Wednesday, February 15, 2017

"കുഞ്ഞിൽ നിന്നും പലതും പഠിക്കാം" -(15.2.2017)

ശിവശ്രീ- യ്ക്ക് മൂന്നു മാസം പ്രായമേയുള്ളൂ. ആദ്യദിവസങ്ങളിൽ സ്വന്തം കൈകാലുകൾ പോലും അവനവന്റേതാണ് എന്ന് അറിയില്ലായിരുന്നു. പിന്നീട് രാവിലെ കൈകാലിട്ടടിച്ചു പായിൽ കിടന്ന് കളിക്കുവാൻ വളരെ ഉത്സാഹമായി. കുറച്ചു ദിവസങ്ങൾക്ക് ശേഷം കൈകൾ അറിയാതെ ഉയരുമ്പോൾ, മുഖത്തിന് മുൻപിൽ കാണുമ്പോൾ ഒന്ന് നാക്കു നീട്ടി നക്കി നോക്കും. ഓ! ഇതെൻറെ തന്നെ - എന്നന്നു മുതൽ മനസ്സിലായിത്തുടങ്ങിക്കാണും. ഓരോ ദിവസവും കുഞ്ഞുങ്ങളിൽ നിന്ന് നമുക്കെന്തെങ്കിലും പഠിക്കുവാൻ ഉണ്ടാകും. ഈയിടെയായി വലത്തേ കൈ ഓരോരോ മിനിറ്റിൽ വായിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. പതുക്കെ കുഞ്ഞിക്കൈ പിടിച്ചു മാറ്റി നോക്കുമ്പോൾ സ്പ്രിംഗ് പോലെ വീണ്ടും പഴയ സ്ഥാനത്തേക്ക് വരും. ഞാനും ഒരു ബുദ്ധി കണ്ടുപിടിച്ചു, കിലുക്കുന്ന കിലുക്കട്ടം കൈയിൽ വച്ചുകൊടുക്കുക, ആദ്യമൊക്കെ അതിൻറെ നിറം കണ്ടിട്ടോ എന്തോ ഒന്ന് അനക്കി നോക്കുമ്പോഴേക്കും അതിൽ രസം തോന്നിയിട്ടായിരിക്കും പഴയ കാര്യം മറന്നുപോകുമായിരുന്നു. കൈയിൽ പിടിച്ചുകഴിഞ്ഞ സാധനം എങ്ങിനെ ഒഴിവാക്കണം എന്ന് അറിയില്ലായിരുന്നു. ഇന്നിപ്പോൾ തൻറെ കൈ വായിലിടാൻ സമ്മതിക്കാതെ ശ്രദ്ധ മാറ്റുകയാണെന്നും മനസ്സിലാക്കി. കൈയിൽ പിടിച്ചത് എന്തായാലും വിരലുകൾ തുറന്നാൽ താഴെ വീണുകിട്ടുമെന്നു മനസ്സിലായി. ഞാൻ കുഞ്ഞിൻറെ കളികൾ ആസ്വദിച്ചുകൊണ്ടിരുന്നപ്പോൾ ആലോചിക്കുകയായിരുന്നു നമ്മുടെ കാര്യവും ഇത് തന്നെ. കാണുന്നതും രുചിക്കുന്നതും ഒക്കെ ആദ്യം വിടാൻ പ്രായസം. പിന്നെ ചിലപ്പോഴൊക്കെ കൈവിട്ടാലും പഴയപടി ഓരോ ശീലങ്ങളിലേക്ക് തിരിച്ചുപോകാനും എളുപ്പം തന്നെ. എത്ര ശ്രദ്ധയോടെ നിരന്തര പരിശ്രമത്തോടെ വേണം വിവേകപൂർവ്വം നമുക്ക് നമ്മുടെ മനസ്സിനെ വേണ്ടപോലെ നല്ല ശീലങ്ങളിലേക്ക്, നല്ല ചിന്തകളിലേക്ക്, ശരിയായ വഴിയിലൂടെ കടന്നുപോകുവാൻ.

Tuesday, February 14, 2017

"പ്രണയം" (ഫെബ്രുവരി 13, 2017).


