Saturday, December 27, 2014

ശ്രീമദ്‌ ഭഗവദ്ഗീത ധ്യാനശ്ലോകം-2 (11.1.14)

ഓം ശ്രീകൃഷ്ണപരമാത്മനേ നമ:

"നമോഃസ്തുതേ വ്യാസവിശാലബുദ്ധേ, 
ഫുല്ലാരവിന്ദായതപത്രനേത്ര,
യേന ത്വയാ ഭാരതതൈലപൂർണ്ണഃ 
പ്രജ്ജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ"

ഗീതാശാസ്ത്രത്തെക്കുറിച്ച്  പറഞ്ഞതിന് ശേഷം ഗ്രന്ഥകർത്താവായ വ്യാസഭവാനെ നമിക്കുകയാണ്. പരാശരമുനിയുടേയും സത്യവതിയുടേയും പുത്രനായി ജനിച്ച കൃഷ്ണദ്വൈപായന മഹർഷിയാണ് വേദങ്ങൾ വ്യസിച്ചതും പഞ്ചമവേദമായ മഹാഭാരതംഗ്രഥിച്ചതും.  

"വിടർന്നതാമരയിതൾ പോലെ കണ്ണുകളുള്ള, ചെളിയിൽ വിടർന്ന താമരയിൽ എങ്ങിനെ ചെളി പുരണ്ടിട്ടില്ലയോ അതുപോലെ ഒട്ടലില്ലാത്ത വ്യാസഭഗവാനേ, ഭഗവദ്ഗീതയാകുന്ന ജ്ഞാനദീപം, മഹാഭാരതമാകുന്ന എണ്ണയോഴിച്ചു പ്രകർഷേണ ജ്വലിപ്പിക്കുന്നതിന് സാഷ്ടാംഗ നമസ്ക്കാരം" - എന്നാണീ ശ്ലോകത്തിന്റെ സാമാന്യമായ അർത്ഥം.. 

വ്യാസഭഗവാന്റെ  വീക്ഷണം ഒന്നിലും  ആസക്തിയില്ലാതെയുള്ളതാണ്. ഒന്നിലും  ഒട്ടലില്ല.സത്യസന്ധമായുള്ളതാണ്. ശ്രീ  മഹാഭാരതത്തില്‍ സ്വന്തം ശരീരത്തിന്റെ വൈരൂപ്യത്തെക്കുറിച്ചു പോലും  വ്യാസഭഗവാന്‍  സത്യം മാത്രമേ  എഴുതിയിട്ടുള്ളൂ. ("വിരൂപോഹി ജാതീ ച അപി ദുര്‍ വര്‍ണ്ണ: പുരുഷ: കൃശ:, സുഗന്ധേതരഗന്ധ: ച സര്‍വഥാ ദുഷ്പ്രധര്‍ഷണ:"). താമര ചെളിയില്‍ ഉണ്ടായതാണെങ്കിലും  അതില്‍  അല്‍പ്പംപോലും  പങ്കം  ഇല്ല എന്നുള്ളതിനാല്‍  ആണ് വ്യാസഭഗവാന്റെ  കണ്ണുകള്‍ ഭഗവദ്ഗീതാധ്യാനശ്ലോകത്തില്‍ താമരയിതളിനോട്  ഉപമിച്ചിരിക്കുന്നത്. (നമോഃസ്തുതേ വ്യാസവിശാലബുദ്ധേ, ഫുല്ലാരവിന്ദായത-പത്ര-നേത്ര).
നമഃ അസ്തു തേ വ്യാസവിശാലബുദ്ധേ - പണ്ടേതന്നെ വരുംകാലങ്ങളിൽ വരാൻപോകുന്ന മാറ്റത്തെ മുന്നിൽ കണ്ടിട്ടാവും അല്ലേ മഹാമുനേ! അങ്ങ് ഞങ്ങളെ പ്രബുദ്ധരാക്കുവാനായിട്ട് ഞങ്ങളിലെ ഓരോ സമയത്ത് മിന്നിമറയുന്ന ചിന്തകളെ പ്രതിനിധീകരിച്ച് ഓരോ കഥാപാത്രത്തെ കണ്ടത്!  ഞങ്ങളുടെ തെറ്റുകൾ, കഥാപാത്രങ്ങളുടെ കർമ്മങ്ങളും അതുകൊണ്ട്  അവർക്ക് അനുഭവിക്കേണ്ടിവരുന്ന ഫലങ്ങളേയും, മഹാഭാരതത്തിൽ കൂടി വ്യക്തമാക്കിത്തന്നത് ? ഈ സദുദ്ദേശം ഞങ്ങൾക്ക് പൂർണ്ണ ബോദ്ധ്യമായതിനാൽ, അങ്ങയുടെ ഈ വിശാലവീക്ഷണത്തിനു മുൻപിൽ സാഷ്ടാംഗ നമസ്ക്കാരം. 

'ശ്രീമദ്‌ ഭഗവദ്ഗീതയിലൂടെ' ലഭിക്കുന്ന ജ്ഞാനം എങ്ങനെ സമ്പൂർണ്ണമാണെന്ന് നമുക്ക് മനസ്സിലാക്കാം? ഏതൊരു ഭൌതികജ്ഞാനവും അതാത് വിഷയങ്ങളെ മാത്രം വെളിപ്പെടുത്തി തരുന്നതേയുള്ളൂ. ചരിത്രം, സയൻസ് എന്നിവ പഠിച്ചാൽ അതാത് വിഷയങ്ങളെക്കുറിച്ചുള്ള അറിവേ നമുക്ക് ലഭിക്കുന്നുള്ളൂ. പക്ഷെ "അവനവനെ കാണിച്ചുതരുന്ന കണ്ണാടിയായ ശ്രീമദ്‌ ഭഗവദ്ഗീത" 'സത്യം' അറിയുവാനും അതിന്റെ വെളിച്ചത്തിൽ  സ്വയം അവലോകനം നടത്തി, നമ്മുടെ കഴിവുകളേയും കുറവുകളെയും  കണ്ടുപിടിക്കുവാനും, സ്വയം വേണ്ട തിരുത്തലുകൾ നടത്തി, 'സ്വധർമ്മാനുഷ്ഠാനത്തിലൂടെ'  'ലക്ഷ്യ'ത്തിലെത്തുവാനും  സഹായിക്കുന്നു. 

No comments: