അമ്പലങ്ങളിലെ ഉത്സവപ്പറമ്പിൽ നിന്നും പലപ്പോഴായ്
അച്ഛൻ വാങ്ങിത്തന്നിട്ടുള്ള മുത്തുമാലകൾ പൊട്ടിപ്പോയപ്പോഴെല്ലാം
ചിരട്ടയിലിട്ട് സൂക്ഷിച്ചുവച്ചിട്ട്, ഇടക്കിടക്ക് അതെടുത്ത്
നീളമുള്ള ഈറയിൽ പലപ്പോഴും കോർത്തിരുന്നത്,
ആരുടെ തിരുമുടിക്കെട്ട് അലങ്കരിക്കുവാൻ ആയിരുന്നുവെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
മാനം കാണിക്കാതെ നോട്ടുപുസ്തകത്തിൽ
ഒളിപ്പിച്ചുവച്ച മയിൽപ്പീലി പ്രസവിച്ചിട്ടുണ്ടോന്ന്,
മറ്റാരും കാണാതെ പുസ്തകത്താളുകൾക്കിടയിൽ
ഒളിഞ്ഞ് ഇടയ്ക്കിടയ്ക്ക് നോക്കിയിരുന്നപ്പോഴും
ഞാൻ തേടിയിരുന്നത് ആരെയായിരുന്നുവെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
കാലത്ത് കിളികളുടെ കിലുകിലാരവവും
കാറ്റത്ത് ഇല്ലിമരങ്ങളുടെ മർമ്മരവും
ഉരുളൻ കല്ലുകൾക്കു മുകളിലൂടെ സാന്ത്വനമായ്
ഒഴുകുന്ന ആറിൻറെ കളകളാരവവും
ആരുടെ പുല്ലാങ്കുഴൽ നാദംപോൽ ഒഴുകിയെത്തിയതാണെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
ചെത്തിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും ചെമ്പകവും
തുളസിയും കൂട്ടി മാലകെട്ടികാത്തിരുന്നപ്പോഴെല്ലാം
ആരുടെ തിരുമാറിലെ വനമാലയാവാനാണ് കാത്തിരുന്നതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
വിഷുക്കാലത്ത് പൂത്തുലയുന്ന കണിക്കൊന്നപ്പൂക്കൾ
ഇളം കാറ്റിൽ ആലോലമാടുന്നത് കാണുമ്പോൾ
ആരുടെ മുത്തുമണി അരഞ്ഞാണമാണ് ഓർമ്മവന്നിരുന്നതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
മുക്കൂറ്റിപ്പൂക്കൾ ശ്രദ്ധയോടെ ഇറുത്തെടുത്ത്, എല്ലാവർഷവും
മുറ്റത്തെ ഓണപ്പൂക്കളം ഒരുക്കിയിരുന്നപ്പോഴെല്ലാം
പീതാംബരമാണ് മനസ്സിൽ നിറഞ്ഞു നിന്നിരുന്നതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
തൈരുകടയുമ്പോൾ 'കൃഷ്ണ കൃഷ്ണ' എന്ന് ജപിക്കുന്ന
അമ്മയുടെ അരികിൽ ചേർന്നിരിക്കുമ്പോൾ
വെണ്ണമാത്രമല്ല ആർദ്രമായൊരീ ഹൃദയവുംകൂടി
ആർക്ക് നിവേദിക്കുവാനായിട്ടായിരുന്നു കണ്ണടച്ചതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
തുളസിത്തറയിൽ ദീപം കൊളുത്തുമ്പോൾ സന്ധ്യക്ക്
പിച്ചിയുടേയും മുല്ലയുടേയും ഗന്ധകരാജൻറെയും സുഗന്ധം
ആരുടെ വരവാണ് എൻറെയുള്ളിൽ പ്രകാശിപ്പിച്ചതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!
No comments:
Post a Comment