വർഷത്തിൽ ഒരിക്കൽമാത്രം ഇഗ്ലീഷ് കാരെ അനുകരിച്ചാഘോഷിക്കുന്ന പ്രണയ ദിനം Valentine's Day പോലെയൊന്നുമല്ല കേട്ടോ, ഈ പ്രണയത്തിൻറെ കഥ. ജീവാത്മാവും പരമാത്മാവും ആണിവിടെ നായികയും നായകനും.
കൃഷ്ണനും രാധയും എന്നും പ്രണയത്തിലായിരുന്നു. കൃഷ്ണനെക്കാണാതെ ഒരു നിമിഷം പോലും രാധയ്ക്ക് ഇരിക്കാനാവില്ല. കാലിമേയ്ക്കാൻ കാട്ടിൽ കൂട്ടുകാരോടൊത്ത് പോകുമ്പോഴും രാധ കൂടെപ്പോകും. ഒരു കാര്യം മാത്രം രാധയ്ക്ക് സഹിക്കാനാവില്ല. ഒളിച്ചുകളിക്കുവാൻ തുടങ്ങിയാൽ ഏതെങ്കിലും മരത്തിനു മറവിൽ താൻ ഒളിച്ചുനിൽക്കുമ്പോൾ തൻറെ നീണ്ട മുടിയിഴകൾ കാറ്റത്ത് പറക്കുമ്പോഴോ, തന്റെ ചുവന്ന നിറമുള്ള പാവാട മരത്തിനപ്പുറത്തേക്കു പറന്ന് കാണുമ്പോഴോ, കണ്ണൻ ദൂരെനിന്ന് തന്നെ വന്നു കണ്ടുപിടിക്കും, പക്ഷെ കണ്ണൻ ഒളിക്കുന്നത് മരക്കൊമ്പിലോ ഉയരത്തിലോ എവിടെങ്കിലും ആവും അതിനാൽ തനിക്ക് കണ്ടുപിടിക്കുവാനും കഴിയാറില്ല. ഒരിക്കൽ തന്നെ വിട്ടുപോയ കണ്ണനെ കുറച്ചുനേരത്തേക്ക് കാണാതായപ്പോൾ എത്ര നേരം കരഞ്ഞു കരഞ്ഞിരുന്നു! ഓടക്കുഴൽ നാദം കേട്ടപ്പോഴാണ് ഇവിടെ എവിടെയോ ഉണ്ടെന്നു മനസ്സിലായത്. എന്നിട്ടും കണ്ടുപിടിക്കുവാൻ കഴിയാഞ്ഞതിനാൽ കുറെ പരിഭവിച്ചു, കണ്ണനപ്പോൾ മരത്തിന്റെ മുകളിൽ നിന്ന് ചാടിയിറങ്ങി വന്നു താടിയിൽ പിടിച്ചുയർത്തി കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു ഞാനെപ്പോഴും നിൻറെ കൂടെത്തന്നെയുണ്ട്, നീയെന്താണെന്നെ കണ്ടുപിടിക്കാഞ്ഞത്? ഞാൻ ചോദിച്ചു സത്യം പറയൂ എന്നെ വിട്ട് പോയിരുന്നില്ലേ കുറച്ചുനേരത്തേക്കെങ്കിലും, മിണ്ടണ്ട, എന്നോട് ഒരു സ്നേഹവുമില്ല കണ്ണന്. കണ്ണൻ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു "ആ, എന്നാൽ പറയൂ എവിടെയൊക്കെ എന്നെ അന്വേഷിച്ചു ?" എൻറെ വിശദീകരണം കേട്ടപ്പോൾ കണ്ണൻ പൊട്ടിച്ചിരിച്ചു. "തീർന്നോ" എന്നൊരു ചോദ്യവും. എനിക്ക് ദേഷ്യം കുറേ വന്നു, കരച്ചിലും വന്നു. നുണയും പറയും കണ്ണൻ അല്ലേ? "രാധേ, പുറത്തെല്ലായിടത്തും നീ എന്നെ നോക്കി. പക്ഷെ നിൻറെ ഉള്ളിൽ എപ്പോഴെങ്കിലും അന്വേഷിക്കുവാൻ ശ്രമിച്ചുവോ? അവിടെ ഞാൻ അന്തര്യാമിയായി ഇരിക്കുന്നില്ലേ? നീ ജീവനാണെങ്കിൽ ഞാൻ നിൻറെ ആത്മാവാണ്. നിന്നെ ഞാനൊരിക്കലും വേറെയായി കണ്ടിട്ടില്ല."

