Saturday, December 27, 2014

ശ്രീമദ്‌ഭഗവദ്ഗീത ധ്യാനശ്ലോകം-1 (10.1.14)

--ഓം ശ്രീകൃഷ്ണപരമാത്മനേ നമ:--

"ഓം പാർത്ഥായ പ്രതിബോധിതാം 
ഭഗവതാം നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണ
മുനിനാം മദ്ധ്യേ മഹാഭാരതം.

അദ്വൈതാമൃത വർഷിണീം
ഭഗവതീം അഷ്ടാദശ-അദ്ധ്യായിനീം
അംബ-ത്വാം അനുസന്ദധാമി
ഭഗവദ് ഗീതേ ഭവദ്വേഷിണീം"

"ഓം" - ഏതൊരു കാര്യവും തുടങ്ങുമ്പോൾ ഈശ്വരസ്മരണയോടെ തുടങ്ങണം എന്ന് ഇവിടെ നമുക്ക് ഓർമ്മിപ്പിച്ചു തരുകയും കൂടിയാണ് ശ്രീ മധുസൂതന സരസ്വതി. 'ഓം' എന്നാൽ പ്രണവം. ശബ്ദബ്രഹ്മം.

സർവ്വജ്ഞനായ സാക്ഷാൽ നാരായണഭഗവാൻ, വ്യാസമഹർഷിയുടെ ചിന്താധാരയിലൂടെ, വിഘ്നേശ്വരഭഗവാന്റെ തൂലികയിലൂടെ, മഹാഭാരതമെന്ന ഇതിഹാസത്തിലൂടെ, ഭഗവദ് ഗീതയാകുന്ന അമൃതധാര, പാർത്ഥനുവേണ്ടിയെന്ന മട്ടിൽ,അർജ്ജുനനെ നിമിത്തമാക്കി, ഭഗവാൻ നമുക്കൊരോരുത്തർക്കും 'അദ്വൈതമാകുന്ന അമൃതം' വർഷിച്ചുതരുന്ന കാരുണ്യഗീതം. മഹാഭാരതത്തിന്റെ ഒത്ത നടുവിലായി ഭീഷ്മപർവ്വത്തിൽ ശ്രീമദ് ഭഗവദ്ഗീതയിൽ നമുക്ക് ഉപനിഷദ്സാരങ്ങൾ നിറച്ചു വച്ചിരിക്കുന്നു. പൃഥ എന്നാൽ കുന്തീദേവിക്കും, ഭൂമിദേവിക്കും പേരുണ്ട്. പൃഥയുടെ പുത്രൻ പാർത്ഥൻ. ഭൂമിദേവിയുടെ പുത്രന്മാരിൽ ഒരാളായ പാർത്ഥനോടായാലും ശരി, നമ്മൾ ഓരോരുത്തരോടായാലും ശരി, 'ഭഗവാൻ പാടിയത്' (ഗീത), നമുക്ക് എല്ലാവർക്കും ഹിതകരമായതാണ്, ജാതി-മത-ദേശ-കാല-സ്ത്രീ-പുരുഷ-വർണ്ണ-ആശ്രമ ഭേദങ്ങളില്ലാതെ സംസാര-തരണം സുഗമമാക്കുവാൻ വേണ്ടിയാണ്.

ഗീതാശാസ്ത്രത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം ഗ്രന്ഥകർത്താവായ വ്യാസഭവാനെ നമിക്കുകയാണ്. പരാശരമുനിയുടേയും സത്യവതിയുടേയും പുത്രനായി ജനിച്ച കൃഷ്ണദ്വൈപായാന മഹർഷിയാണ് വേദങ്ങൾ വ്യസിച്ചതും പഞ്ചമവേദമായ മഹാഭാരതംഗ്രഥിച്ചതും. വ്യാസഭഗവാന്റെ വീക്ഷണം ഒന്നിലും ആസക്തിയില്ലാതെ ഉള്ളതാണ്. ഒന്നിലും ഒട്ടലില്ല.സത്യസന്ധമായുള്ളതാണ്. ശ്രീ മഹാഭാരതത്തില്‍ സ്വന്തം ശരീരത്തെക്കുറിച്ചുപോലും വ്യാസഭഗവാന്‍ സത്യം മാത്രമേ എഴുതിയിട്ടുള്ളൂ. ("വിരൂപോഹി ജാതീ ച അപി ദുര്‍ വര്‍ണ്ണ: പുരുഷ: കൃശ:, സുഗന്ധേതരഗന്ധ: ച സര്‍വഥാ ദുഷ്പ്രധര്‍ഷണ:"). താമര ചെളിയില്‍ ഉണ്ടായതാണെങ്കിലും അതില്‍ അല്‍പ്പംപോലും പങ്കം ഇല്ല എന്നുള്ളതിനാല്‍ ആണ് വ്യാസഭഗവാന്റെ കണ്ണുകള്‍ ഭഗവദ്ഗീതാധ്യാനശ്ലോകത്തില്‍ താമരയിതളിനോട് ഉപമിച്ചിരിക്കുന്നത്. (നമോഃസ്തുതേ വ്യാസവിശാലബുദ്ധേ, ഫുല്ലാരവിന്ദായത-പത്ര-നേത്ര).

അമ്മയുടെ സുഖശീതളമായ തലോടൽ പോലെ. ഗീതാമ്മയുടെ വാത്സല്യം നിറഞ്ഞ സമീപനം. ഏതു മക്കൾക്കും ഏതു സമയത്തും ആശ്രയിക്കുവാൻ കഴിയുന്നത് അമ്മയുടെ മടിയിലല്ലേ? എത്ര വലിയ തെറ്റുകൾ ചെയ്തവർക്കു പോലും ആശ്വസിക്കുവാൻ എന്നും അമ്മയുണ്ടാകും. സ്വന്തം മക്കളെ മാത്രമല്ല എല്ലാവരെയും മക്കളായി കാണുവാൻ പാകത്തിനൊരു വലിയ ഹൃദയം വഹിക്കുന്ന സ്നേഹനിധിയായ ഒരമ്മയെപ്പോലെ നമുക്ക് ഈ ഗീതാമാതാവിനെ ആശ്രയിക്കാം. പതിനെട്ടദ്ധ്യായങ്ങളിൽ ഒതുങ്ങിയ എഴുന്നൂറ്റിയൊന്നു ശ്ലോകങ്ങളിലൂടെ നമുക്ക് ഓരോരുത്തർക്കും ഭഗവാൻ 'ഞാൻ' ആരെന്നും, എന്റെ 'സ്വധർമ്മം' എന്തെന്നും പരിചയപ്പെടുത്തിത്തരുന്നു ഗീതാമാതാവ്. നമുക്ക് ഈ ഭഗവതിയമ്മയെ ഭവാബ്ധി തരണം ചെയ്യുവാനായി നമുക്കൊത്തൊരുമിച്ച് സാവധാനം അനുസന്ധാനം ചെയ്യാം.

No comments: