ഇരിക്കുന്നത് ? ജ്ഞാനമുദ്രയോടെയാണ്. നമ്മുടെ കൈയിലെ അഞ്ചു വിരലുകളിൽ ചെറുവിരൽ - ശരീരത്തെയും; മോതിരവിരൽ -ഹൃദയത്തേയും മനസ്സിനേയും; നടുവിരൽ - ബുദ്ധിയേയും; ചൂണ്ടു വിരൽ - അഹങ്കാരത്തേയും; തള്ളവിരൽ - ഭഗവാനേയും സൂചിപ്പിക്കുന്നു, എന്ന് ആചാര്യന്മാർ പറയുന്നു. ചെറുവിരൽ കുഞ്ഞ് നിവർത്തിക്കാണിച്ചാൽ ടീച്ചർക്ക് കാര്യം പിടികിട്ടില്ലേ ? മോതിരവിരലിൽ ആണ് നമ്മുടെ വിവാഹമോതിരം ഇടുന്നത്. ചൂണ്ടുവിരൽ ചൂണ്ടുന്നത് അഹങ്കാരം പ്രകടമാക്കുകയല്ലേ ? ഈ അഹങ്കാരത്തെ ഒന്ന് ഭാഗവാനിലേക്ക് (തള്ളവിരലിലേക്ക്) കുനിച്ചാൽ ജ്ഞാനമുദ്രയായി. (അറബിയിൽ 'അള്ളാഹ്' എന്ന് എഴുതുന്നതും ജ്ഞാനമുദ്ര-പിടിച്ചിരിക്കുന്ന വിരലിൽ കൂടി എഴുതുന്നത് പോലെയാണത്രെ). നമ്മുടെ സമ്പൂർണ്ണ സമർപ്പണം മാത്രമേ വേണ്ടതുള്ളൂ.
ഭഗവാനിവിടെ ഒരു കൈയിൽ കാലിമേക്കുന്നകോലും പിടിച്ചിരിക്കുന്നു. വീട് വിട്ടു പുല്ലുമേയാൻ കൊണ്ടുപോകുന്ന വഴിയോരത്ത് കാണുന്നതെല്ലാം രുചിച്ചു നോക്കി കൂട്ടത്തോടെ നടന്നുനീങ്ങും പശുക്കളെ, ഗോക്കളെ പാലിക്കുന്നവൻ കൈയിൽ ഒരു ചെറിയ വടിയും പിടിച്ച് കൂട്ടം തെട്ടുന്നവയെ തെളിച്ച്, വേണ്ടത്ര പച്ചപ്പുല്ലുകിട്ടുന്നയിടത്ത് കൊണ്ടുപോയി വയറുനിറയെ തിന്നാൻ അനുവദിച്ച്, ഒഴുകുന്ന പുഴവെള്ളം കുടിപ്പിച്ചു ദാഹവും ശമിപ്പിച്ചു വീട്ടിലേക്ക് തരിച്ച് 'നയിച്ച്' കൊണ്ടുവരും. ഭഗവാൻ ചെയ്യുന്നതും അത് തന്നെയല്ലേ ? 'ഗോ' എന്നാൽ 'ഇന്ദ്രിയങ്ങൾ' എന്നും അർത്ഥം ഉണ്ട്.
സ്വർഗ്ഗത്തിലെ പാരിജാതവൃക്ഷം എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതാണത്രേ. ശ്രീകൃഷ്ണപരമാത്മാവും ആശ്രയിക്കുന്നവർക്ക് ഭഗവാനെത്തന്നെ കൊടുക്കുന്നു. ഭഗവാനെത്തന്നെ കിട്ടിയാൽ തുച്ഛമായ മറ്റെന്തെങ്കിലും നമുക്ക് വേണമെന്ന് തോന്നുമോ ? അങ്ങിനെയുള്ള ശ്രീകൃഷ്ണപരമാത്മാവിനെ ഇതാ സർവ്വാത്മനാ ആശ്രയിക്കുന്നു.
No comments:
Post a Comment