അറിയുന്നു ഞാനിന്ന് കണ്ണാ!" - (14.2.2017).


അമ്പലങ്ങളിലെ ഉത്സവപ്പറമ്പിൽ നിന്നും പലപ്പോഴായ്
അച്ഛൻ വാങ്ങിത്തന്നിട്ടുള്ള മുത്തുമാലകൾ പൊട്ടിപ്പോയപ്പോഴെല്ലാം
ചിരട്ടയിലിട്ട് സൂക്ഷിച്ചുവച്ചിട്ട്, ഇടക്കിടക്ക് അതെടുത്ത്
നീളമുള്ള ഈറയിൽ പലപ്പോഴും കോർത്തിരുന്നത്,
ആരുടെ തിരുമുടിക്കെട്ട് അലങ്കരിക്കുവാൻ ആയിരുന്നുവെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!

മാനം കാണിക്കാതെ നോട്ടുപുസ്തകത്തിൽ
ഒളിപ്പിച്ചുവച്ച മയിൽ‌പ്പീലി പ്രസവിച്ചിട്ടുണ്ടോന്ന്,
മറ്റാരും കാണാതെ പുസ്തകത്താളുകൾക്കിടയിൽ
ഒളിഞ്ഞ് ഇടയ്ക്കിടയ്ക്ക് നോക്കിയിരുന്നപ്പോഴും
ഞാൻ തേടിയിരുന്നത് ആരെയായിരുന്നുവെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!


കാലത്ത് കിളികളുടെ കിലുകിലാരവവും
കാറ്റത്ത് ഇല്ലിമരങ്ങളുടെ മർമ്മരവും
ഉരുളൻ കല്ലുകൾക്കു മുകളിലൂടെ സാന്ത്വനമായ്
ഒഴുകുന്ന ആറിൻറെ കളകളാരവവും
ആരുടെ പുല്ലാങ്കുഴൽ നാദംപോൽ ഒഴുകിയെത്തിയതാണെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!

ചെത്തിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും ചെമ്പകവും
തുളസിയും കൂട്ടി മാലകെട്ടികാത്തിരുന്നപ്പോഴെല്ലാം
ആരുടെ തിരുമാറിലെ വനമാലയാവാനാണ് കാത്തിരുന്നതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!

വിഷുക്കാലത്ത് പൂത്തുലയുന്ന കണിക്കൊന്നപ്പൂക്കൾ
ഇളം കാറ്റിൽ ആലോലമാടുന്നത് കാണുമ്പോൾ
ആരുടെ മുത്തുമണി അരഞ്ഞാണമാണ് ഓർമ്മവന്നിരുന്നതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!

മുക്കൂറ്റിപ്പൂക്കൾ ശ്രദ്ധയോടെ ഇറുത്തെടുത്ത്, എല്ലാവർഷവും
മുറ്റത്തെ ഓണപ്പൂക്കളം ഒരുക്കിയിരുന്നപ്പോഴെല്ലാം
പീതാംബരമാണ് മനസ്സിൽ നിറഞ്ഞു നിന്നിരുന്നതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!

തൈരുകടയുമ്പോൾ 'കൃഷ്ണ കൃഷ്ണ' എന്ന് ജപിക്കുന്ന
അമ്മയുടെ അരികിൽ ചേർന്നിരിക്കുമ്പോൾ
വെണ്ണമാത്രമല്ല ആർദ്രമായൊരീ ഹൃദയവുംകൂടി
ആർക്ക് നിവേദിക്കുവാനായിട്ടായിരുന്നു കണ്ണടച്ചതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!

തുളസിത്തറയിൽ ദീപം കൊളുത്തുമ്പോൾ സന്ധ്യക്ക്
പിച്ചിയുടേയും മുല്ലയുടേയും ഗന്ധകരാജൻറെയും സുഗന്ധം
ആരുടെ വരവാണ് എൻറെയുള്ളിൽ പ്രകാശിപ്പിച്ചതെന്ന്
ഇന്നിപ്പോൾ അകതാരിൽ ഞാനറിയുന്നു കണ്ണാ!